Connect with us

book review

മുറിവെഴുത്തിന്റെ നോവുഭാഷ

ലോക പോലീസെന്ന് ചമയുന്ന അമേരിക്കൻ അധിനിവേശത്തിന്റെ ഭവിഷ്യത്തുകളേയും ഒളിയജൻഡകളേയും കുറിച്ച് വിമർശനാത്മക വിലയിരുത്തൽ നൽകുന്നുണ്ട് നോവൽ. പലായനം, വിശപ്പ്, യുദ്ധവെറി, തീവ്രവാദം, മതമൗലികവാദം തുടങ്ങിയ സംജ്ഞകൾ എങ്ങനെ നിസ്സംഗരായ ജനതയിൽ നിത്യക്കാഴ്ചയാകുന്നുവെന്ന് വരികൾക്കിടയിൽ മുഴച്ചുനിൽക്കുന്നു.

Published

|

Last Updated

ഇറാഖിൽ,
ആയിരത്തൊന്നു രാവുകൾക്ക് ശേഷം
ആരെങ്കിലും അപരനോട് സംസാരിക്കും
വലിയ പാദങ്ങളെ ടൈഗ്രീസ് ഓരത്ത്
ചെറിയ കുഞ്ഞിളം കാലുകൾ ഇക്കിളിയാക്കും

കാക്കകൾ ആകാശംമുട്ടെ ചിറകുവിടർത്തും ഇനി ആരുമവരെ വെടിയുതിർക്കില്ല
സ്ത്രീകൾ തെരുവിൽ പിറകോട്ട്
നോക്കാതെ ഉലാത്തും
ജീവന് ഭീഷണിയില്ലാതെ അച്ഛനിട്ട
പേരുകൾ ആണുങ്ങൾ വെളിപ്പെടുത്തും

സ്കൂളിൽ നിന്ന് തിരിച്ചുവരുന്ന കുട്ടികളുണ്ടാകും
കോഴികൾ പുല്ലിൽ ഇനിയൊരിക്കലും മനുഷ്യമാംസം കൊത്തിപ്പെറുക്കില്ല
സ്ഫോടകം തിന്നാത്ത
തർക്കങ്ങൾ നടക്കും

സൂര്യനു താഴെ നൈരന്തര്യമായി
എന്നും എന്തെങ്കിലും
സംഭവിച്ചുകൊണ്ടിരിക്കും !!
(ഇറാഖീ-അമേരിക്കൻ കവി
ദുനിയമിക്കായിലിന്റെ വരികൾ )

ലോകത്ത് അധിനിവേശം, വംശീയത, വർഗീയത, മതസ്പർധ തുടങ്ങിയ പാശ്ചാത്യ കുടില ചിന്താഗതികളെ ആസ്പദമാക്കി നിരവധി ക്ലാസിക് സാഹിത്യങ്ങൾ വിരചിതമായിട്ടുണ്ട്. ഭൂമിയിൽ നിലനിൽപ്പില്ലാതായപ്പോഴെല്ലാം ധിഷണയുള്ള സ്വത്വ സംരക്ഷകനായി സാഹിത്യം നിലകൊണ്ടു. സമൂഹത്തിന്റെ സ്ഥൂലവും സൂക്ഷ്മവുമായ സ്പന്ദനങ്ങൾക്ക് മൂർച്ചയുള്ള അക്ഷരങ്ങൾ ആജീവനാന്തം ജീവവായു നൽകിക്കൊണ്ടിരുന്നു. സംസാര ഭാഷക്കപ്പുറം ഇരയുടെ വാചാലമൗനത്തിന്റെ ജൈവിക ഭാഷയായി അക്ഷരങ്ങൾ രൂപപ്പെട്ടു. വേദനിക്കുന്നവരോടൊപ്പം നിൽക്കേണ്ടത് സ്വാഭാവിക ധർമമായി എഴുത്തുകാരൻ കാണുന്നിടത്തേക്ക് സാഹിത്യലോകമിന്ന് പുരോഗമിച്ചു.

