Connect with us

cover story

കണക്കും കരുത്തും മേളിച്ച മാപ്പിള ഖലാസികൾ

മാപ്പിള ഖലാസികൾ എന്നു പുകള്‍പെറ്റ ഒരു തൊഴില്‍പ്പടയുടെ ഉറവിടമാണവിടം. ബുദ്ധിയും ശക്തിയും സമ്മേളിച്ച് ആഴങ്ങളേയും ഉയരങ്ങളേയും കീഴടക്കിയവര്‍. കപ്പിയും കമ്പക്കയറുംകൊണ്ട് ഏതു ഭാരവും അനായാസേനയുയര്‍ത്തി ലോകത്തെ അമ്പരപ്പിച്ചവര്‍.ബേപ്പൂരിന്റെ ഉരു പാരമ്പര്യത്തിനൊപ്പം തന്നെ ചേര്‍ത്തു നിര്‍ത്തിയ പെരുമയാണ് ഖലാസിമാരുടേതും. ആധുനിക യന്ത്രസംവിധാനങ്ങളും ക്രെയിനുകളുമെല്ലാം രംഗം കീഴടക്കിയെങ്കിലും ഖലാസിയുടെ ബുദ്ധി വൈഭവത്തിന്റെ കരുത്ത് ഇന്നും ചോര്‍ന്നുപോയിട്ടില്ല.

Published

|

Last Updated

ബേപ്പൂരിലോ ചാലിയത്തോ പോവുകയാണെങ്കിൽ അഴിമുഖത്തിന്റെ ആഴിപ്പരപ്പിനരികില്‍ നിന്ന് ഏതൊരാളും ഖലാസികളെക്കുറിച്ച് ഓര്‍ത്തുപോകും. മാപ്പിള ഖലാസികൾ എന്നു പുകള്‍പെറ്റ ഒരു തൊഴില്‍പ്പടയുടെ ഉറവിടമാണവിടം. ബുദ്ധിയും ശക്തിയും സമ്മേളിച്ച് ആഴങ്ങളേയും ഉയരങ്ങളേയും കീഴടക്കിയവര്‍. കപ്പിയും കമ്പക്കയറുംകൊണ്ട് ഏതുഭാരവും അനായാസേനയുയര്‍ത്തി ലോകത്തെ അമ്പരപ്പിച്ചവര്‍.

ബേപ്പൂരിന്റെ ഉരു പാരമ്പര്യത്തിനൊപ്പം തന്നെ ചേര്‍ത്തുനിര്‍ത്തിയ പെരുമയാണ് ഖലാസിമാരുടെതും. ആധുനിക യന്ത്രസംവിധാനങ്ങളും ക്രെയിനുകളുമെല്ലാം രംഗം കീഴടക്കിയെങ്കിലും ഖലാസിയുടെ ബുദ്ധിവൈഭവത്തിന്റെ കരുത്ത് ഇന്നും ചോര്‍ന്നുപോയിട്ടില്ല.
ഒരു ഖലാസിയെ കണ്ടുമുട്ടി ഓര്‍മകളുടെ കയറുകൾ മുറുക്കാമെന്നു കരുതി നടന്നു നടന്നു ചെന്നുകയറിയത് എഴുപത്തിയാറ് പിന്നിട്ട അബ്ദു മൂപ്പന്റെയും അറുപത്തിനാല് പിന്നിടുന്ന അബ്ദുൽ അസീസിന്റെയും മുന്നിലാണ്. ഖലാസി പാരമ്പര്യത്തിലെ കണ്ണികളായ അവര്‍ക്ക് അവരുടെ ചോര തിളയ്ക്കുന്ന യുവത്വത്തിൽ ചെയ്ത ധീര കൃത്യങ്ങളുടെ എത്രയോ കണക്കെടുക്കാൻ കഴിയുമായിരുന്നു.

അഷ്ടമുടിക്കായലിന്റെ ആഴങ്ങളില്‍നിന്നു ചിതറിവീണ തീവണ്ടി ബോഗികൾ പൊക്കിയെടുത്ത കരുത്തിന്റെ ഓര്‍മകളാണ് അവർ പങ്കുവെച്ചത്. 1988 ജൂലൈയിലായിരുന്നു രാജ്യത്തെ നടുക്കിയ പെരുമൺ ദുരന്തം നടന്നത്.

