Connect with us

National

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ജിദ്ദ വിമാനത്തവാളത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ പത്ത് പ്രത്യേക വിമാന സര്‍വീസ്

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ചാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Published

|

Last Updated

ജിദ്ദ | പശ്ചിമേഷ്യയിലെ സംഘര്‍ഷം നാലാം ദിവസത്തിലേക്ക് കടന്നതോടെ സഊദി അറേബ്യയില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചെത്തിക്കുന്നതിനായി ഇന്ന്‌ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജിദ്ദയില്‍ നിന്ന് ഇന്ത്യയിലേക്ക് പത്ത് പ്രത്യേക ദുരിതാശ്വാസ വിമാനങ്ങള്‍ സര്‍വീസ് നടത്തും. സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ചാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആവശ്യമായ അനുമതികള്‍ക്കും നിലവിലുള്ള വ്യോമാതിര്‍ത്തി സാഹചര്യങ്ങള്‍ക്കും വിധേയമായാണ് സര്‍വീസുകള്‍ നടത്തുകയെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. സിവില്‍ ഏവിയേഷന്‍ സെക്രട്ടറി സമീര്‍ കുമാര്‍ സിന്‍ഹയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നതതല യോഗത്തില്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി രാംമോഹന്‍ നായിഡു സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.

യാത്രക്കാരെ സഹായിക്കുന്നതിനായി ഇന്‍ഡിഗോ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി അടുത്ത ബന്ധം പുലര്‍ത്തിവരുന്നുണ്ട്. പശ്ചിമേഷ്യയുടെ ചില ഭാഗങ്ങളിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അന്താരാഷ്ട്ര വിമാന പ്രവര്‍ത്തനങ്ങളില്‍ അവയുടെ സ്വാധീനം വിലയിരുത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു

ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനയാത്ര തടസ്സപ്പെട്ട സാഹചര്യത്തില്‍ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി വിവിധ ഇന്ത്യന്‍ വിമാനക്കമ്പനി പ്രതിനിധികളുമായി അടിയന്തര വെര്‍ച്വല്‍ യോഗം ചേര്‍ന്നിരുന്നു. യാത്രക്കാര്‍ക്ക് കൂടുതല്‍ സഹായത്തിനായി വിമാനക്കമ്പനികളുമായോ ഇന്ത്യന്‍ കോണ്‍സുലേറ്റുമായോ ബന്ധപ്പെടാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

 

Latest