സദ്ദാമിന് ശേഷമുള്ള മതതീവ്രവാദവും മധ്യപൗരസ്ത്യ ദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അമേരിക്കൻ കടന്നുകയറ്റവും വിഷയീഭവിക്കുന്ന നോവലാണ് പ്രശസ്ത അൾജീരിയൻ എഴുത്തുകാരൻ മുഹമ്മദ് മൗലസ് ഹോളിന്റെ (യാസ്മിന കാന്ദ്ര- അപരനാമം) “ബാഗ്ദാദിന്റെ വിലാപങ്ങൾ ” (The Sirens of Baghdad). നിരന്തരം സംഘർഷങ്ങൾ നേരിടേണ്ടി വരുന്ന ഒരു ഇറാഖീ യുവാവിന്റെ വിചാരപ്പെടലുകളിലൂടെയാണ് നോവലിന്റെ സഞ്ചാരം. ശക്തമായ കഥാപാത്രം ആഴത്തിലൂന്നിയ വിവരണം നൽകുന്നു. ഗ്രനേഡുകളും പെല്ലറ്റുകളും സ്ഫോടക വിഷങ്ങളും ശ്വസിച്ച് വളർന്ന് അപഹരിക്കപ്പെട്ട മണ്ണിൽ അകാരണമായി കൊല്ലപ്പെടുന്ന ജനതയെ കുറിച്ചുള്ള നോവെഴുത്താണിത്.

ലോക പോലീസെന്ന് ചമയുന്ന അമേരിക്കൻ അധിനിവേശത്തിന്റെ ഭവിഷ്യത്തുകളേയും ഒളിയജൻഡകളേയും കുറിച്ച് വിമർശനാത്മക വിലയിരുത്തൽ നൽകുന്നുണ്ട് നോവൽ. പലായനം, വിശപ്പ്, യുദ്ധവെറി, തീവ്രവാദം, മതമൗലികവാദം തുടങ്ങിയ സംജ്ഞകൾ എങ്ങനെ നിസ്സംഗരായ ജനതയിൽ നിത്യക്കാഴ്ചയാകുന്നുവെന്ന് വരികൾക്കിടയിൽ മുഴച്ചുനിൽക്കുന്നു. അരികുവത്കരിക്കപ്പെട്ടവരെ ചേർത്തുനിർത്തേണ്ടതിന്റെ ആവശ്യകത ആദ്യാന്തം നിഴലിക്കുന്നു. യുദ്ധത്തിന് മുമ്പും ശേഷവുമുള്ള അവരുടെ സ്വത്വരാഷ്ട്രീയം മുഖ്യധാരയിൽ ഒട്ടും ചർച്ചയാവുന്നില്ല. ഇന്നലെ ജീവിച്ച് ഇന്ന് മരിച്ചുകൊണ്ടിരിക്കുന്ന നാളെയുടെ ഓർമയായി പിന്നീട് അവർ വായിക്കപ്പെടുന്നു.
യുദ്ധഭീകരത മറ്റേത് നഗരത്തേയും ജീവച്ഛവമാക്കുന്നത് പോലെ ഇറാഖിനെയും നിർജീവമാക്കിക്കളഞ്ഞു. ആത്മാവ് നഷ്ടപ്പെട്ട മനുഷ്യ ശരീരങ്ങൾ മരണസമാനമായ ജീവിതത്തെ തള്ളിനീക്കാൻ തന്നെ പാടുപെട്ടു. യുദ്ധം ചവച്ചുതുപ്പുന്ന ഗ്രാമീണ ജീവിതങ്ങളേയും അവിടെ മാരകായുധങ്ങളുടെ പരിശീലനകേന്ദ്രമാക്കുന്ന വൈദേശികാധിപത്യത്തേയും കാലികപ്രസക്തിയോടെ നോവൽ കുറിച്ചിടുന്നു.

