Kuwait
കുവൈത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശി തൊഴിലാളികളുടെ എണ്ണം ഇരട്ടിയാക്കും
സ്വകാര്യ മേഖലയിലെ കമ്പനികളില്‍ തങ്ങള്‍ക്ക് ആവശ്യമായ തൊഴിലാളികളില്‍ 25 ശതമാനം സ്വദേശികളില്‍ നിന്ന് നിയമിക്കണം എന്നാണ് നിലവിലെ നിയമം. ഇതാണ് ഇപ്പോള്‍ 50 ശതമാനം ആയി വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്.

കുവൈത്ത് സിറ്റി | രാജ്യത്തെ സ്വകാര്യ കമ്പനികളില്‍ നിര്‍ബന്ധമായും നിയമിക്കേണ്ട തദ്ദേശീയ തൊഴിലാളികളുടെ തോത് ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ നീക്കം. കുവൈത്തില്‍ പുതുതായി പഠനം കഴിഞ്ഞിറങ്ങുന്ന കഴിവുറ്റ ഉദ്യോഗാര്‍ഥികളെ മുഴുവന്‍ സര്‍ക്കാര്‍ മേഖലയില്‍ നിയമിക്കുന്നത് നടപ്പിലാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സ്വകാര്യ മേഖലയില്‍ സ്വദേശി ഉദ്യോഗാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.
സ്വകാര്യ മേഖലയിലെ കമ്പനികളില്‍ തങ്ങള്‍ക്ക് ആവശ്യമായ തൊഴിലാളികളില്‍ 25 ശതമാനം സ്വദേശികളില്‍ നിന്ന് നിയമിക്കണം എന്നാണ് നിലവിലെ നിയമം. ഇതാണ് ഇപ്പോള്‍ 50 ശതമാനം ആയി വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍, പെട്രോളിയം മേഖലയില്‍ 30 ശതമാനം കുവൈത്തികളെ നിയമിക്കണമെന്നാണ് നിയമം. ഇത് 60 ശതമാനമാക്കി ഉയര്‍ത്തും. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികപത്രമാണ് ഈ വിവരം റിപോര്‍ട്ട് ചെയ്തത്.
പുതിയ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് പെട്രോളിയം മേഖലയിലെയും സ്വകാര്യ മേഖലയിലെയും യൂണിയനുകളുമായി മാനവശേഷി അതോറിറ്റി ഉപ മേധാവി നജാത്ത് അല്‍ യൂസുഫ് ചര്‍ച്ച നടത്തി. നിശ്ചിത എണ്ണം തദ്ദേശീയരെ ജോലിക്ക് നിയമിക്കാത്ത സ്വകാര്യ കമ്പനികളുടെ ഫയല്‍ ക്ലോസ് ചെയ്യുകയും നിയമം പാലിക്കാത്തതിന്റെ പേരിലുള്ള പിഴ മൂന്നിരട്ടിയായി വര്‍ധിപ്പിക്കുകയും ചെയ്യും.
അതേസമയം, ഈ നിയമം പ്രാബല്യത്തിലായാല്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികള്‍ക്ക് സ്വകാര്യ കമ്പനികളില്‍ ലഭിക്കേണ്ട തൊഴിലവസരങ്ങള്‍ വീണ്ടും കുറയും.