Connect with us

Education Notification

പുതിയ ഭാവത്തിൽ ആർക്കിടെക്ചർ പഠനം

മനുഷ്യ മനസ്സിന്റെ ക്രിയാത്മകവും കലാപരവുമായ സൃഷ്ടിരൂപമാണ് ആർക്കിടെക്ചർ. ഇതിൽ സർഗാത്മകതയും കരകൗശലവും സന്നിവേശിക്കുമ്പോൾ ആർക്കിടെക്ചർ പഠനം ഈ കാലയളവിലെ ജനപ്രിയ കോഴ്സായി മാറുന്നു.

Published

|

Last Updated

ലയും ശാസ്ത്രവും ചേർന്ന് നിൽക്കുന്ന സാങ്കേതിക പഠന ശാഖയാണ് ആർക്കിടെക്ചർ. കെട്ടിടങ്ങളുടെ രൂപകൽപ്പന, വാസ്തുവിദ്യ, ശിൽപ്പകല, തച്ചുശാസ്ത്രം, രൂപഭംഗി, ആസൂത്രണം, നിർമാണം, സൗന്ദര്യവത്കരണം എന്നീ ഘടകങ്ങൾ ഈ വിഷയത്തിൽ ഒത്തുചേരുന്നു. സ്ഥിരത, ഉപയോഗ യോഗ്യത, സൗന്ദര്യാത്മകത തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകതകൾ. മനുഷ്യ മനസ്സിന്റെ ക്രിയാത്മകവും കലാപരവുമായ സൃഷ്ടിരൂപമാണ് ആർക്കിടെക്ചർ. ഇതിൽ സർഗാത്മകതയും കരകൗശലവും സന്നിവേശിക്കുമ്പോൾ ആർക്കിടെക്ചർ പഠനം ഈ കാലയളവിലെ ജനപ്രിയ കോഴ്സായി മാറുന്നു.

സിലബസ് ഒറ്റ നോട്ടത്തിൽ

വാസ്തുവിദ്യ ഗ്രാഫിക്‌സ്, ഡിസൈൻ ചിന്ത, ചരിത്രം, അടിസ്ഥാന സൗകര്യ വികസനം, സുസ്ഥിര ഡിസൈൻ, ദൃശ്യകലകൾ, സോഷ്യൽ മാപ്പിംഗ്, നഗരവത്കരണം, ഹരിത കെട്ടിടങ്ങൾ, സോഫ്റ്റ്‌വെയർ വികസനം തുടങ്ങിയവയാണ് സിലബസ്സ്.

ഉപശാഖകൾ

ആർക്കിടെക്ചർ പഠനശാഖയുടെ കീഴിൽ നിരവധി ഉപശാഖകളുമുണ്ട്. കെട്ടിട രൂപകൽപ്പന (ജനറൽ ആർക്കിടെക്ചർ), ആന്തരിക ഇടങ്ങളുടെ രൂപകൽപ്പന (ഇന്റീരിയർ ആർക്കിടെക്ചർ), ഭൂനിലത്തിന്റെയും പൂന്തോട്ടങ്ങളുടെയും രൂപകൽപ്പന (ലാൻഡ്‌സ്‌കേപ് ആർക്കിടെക്ചർ), നഗര രൂപകൽപ്പന (അർബൻ ഡിസൈൻ) എന്നിവയാണവ. കൂടാതെ ബിസിനസ്സ് ആർക്കിടെക്ചർ, കമ്പ്യൂട്ടർ ആർക്കിടെക്ചർ, നേവൽ ആർക്കിടെക്ചർ, നെറ്റ്‌വർക്ക് ആർക്കിടെക്ചർ തുടങ്ങിയ ആധുനിക ആശയങ്ങളും ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്.

പഠന പ്രോഗ്രാമുകൾ

എസ് എസ് എൽ സി കഴിഞ്ഞവർക്കും ഹയർ സെക്കൻഡറി പാസ്സായവർക്കുമുള്ള വ്യത്യസ്ത കോഴ്‌സുകൾ ഈ വിഷയത്തിന് കീഴിൽ പഠിക്കാനുണ്ട്. പത്താം ക്ലാസ്സ് ജയിച്ചവർക്ക് മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ ആർക്കിടെക്ചറി (ഡി ആർക്) ന് പോളിടെക്നിക്കുകളിൽ ചേരാം. ഫിസിക്‌സ്, കെമിസ്ട്രി, വിഷയങ്ങൾ പഠിച്ച് ഹയർ സെക്കൻഡറി/ തത്തുല്യം പാസ്സായവർക്ക് ഡിഗ്രി കോഴ്‌സായ ബി ആർക്കിന് പഠിക്കാം. ദൈർഘ്യം അഞ്ച് വർഷം. ഡിപ്ലോമ നേടിയവർ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചിട്ടുണ്ടെങ്കിൽ അവർക്കും അർഹതയുണ്ട്. തുടർന്നുള്ള ഉപരിപഠനത്തിന് താത്പര്യമുള്ളവർക്ക് എം ആർക്, എം പ്ലാൻ, എം ബി എ (പ്രൊജക്റ്റ് മാനേജ്‌മെന്റ്) എന്നീ പി ജി പ്രോഗ്രാമുകളിലും അത് കഴിഞ്ഞ് ഗവേഷണത്തിനും അവസരമുണ്ട്.

