Connect with us

editorial

ദേശീയപാതാ അതോറിറ്റിയുടെ വൈകിയുദിച്ച വിവേകം

കൃത്യമായ പഠനത്തിന്റെയും പരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കണം പദ്ധതികള്‍ നടപ്പാക്കേണ്ടതെന്ന പ്രാഥമിക തത്ത്വം ബന്ധപ്പെട്ടര്‍ പലപ്പോഴും വിസ്മരിക്കുന്നു. കനത്ത സാമ്പത്തിക നഷ്ടവും സമയ നഷ്ടവുമാണ് ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥക്കും ഉദാസീനതക്കും രാജ്യം സഹിക്കേണ്ടി വരുന്നത്.

Published

|

Last Updated

ദേശീയപാത- 66 പരക്കെ തകര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാത നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന 378 സ്ഥലങ്ങളിലും മണ്ണ് പരിശോധന നടത്താനുള്ള തീരുമാനത്തിലാണ് ദേശീയപാതാ അതോറിറ്റി (എന്‍ എച്ച് എ ഐ). നിര്‍മാണം പൂര്‍ത്തിയായതും നടന്നു വരുന്നതും ആരംഭിക്കാനിരിക്കുന്നതുമായ സ്ഥലങ്ങളിലെല്ലാം മണ്ണ് പരിശോധന നടത്താന്‍ 18 ജിയോ ടെക്നിക്കല്‍ ഏജന്‍സികളെ നിയമിക്കുകയും ചെയ്തു. ഇതോടെ പാത നിര്‍മാണം നീളുകയും അടുത്ത മാര്‍ച്ചോടെ പൂര്‍ത്തിയാക്കാനുള്ള നീക്കത്തിന് തിരിച്ചടിയാകുകയും ചെയ്യും.

മലപ്പുറം കൂരിയാട്, കണ്ണൂര്‍, കാസര്‍കോട് ചെര്‍ക്കള, തൃശൂര്‍ മണത്തല, കൊല്ലം കൊട്ടിയം തുടങ്ങിയ സ്ഥലങ്ങളിലാണ് നിര്‍മാണത്തിനിടെ ദേശീയപാതാ-66 തകര്‍ന്നത്. കൂരിയാട് ഈ വര്‍ഷം മേയ് 19നാണ് പാതയുടെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് സര്‍വീസ് റോഡിലൂടെ പോകുകയായിരുന്ന വിവാഹ പാര്‍ട്ടിയുടെ രണ്ട് കാറുകള്‍ അപകടത്തില്‍പ്പെട്ട് എട്ട് പേര്‍ക്ക് പരുക്കേറ്റത്. കാസര്‍കോട് ചെര്‍ക്കളയില്‍ ജൂണിലും കണ്ണൂരില്‍ പൂഴാതി കോട്ടക്കുന്നില്‍ ഒരു മാസം മുമ്പും പാത തകര്‍ന്നു. ഒരാഴ്ച മുമ്പ് കൊല്ലം കൊട്ടിയത്തിനു സമീപം മയിലക്കാട്ട് നിര്‍മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് സംരക്ഷണ ഭിത്തികള്‍ തകര്‍ന്ന് പാത ഇടിഞ്ഞത്.