മമ്മദ് കോയ മൂപ്പന്റെ നേതൃത്വത്തിൽ ബേപ്പൂരില്‍നിന്നും കരുവന്‍തിരുത്തിയില്‍നിന്നുമുള്ള 22 മാപ്പിള ഖലാസികൾ കയറും കപ്പിയും മറ്റു പരമ്പരാഗത ഉപകരണങ്ങളുമായി അഷ്ടമുടിക്കായലിന്റെ തീരത്തെത്തിയപ്പോൾ ഏവര്‍ക്കും കൗതുകമായിരുന്നു. കൂറ്റൻ യന്ത്രങ്ങള്‍ക്കു സാധ്യമല്ലാത്ത എന്തു മാന്ത്രിക വിദ്യയാണ് ഇവർ ചെയ്യാൻ പോകുന്നതെന്ന് സര്‍ക്കാർ സംവിധാനങ്ങളും നാടാകെയും ഉറ്റുനോക്കി.

ബോഗികൾ മേല്‍ക്കുമേൽ വീണ് ആഴത്തിൽ ചെളിയിൽ തറച്ചിരിക്കുകയാണ്. വയര്‍റോപ്പും വിഞ്ചുമെല്ലാം ഉപയോഗിച്ച് ഏവരേയും അമ്പരപ്പിച്ചുകൊണ്ട് ബോഗികൾ ഓരോന്നായി ഉയര്‍ത്തി മാപ്പിള ഖലാസിമാർ ഭാരമുയര്‍ത്തുന്നതിന്റെ സമാനതകളില്ലാത്ത തന്ത്രങ്ങൾ പുറത്തെടുത്ത കഥകളാണ് അവർ പറഞ്ഞത്.
അബ്ദു മൂപ്പന്റെ സഹോദരൻ മമ്മദ് കോയ മൂപ്പനായിരുന്നു അന്ന് മേല്‍നോട്ടം വഹിച്ചിരുന്നത്. മമ്മദ് കോയ മൂപ്പന്റെ മകൻ ഹംസക്കോയയും ഇവരുടെ ഓര്‍മകളിൽ പങ്കുചേര്‍ന്നു. ഖലാസിയില്‍നിന്ന് പിന്നീട് പ്രവാസ ജീവിതത്തിലേക്ക് ചേക്കേറിയെങ്കിലും അദ്ദേഹത്തിനും പിതാവിന്റെ ഖലാസിപ്പെരുമയെ കുറിച്ച് പറയാൻ ഒട്ടേറെയുണ്ട്്. ഉസ്സൻ മൂപ്പന്റെ ഖലാസി പരമ്പരയിലെ അവസാന കണ്ണിയാണ് അബ്ദു മൂപ്പൻ. പെരുമൺ ദുരന്തത്തിന്റെ ഓര്‍മകൾ പങ്കുവെക്കുമ്പോൾ അദ്ദേഹവും ആവേശ ഭരിതനായി.

മാപ്പിള ഖലാസികൾ കൊണ്ടുവന്ന ദവ്വര്‍ പോലുള്ള പരമ്പരാഗത ഉപകരണങ്ങൾ കണ്ട് പരിഹസിച്ചവർ പോലും എണീറ്റുനിന്നു കൈയടിച്ച അനുഭവമായിരുന്നു പെരുമണിൽ ഉണ്ടായത്.

ഖലാസികളുടെ കൈക്കരുത്തുകൊണ്ടും ബുദ്ധിശക്തി കൊണ്ടും ഒമ്പത് ബോഗികളും കരക്കെത്തിച്ചു. ബോഗി ഉയര്‍ത്താൻ വിദേശ വിദഗ്ധർ വരെ വന്നിട്ടു കൈമലര്‍ത്തിയ ഇടത്തായിരുന്നു ഈ അമ്പരപ്പിക്കുന്ന വിജയം.
പെരുമൺ ദുരന്തമുഖത്ത് പ്രവര്‍ത്തിച്ചവരിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നവരാണിവര്‍. കപ്പി പൊട്ടിയുണ്ടായ പരിക്കിന്റെ അടയാളം ഇപ്പോഴും അബ്ദുൽ അസീസിന്റെ കാലിലുണ്ട്്. ഓരോ വീട്ടിലും ഖലാസിമാരുണ്ടായിരുന്ന കാലമുണ്ടായിരുന്നു. പ്രവാസവും ആധുനിക യന്ത്രങ്ങളുടെ കടന്നുകയറ്റവും ഈ മേഖലയിലേക്കുള്ള ആളുകളുടെ വരവ് കുറച്ചു.