അഞ്ച് നൂറ്റാണ്ടിലേറെ മുസ്്ലിം സംസ്കൃതിയുടെ ഈറ്റില്ലമായ, ആയിരത്തൊന്ന് രാവുകളുടെ കഥപറഞ്ഞ സാംസ്കാരിക- വൈജ്ഞാനിക നഗരമാണ് ബഗ്ദാദ്. “ഇത്ര ഗംഭീരമായ നഗരം താൻ വേറെ കണ്ടിട്ടില്ലെന്ന് പ്രശസ്ത അറബി വ്യാകരണ പണ്ഡിതനും സഞ്ചാരിയുമായ ജാഹിള് അത്ഭുതം കൂറിയ അതേ നഗരം. വൈജ്ഞാനിക വിപ്ലവത്തിനും ധൈഷണിക മുന്നേറ്റത്തിനും കേളികേട്ട നവോത്ഥാനത്തിന്റെ നാട്. ബഗ്ദാദിനെയും പരിസര നാടുകളെയും മുതലാളിത്വവും പാശ്ചാത്യൻ തീട്ടൂരങ്ങളും നിർദാക്ഷിണ്യം സ്വാർഥതാത്പര്യങ്ങൾക്ക് വേണ്ടി ബലിയാടാക്കുകയായിരുന്നു.
മാനവ സംസ്കാരത്തിന്റെ പുരാതന മാതൃകയായ മെസപ്പൊട്ടേമിയൻ തീരങ്ങളെ തഴുകുന്ന യൂഫ്രട്ടീസ് – ടൈഗ്രിസ് നദികളിലൂടെ പാശ്ചാത്യർ ബഗ്ദാദ് വിജ്ഞാന ശേഖരം ഒഴുക്കിയത് പോലെ കലാപങ്ങൾ രക്തവും മാംസവും ഒഴുക്കി. സമാധാനവും സന്തോഷവും സമാധാന ഉടമ്പടികളിലെ നിർജീവ വാക്കുകളായി തന്നെ കിടന്നു.
എണ്ണയുദ്ധമെന്ന് (oil war ) മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന എണ്ണ മോഷണവും കണ്ണഞ്ചിപ്പിക്കുന്ന ചരിത്രശേഷിപ്പുകളും അമേരിക്കയെയും സാമ്രാജ്യത്വ ശക്തികളേയും മധ്യപൗരസ്ത്യദേശത്തെ നിരന്തരം കലാപഭൂമിയാക്കാൻ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. തുടർച്ചയായ ആഭ്യന്തര പ്രതിസന്ധികൾ എരിതീയിൽ എണ്ണയൊഴിക്കുന്നതായിരുന്നു. പുതു തലമുറയുടെ എതിർ സ്വരങ്ങൾക്ക് പെല്ലറ്റുകളും ഗ്രനേഡുകളും അവർ തിരിച്ചുകൊടുത്തു. സ്വയമൊരു ചാവേറായി പൊട്ടിത്തെറിക്കലാണ് ഏറ്റവും വലിയ പ്രതിരോധ മാർഗമെന്ന വ്യാപക തെറ്റിദ്ധാരണയെ വേരോടെ പിഴുതെറിയാൻ ആഹ്വാനം ചെയ്യുകയാണ് നോവൽ.

ദാരിദ്ര്യത്തിന്റെ കയ്പുനീർ കുടിച്ച് ഉന്നത സർവകലാശാലയിൽ ഉപരി പഠനം നടത്തി ശോഭന ഭാവിയെ കെട്ടിപ്പടുക്കുന്ന കേന്ദ്ര കഥാപാത്രത്തെ യുദ്ധങ്ങളും പ്രക്ഷുബ്ധ ചുറ്റുപാടുകളും തീവ്രവാദിയായി പരിവർത്തിപ്പിക്കുന്നു. നോവലിലുടനീളം പ്രധാന കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. സ്വത്വമില്ലാത്തവർക്ക് സ്വത്വമില്ലായ്മയെ സ്വത്വമാക്കുകയാണ് എഴുത്തുകാരൻ. കഫ്ര് കറാമെന്ന കുഞ്ഞുഗ്രാമത്തിലെ കൊച്ചു കൊച്ചു വർത്തമാനങ്ങൾ പച്ചയായ ജീവിത പ്രതിബന്ധങ്ങളെ വിളിച്ചോതുന്നു.

സിരകളിൽ അലിഞ്ഞുചേർന്ന അമേരിക്കൻ വൈര്യത്തെ ആളിക്കത്തിക്കുന്ന പ്രായമായവരുടെ ചായചർച്ചകളും സ്വദേശം കത്തിയമരുന്നതിൽ അമർഷം പൂണ്ട നിസ്സംഗത വേലി കെട്ടിയ യുവത്വവും കഫ്ര് കറാമിലെ രണ്ട് വിഭിന്ന തലമുറകളെ പ്രതിനിധാനം ചെയ്യുന്നു. സ്വാതന്ത്ര്യദാഹവും അടങ്ങാത്ത ധാർമികമൂല്യങ്ങളും പീഡിതരായ ഇറാഖികളെ നിരന്തരം സ്വപ്നങ്ങൾ നെയ്യാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

കഫ്ര് കറാം, ബഗ്ദാദ്, ബെയ്റൂത്ത് എന്നീ മൂന്ന് ഭാഗങ്ങളാക്കിയാണ് കൃതി മുന്നോട്ടുപോകുന്നത്. ഓരോ അധ്യായങ്ങളിലും മധ്യപൗരസ്ത്യദേശത്തെയും പ്രദേശം ഇത്രയേറെ കലുഷിതമാകുന്നതെന്തുകൊണ്ടെന്നും നിഷ്പക്ഷമായി എഴുത്തുകാരൻ ആവിഷ്കരിക്കുന്നു.