ആറ് സംസ്ഥാനങ്ങളിലേക്ക് നീളുന്നതും കേരളത്തിന്റെ വടക്കും തെക്കും പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതുമായ അതിപ്രധാന ഗതാഗത പദ്ധതിയാണ് ദേശീയപാതാ 66 വികസനം. വലിയ പ്രതീക്ഷയോടെ നടന്നുവരുന്ന, ആറുവരിപ്പാതയായി വികസിപ്പിക്കുന്ന ഈ പദ്ധതിയെ ഇപ്പോള്‍ ഭീതിയോടെയാണ് കേരള സമൂഹം നോക്കിക്കാണുന്നത്. കാലവര്‍ഷത്തിന്റെ വരവോടെയാണ് റോഡ് തകര്‍ച്ച തുടങ്ങിയത്. മലപ്പുറത്ത് കൂരിയാട്ട് വയലിലൂടെ കടന്നു പോകുന്ന പാതക്ക് ഇരുവശവും കെട്ടിനില്‍ക്കുന്ന വെള്ളം പാതക്ക് സൃഷ്ടിച്ചേക്കാവുന്ന സുരക്ഷാ ഭീഷണി കണക്കിലെടുക്കാതെയുള്ള നിര്‍മാണമാണ് തകര്‍ച്ചക്ക് കാരണമായി പറയപ്പെട്ടിരുന്നത്. അത്തരം ഭീഷണികള്‍ ഇല്ലാത്തിടങ്ങളിലും റോഡ് തകര്‍ന്നതോടെ നിര്‍മാണത്തില്‍ മറ്റു പല അപാകതകളുമുണ്ടെന്ന നിഗമനത്തിലാണ് എന്‍ എച്ച് എ ഐ.

അശാസ്ത്രീയമായ രൂപകല്‍പ്പന, ഡ്രൈനേജ് സംവിധാനത്തിലെയും സംരക്ഷണ ഭിത്തി നിര്‍മാണത്തിലെയും അപാകത, ഉപകരാറുകള്‍ തുടങ്ങിയവയാണ് തകര്‍ച്ചക്ക് കാരണമെന്നാണ് എന്‍ എച്ച് എ ഐയുടെ വിലയിരുത്തല്‍. ഇതടിസ്ഥാനത്തില്‍ കാസര്‍കോട് ഭാഗത്ത് പാത നിര്‍മാണം ഏറ്റെടുത്ത മേഘ കമ്പനിയെ (മേഘ എന്‍ജിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്) ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ഒമ്പത് കോടി രൂപ പിഴയടക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഈ നടപടി കൊണ്ട് മാത്രമായോ? നേരത്തേ നിര്‍മാണ ചുമതല ഏറ്റെടുത്ത ചില പദ്ധതികളുടെ പ്രവര്‍ത്തനത്തില്‍ അഴിമതി ആരോപണത്തിന് വിധേയമായ കമ്പനിയാണ് മേഘ. അത്തരമൊരു സ്ഥാപനത്തിന് ദേശീയപാത-66ന്റെ കരാര്‍ ലഭിക്കാന്‍ ഇടയായതെങ്ങനെയെന്ന അന്വേഷണം ആവശ്യമാണ്. തെലങ്കാന ഗോദാവരി നദിയിലെ കാലേശ്വരം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലാണ് മേഘക്കെതിരെ അഴിമതിയാരോപണം ഉയര്‍ന്നത്. 2019 ഒക്ടോബറില്‍ ആദായ നികുതി വകുപ്പ് കമ്പനിയുടെ ഓഫീസുകളില്‍ റെയ്ഡും പിന്നാലെ ഇ ഡി അന്വേഷണവും നടത്തിയിരുന്നു. ഇലക്ട്രല്‍ ബോണ്ട് പദ്ധതിയില്‍ കേന്ദ്രത്തിന് ഏറ്റവും കൂടുതല്‍ പണം നല്‍കിയ കമ്പനികളില്‍ രണ്ടാം സ്ഥാനത്തുള്ള സ്ഥാപനമാണ് മേഘ. 966 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ടുകളാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി വാങ്ങിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ കമ്പനിക്ക് ദേശീയപാതാ നിര്‍മാണ കരാര്‍ ലഭിച്ചതിനു പിന്നില്‍ രാഷ്ട്രീയ രംഗത്തെ ഉന്നതരുടെ ഇടപെടല്‍ സന്ദേഹിക്കപ്പെടുന്നുണ്ട്.