പ്രവേശന രീതി

വിവിധ സ്ഥാപനങ്ങളിൽ വ്യത്യസ്ത പ്രവേശന പരീക്ഷകൾ വഴിയാണ് ആർക്കിടെക്ചർ ബിരുദ കോഴ്‌സായ ബി ആർക്കിന് ചേരേണ്ടത്.
ഐ ഐ ടി/ എൻ ഐ ടി കൾ

അഖിലേന്ത്യാടിസ്ഥാനത്തിൽ നടക്കുന്ന ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെ ഇ ഇ) പരീക്ഷയുടെ പേപ്പർ രണ്ടിന്റെ മാർക്ക് പരിഗണിച്ചാണ്‌ ഐ ഐ ടി/ എൻ ഐ ടികളിൽ ബി ആർക് കോഴ്‌സിന് പ്രവേശനം നൽകുന്നത്. മറ്റ് ദേശീയ സ്ഥാപനങ്ങളായ സ്‌കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചറും ഇതേ മാനദണ്ഡം പാലിക്കുന്നു. എന്നാൽ, ഐ ഐ ടികളിൽ ചേരുന്നതിന് ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (എ എ ടി ) എഴുതണം.

ജെ ഇ ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ യോഗ്യത നേടിയവർക്ക് മാത്രമേ എ എ ടി പ്രവേശന പരീക്ഷ എഴുതാൻ കഴിയുകയുള്ളൂ. ഇത്തരം പ്രവേശന പരീക്ഷകളുടെ വിവരങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് അപേക്ഷ നൽകണം. അടുത്ത ജെ ഇ ഇ അഡ്വാൻസ്ഡ് പരീക്ഷക്കുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 23 മുതൽ പത്ത് ദിവസവും എ എ ടി ക്കുള്ള രജിസ്‌ട്രേഷൻ ജൂൺ ഒന്നിനും രണ്ടിനും നടക്കും.

പ്രവേശനം കേരളത്തിൽ

ദേശീയാടിസ്ഥാനത്തിൽ നടത്തുന്ന അഭിരുചി പരീക്ഷയായ നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) വഴിയാണ് കേരളത്തിലെ സ്ഥാപനങ്ങളിൽ ബി ആർക് പ്രവേശനം. അതോടൊപ്പം ഹയർ സെക്കൻഡറി/ തത്തുല്യ പരീക്ഷയുടെ മാർക്കും തുല്യതോതിൽ പരിഗണിക്കും.

നാറ്റ പരീക്ഷ

ഈ വർഷം മാർച്ചിനും സെപ്തംബറിനുമിടയിൽ ഈ ടെസ്റ്റ് നിരവധി തവണയായി ഉണ്ടാകും. പരമാവധി മൂന്ന് തവണ എഴുതാം. ഇതിൽ മികച്ച സ്‌കോർ പ്രവേശനത്തിന് പരിഗണിക്കും. നാറ്റ സ്‌കോറിന് രണ്ട് വർഷത്തെ സാധുതയുണ്ട്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളോടെ ഹയർ സെക്കൻഡറി/തത്തുല്യം പാസ്സായവർക്കും മാത്തമാറ്റിക്‌സ് ഉൾപ്പെട്ട മൂന്ന് വർഷ ഡിപ്ലോമ ജയിച്ചവർക്കും അപേക്ഷിക്കാം. ഹയർ സെക്കൻഡറി ഒന്നാം വർഷക്കാർക്കും അർഹതയുണ്ട്. സംസ്ഥാനത്ത് സർക്കാർ മേഖലയുൾപ്പെടെ മുപ്പതിൽപ്പരം കോളജുകളിൽ ബി ആർക്കിന് ചേരാം. നാറ്റ എഴുതുന്നതിന് പുറമെ കേരള എൻജിനീയറിംഗ് പരീക്ഷക്കും ഹാജരാകണം. നാറ്റ സ്‌കോർ എൻട്രൻസ് പരീക്ഷാ കമ്മീഷണറെ യഥാസമയം അറിയിക്കുകയും ചെയ്യണം.

ജോലി സാധ്യതകൾ

നഗരവത്കരണത്തിന് വേഗത കൂടിയ ഇന്നത്തെ സാഹചര്യത്തിൽ ആർക്കിടെക്ചറർ പഠനം കഴിഞ്ഞിറങ്ങുന്നവർക്കുള്ള തൊഴിൽ സാധ്യതകൾ ഏറെയാണ്. നിർമാണ മേഖല, സ്മാർട്ട് സിറ്റി പ്രൊജക്ടുകൾ, ടൗൺ പ്ലാനിംഗ്, അർബൻ ഡവലപ്‌മെന്റ്, കെട്ടിടങ്ങളുടെ സംരക്ഷണം തുടങ്ങിയ മേഖലയിൽ അവസരങ്ങളുണ്ട്. കൂടാതെ സർക്കാർ വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, അധ്യാപക ജോലി തുടങ്ങിയവയിലും പ്രവേശിക്കാം. ആർക്കിടെക്റ്റ്, അർബൻ പ്ലാനർ, ഇന്റീരിയർ ഡിസൈനർ, അർബൻ ഡിസൈനർ, പ്രൊജക്ട് ആർക്കിടെക്റ്റ്, ഡിസൈൻ ആർക്കിടെക്റ്റ്, ലാൻഡ്‌സ്‌കേപ് ഡിസൈനർ തുടങ്ങിയ ജോലികളിൽ ചേരാം. സ്വയം സംരഭകരായി ഈ മേഖലയിൽ വിജയിക്കാനും കഴിയും.

---- facebook comment plugin here -----

Latest