UAE
ദുബൈ; സ്വകാര്യ സ്‌കൂളുകളിൽ തിരിച്ചെത്തുന്നത് 27,284 അധ്യാപകർ
78 ശതമാനം വനിതകൾ. ഇന്ത്യക്കാർ ഒന്നാമത്
ദുബൈ|ദുബൈയിലെ സ്വകാര്യ സ്‌കൂളുകളിൽ 27,284 അധ്യാപകർ ഇന്ന് ജോലിയിൽ തിരിച്ചെത്തും. വിദ്യാർഥികളുടെ പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി അധ്യാപക – ഭരണ വിഭാഗങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ക്ലാസ് മുറികൾ, പരീക്ഷണശാലകൾ, മറ്റ് വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവ പരിശോധിക്കുകയും പഠനപദ്ധതികളും സമയക്രമങ്ങളും അന്തിമമാക്കുകയും വിദ്യാർഥികളെ സ്വീകരിക്കുന്നതിനുള്ള ആദ്യ ആഴ്ചയിലെ ക്രമീകരണങ്ങൾ പൂർത്തിയാക്കുകയും ചെയ്യും.
ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരിൽ 78 ശതമാനം വനിതകളും 22 ശതമാനം പുരുഷന്മാരുമാണ്. ഏകദേശം 21,000 വനിതാ അധ്യാപകരും 6,000 പുരുഷ അധ്യാപകരുമാണ് സ്വകാര്യ സ്‌കൂളുകളിൽ ജോലി ചെയ്യുന്നത്.
ദുബൈയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ അന്താരാഷ്ട്ര വൈവിധ്യം പ്രതിഫലിപ്പിക്കുന്നതാണ് അധ്യാപകരുടെ ദേശീയ പ്രാതിനിധ്യം. ഏറ്റവും കൂടുതൽ അധ്യാപകരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയാണ് ഒന്നാമത്. ബ്രിട്ടൻ, ഈജിപ്ത്, അയർലണ്ട്, സിറിയ, പാകിസ്ഥാൻ, ജോർദാൻ, ഫിലിപ്പീൻസ്, ലെബനാൻ, അമേരിക്ക എന്നിവയാണ് തൊട്ടുപിന്നിലുള്ള രാജ്യങ്ങൾ. ഈ പത്ത് രാജ്യങ്ങളിൽ നിന്ന് മാത്രമായി 23,014 അധ്യാപകർ സേവനം ചെയ്യുന്നുണ്ട്.
വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്നതിനും സ്‌കൂൾ നയങ്ങളും മാർഗനിർദേശങ്ങളും എല്ലാ അധ്യാപകരും പാലിക്കുന്നുവെന്ന് വിലയിരുത്തുന്നതിനും പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി പരിശീലനങ്ങളും ശിൽപ്പശാലകളും ഒരുക്കുന്നുണ്ട്.
Content Highlights: Around 27,284 teachers in Dubai private schools return to work today ahead of the new academic year. Indian teachers form the largest nationality group among the workforce, followed by the UK and Egypt. Schools are conducting training and finalizing schedules before welcoming students back.


