From the print
ലത്വീഫിന്റെ ശേഖരത്തില്‍ ഇന്നും ഭദ്രമായി പഴയ ബാലറ്റ് പെട്ടി
1951ലെ തിരഞ്ഞെടുപ്പിനായി ഹൈദരാബാദിലെ ആല്‍വിന്‍ കമ്പനി നിർമിച്ച ബാലറ്റ് പെട്ടികളില്‍ ഒന്നാണ് ലത്വീഫ് സൂക്ഷിച്ചിരിക്കുന്നത്.
സ്വന്തം ലേഖിക
കോഴിക്കോട് | ഇന്ത്യയിലെ പ്രഥമ പൊതുതിരഞ്ഞെടുപ്പ് നടന്ന 1951ല്‍ ഉപയോഗിച്ച ബാലറ്റ് പെട്ടി മുതല്‍ മുന്‍കാലങ്ങളിലെ മെഗാഫോണ്‍ ഉള്‍പ്പെടെയുള്ള പ്രചാരണ ഉപകരണങ്ങൾ ഉള്‍ക്കൊള്ളുന്ന അപൂര്‍വ ചരിത്രശേഖരവുമായി ഗിന്നസ് ലത്വീഫ് ശ്രദ്ധനേടുന്നു. 1951ലെ തിരഞ്ഞെടുപ്പിനായി ഹൈദരാബാദിലെ ആല്‍വിന്‍ കമ്പനി നിർമിച്ച ബാലറ്റ് പെട്ടികളില്‍ ഒന്നാണ് ലത്വീഫ് സൂക്ഷിച്ചിരിക്കുന്നത്.
പ്രചാരണത്തിന് ഉപയോഗിച്ചിരുന്ന നാളം പോലുള്ള പഴയ മെഗാഫോണുകളും സ്ഥാനാർഥികളുടെ പേരും ചിഹ്നവും കൊത്തിവെച്ച മരച്ചട്ടകളും പ്രസ്സ് അച്ചുകളും പഴയ തിരഞ്ഞെടുപ്പ് നോട്ടീസുകള്‍, സീലുകള്‍ എന്നിവയും ശേഖരത്തിലുണ്ട്. കോഴിക്കോട് ജില്ലയില്‍ 1951ല്‍ മത്സരിച്ചവരുടെ നോട്ടീസുകള്‍ പോലും ലത്വീഫ് ഇന്നും നിധിപോലെ സൂക്ഷിക്കുന്നു. വടകരയിലെ ഒരു സുഹൃത്ത് വഴിയാണ് ബാലറ്റ് പെട്ടി അദ്ദേഹത്തിന്റെ കൈയിലെത്തിയത്.
നാണയങ്ങള്‍, സ്റ്റാമ്പുകള്‍, പുരാവസ്തുക്കള്‍ എന്നിവയുടെ വലിയ ശേഖരമുള്ള ലത്വീഫ് ഏറ്റവും കൂടുതല്‍ കല്യാണക്കത്തുകള്‍ ശേഖരിച്ചതിന് ഗിന്നസ് ബുക്കില്‍ ഇടം നേടിയ വ്യക്തിയാണ്. കൂടാതെ, കറന്‍സിയിലെ സീരിയല്‍ നമ്പര്‍ ആളുകളുടെ ജന്മദിനവുമായി പൊരുത്തപ്പെടുന്ന നോട്ടുകള്‍ ശേഖരിച്ച് പ്രധാനമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ ആയിരക്കണക്കിന് പ്രമുഖര്‍ക്ക് സമ്മാനിക്കാനും ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു രൂപ മുതല്‍ 1,000 രൂപ വരെയുള്ള വിശിഷ്ട ദിന നാണയങ്ങളും കറന്‍സികളും ലത്വീഫിന്റെ ശേഖരത്തെ വൈവിധ്യമുള്ളതാക്കുന്നു.