റോഡുകളുടെ പാളികള്‍, കനം, ഭാരം താങ്ങാനുള്ള മണ്ണിന്റെ ശേഷി (ബിയറിംഗ് കപാസിറ്റി) എന്നിവയെ ആശ്രയിച്ചാണ് റോഡുകളുടെ ഗുണനിലവാരം. ഇന്ത്യയിലെ റോഡ് നിര്‍മാണത്തില്‍ ഈ ഘടകങ്ങള്‍ പലതും പാലിക്കപ്പെടുന്നില്ലെന്നും ഇതാണ് തകര്‍ച്ചക്കു കാരണമെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മണ്ണിന്റെ തരം, ഈര്‍പ്പത്തിന്റെ അളവ്, ഒതുക്കം, മറ്റു പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കും ഭാരം വഹിക്കാനുള്ള അതിന്റെ ശേഷി. ഏതൊരു നിര്‍മാണ പദ്ധതിയുടെയും രൂപകല്‍പ്പനാ ഘട്ടത്തിലെ നിര്‍ണായക ഘടകമാണ് നിര്‍മാണ പ്രദേശത്തെ മണ്ണിന്റെ ശേഷി കണ്ടെത്തല്‍.

പദ്ധതി ആരംഭിക്കുന്നതിനു മുമ്പേ അതിനെ താങ്ങാനുള്ള ഭൂമിയുടെ ശേഷിയും മര്‍ദവും കണക്കാക്കി, അതിനനുസൃതമായിരിക്കണം രൂപകല്‍പ്പന നടത്തേണ്ടത്. റോഡിന് ബിയറിംഗ് കപാസിറ്റി കുറവാണെങ്കില്‍ ആദ്യം അത് ബലപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ചതുപ്പ് നിലങ്ങളിലടക്കം പല ഭാഗത്തും വളരെ ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തിയാണ് ദേശീയപാത പണിതു വരുന്നത്. ചതുപ്പ് നിലങ്ങളില്‍ ഇരുവശവും അടച്ചുകെട്ടി മണ്ണിട്ടുയര്‍ത്തി റോഡ് നിര്‍മിക്കുന്നത് അശാസ്ത്രീയമാണെന്നും എലിവേറ്റഡ് പാതയാണ് ഇത്തരം പ്രദേശങ്ങളില്‍ നിര്‍മിക്കേണ്ടതെന്നും ദേശീയപാതാ അതോറിറ്റി നിയോഗിച്ച, സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ ചീഫ് സയന്റിസ്റ്റ് ഡോ. കിഷോര്‍കുമാറിന്റെ നേതതൃത്വത്തിലുള്ള വിദഗ്ധ സമിതി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കൂരിയാട്ടും കൊല്ലം കൊട്ടിയത്തും ഈ മാര്‍ഗമായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത്. പാതയുടെ രൂപരേഖ തയ്യാറാക്കിയ കമ്പനിയോ ദേശീയപാതാ അതോറിറ്റിയോ ഇക്കാര്യം പരിഗണിച്ചില്ല. വ്യാപകമായി മണ്ണ് പരിശോധന നടത്തിയ ശേഷം മതി തുടര്‍നിര്‍മാണമെന്ന് ദേശീയപാതാ അതോറിറ്റിക്ക് തീരുമാനിക്കേണ്ടി വന്ന പശ്ചാത്തലമിതാണ്. ജിയോ ടെക്നിക്കല്‍ ഏജന്‍സികളുടെ ഫീല്‍ഡ്, ലാബ് പരിശോധനകള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ സ്ഥലത്ത് പാത പൊളിച്ചു പുനര്‍നിര്‍മാണം നടത്തേണ്ടി വരുമെന്നാണ് നിഗമനം. കൃത്യമായ പഠനത്തിന്റെയും പരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കണം പദ്ധതികള്‍ നടപ്പാക്കേണ്ടതെന്ന പ്രാഥമിക തത്ത്വം ബന്ധപ്പെട്ടര്‍ പലപ്പോഴും വിസ്മരിക്കുന്നു. കനത്ത സാമ്പത്തിക നഷ്ടവും സമയ നഷ്ടവുമാണ് ഉത്തരവാദപ്പെട്ടവരുടെ അനാസ്ഥക്കും ഉദാസീനതക്കും രാജ്യം സഹിക്കേണ്ടി വരുന്നത്.

Latest