തീവ്രവാദം എന്നത് മധ്യപൗരസ്ത്യ ദേശത്തിന്റെ മാത്രം പ്രശ്നമല്ല പ്രത്യുത ഓരോ വ്യക്തിയിലും സംഭവിക്കാൻ സാധ്യതയുള്ള സംഘർഷഭരിതമായ അവസ്ഥയാണ്. ചുറ്റുപാടുകൾക്കനുസൃതമായി തീവ്ര ചിന്താഗതികൾ രൂപപ്പെടുന്നതാണ് ഏറ്റവും വലിയ പ്രതിസന്ധിയെന്ന് പരോക്ഷമായി വായനക്കാരന് വരികൾക്കിടയിലൂടെ ലഭിക്കുന്നുണ്ട്. കാരണം വ്യക്തികൾക്കുള്ളിലെ ഭീകരവാദം പല രൂപത്തിലും മനുഷ്യമനസ്സിനെ നിരുത്സാഹപ്പെടുത്തുകയും ക്രിയാത്മകമായ ഇടപെടലുകളുടെ അഭാവവും സൃഷ്ടിക്കുന്നു. അന്ധമായ തീവ്രവാദങ്ങൾ നമ്മെ എവിടെയും എത്തിക്കില്ലെന്ന് നോവലിസ്റ്റ് തെളിച്ചുപറയുന്നുവെന്ന് മുഖക്കുറിപ്പിൽ കൃഷ്ണദാസ് എടുത്തു പറയുന്നുണ്ട്. യുദ്ധം, ഇരവാദം, അഭിനിവേശമായി മാറിയ അധിനിവേശം, മതമൗലികത, മാധ്യമധർമങ്ങൾ, തുടങ്ങിയ പദാവലികളെ നിശിത വിമർശനത്തിന് വിധേയമാക്കുന്നുണ്ട് നോവൽ.

ഗ്രീൻ ബുക്ക്സാണ് പ്രസാധകർ. മുപ്പത്തിമൂന്നോളം ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ കൃതി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് പ്രമുഖ ശാസ്ത്രജ്ഞയും വിവർത്തകയുമായ പ്രഭാ ആർ ചാറ്റർജിയാണ്. ഇറാഖി സമൂഹത്തിന്റെ സ്പന്ദനമുൾക്കൊണ്ട കൃതിയെ അതിന്റെ തനതായ ആശയം തനിമ ഒട്ടും ചോരാതെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിൽ ഏറെക്കുറേ ഗ്രന്ഥകാരൻ വിജയിച്ചിട്ടുണ്ട്. മൂലകൃതിയുടെ ആശയ വൈവിധ്യങ്ങളെയും തനിമയെയും ഇല്ലാതാക്കിക്കളയുന്ന പുതിയ കാല വിവർത്തനങ്ങൾക്ക് ഈ കൃതി ഒരപവാദമാണ്. അതിനാൽ തന്നെ ഇതരമലയാള വിവർത്തന കൃതികളിൽ നിന്ന് വേറിട്ടുനിൽക്കുന്നു. എന്തുകൊണ്ടും വായനക്കാരന് വ്യത്യസ്തമായ വായനാനുഭൂതി പകരുന്ന കൃതിയാണിത്.

ഭാഷാപരമായ ചില പരിമിതികൾ ഒഴിച്ചു നിർത്തിയാൽ അൾജീരിയൻ സാഹിത്യത്തിന്റെ ഊടും പാവും കുറയാതെ എഴുതപ്പെട്ട ചുരുക്കം സാഹിത്യ വിവർത്തനങ്ങളിൽ പ്രഥമസ്ഥാനം ഈ കൃതിക്കുണ്ട്. കലുഷിതമായ മധ്യപൗരസ്ത്യ ദേശത്തിന്റെ നീറുന്ന യാഥാർഥ്യങ്ങളെ തുറന്നു കാട്ടി ലോകസമാധാനത്തിന് വായനക്കാരനിൽ ഗുണാത്മകമായ പരിഹാരമാർഗങ്ങളെ തേടുകയാണ് എഴുത്തുകാരൻ.