ബേപ്പൂർ തുറമുഖം കേന്ദ്രീകരിച്ച് ഉരു നിര്‍മാണത്തിന്റെ ഭാഗമായിരുന്നു മാപ്പിള ഖലാസികള്‍. ഭാരമേറിയ വസ്തുക്കൾ മനുഷ്യനിര്‍മിത ഉപകരണങ്ങൾ ഉപയോഗിച്ച് വളരെ തന്ത്രപൂര്‍വം ഉയര്‍ത്തുകയും ഇറക്കുകയുമൊക്കെ ചെയ്യുന്നതിലാണ് ഖലാസികൾ ശ്രദ്ധേയരായത്. ശാരീരിക ക്ഷമതയും അധ്വാന ശേഷിയും പ്രായോഗിക ബുദ്ധിയുമാണ് ഖലാസികളുടെ കൈമുതല്‍.

ചാലിയം, ബേപ്പൂര്‍, കടലുണ്ടി തുടങ്ങിയ പ്രദേശങ്ങളില്‍നിന്നായിരുന്നു ഖലാസിപ്പണിയുടെ തുടക്കം. അന്ന് ഈ നാടുകളിലെ പ്രധാന വരുമാന മാര്‍ഗമായിരുന്നു ഖലാസിപ്പണി. പൂര്‍ണ ആരോഗ്യവാന്മാരും അതിലേറെ ബുദ്ധിയുള്ളവരുമായിരുന്നു ഖലാസിമാര്‍. ചുവടൊന്ന് പിഴച്ചാൽ ജീവന് തന്നെ അപകടമാകും വിധത്തിലുള്ള പണികളായിരുന്നു. അതുകൊണ്ട് തന്നെ കൃത്യമായ ചുവടുവെപ്പുകളിലൂടെയായിരുന്നു ഓരോ നീക്കങ്ങളും. ധാരണപ്പുറത്ത് ഒന്നും ചെയ്യാൻ പാടില്ല. അതീവ ശ്രദ്ധവേണമായിരുന്നു. വിദ്യാഭ്യാസമല്ല, അനുഭവ പരിചയമാണ് മുഖ്യ കാതല്‍. ഉരു നിര്‍മാണത്തിനാവശ്യമായ മരങ്ങൾ പണിശാലയിൽ എത്തുന്നതോടെ ഖലാസികളുടെ ജോലിയും ആരംഭിക്കുന്നു. നിര്‍മാണം കഴിഞ്ഞ ഉരുവിന്റെ പലക ജോയിന്റ് വഴി വെള്ളം കയറാതിരിക്കാൻ വേപ്പെണ്ണയിൽ മുക്കി പരുത്തിയടിച്ചു ഫില്ല് ചെയ്യുന്ന പരമ്പരാഗത രീതിയാണ് അന്നവർ ഉപയോഗിച്ചിരുന്നത്.

ഖലാസി സംഘങ്ങളുടെ തലവൻ മൂപ്പൻ എന്നാണ് അറിയപ്പെടുന്നത്. ഇവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാകും ഖലാസികൾ ജോലികളിലേര്‍പ്പെടുക. ഖലാസികളുടെ ജോലിയിലുള്ള വൈദഗ്ധ്യവും കൃത്യനിഷ്ഠയും ബ്രിട്ടീഷുകാരെ ആകര്‍ഷിച്ചിരുന്നു. റെയില്‍വേയുമായി ബന്ധപ്പെട്ടും മറ്റു ഭാരമേറിയ വസ്തുക്കൾ ഉയര്‍ത്താനുമൊക്കെ അവർ മാപ്പിള ഖലാസികളെ ഉപയോഗപ്പെടുത്താൻ തുടങ്ങി. ഒന്നാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷുകാർ ഖലാസികളെ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

മദ്രാസ് മെയിൽ കടലുണ്ടിപ്പുഴയിലേക്ക് മറിഞ്ഞപ്പോഴും ഖലാസിപ്പടയുടെ കരുത്ത് സഹായകമായിട്ടുണ്ട്്. അതുപോലെ മക്കയിലെ ക്ലോക്ക് ടവർ നിര്‍മാണം, കരിപ്പൂർ റെണ്‍വേയില്‍നിന്ന് തെന്നിമാറിയ വിമാനം തിരിച്ചെത്തിച്ചതിലൊക്കെ ഖലാസികളുടെ കൈയൊപ്പുണ്ടായിരുന്നു. ഇടുക്കിയിലെ അണക്കെട്ട് നിര്‍മാണ വേളയിൽ കൂറ്റൻ യന്ത്രങ്ങൾ ഉയരത്തിൽ സ്ഥാപിച്ചതും ഖലാസികളായിരുന്നു. 1964 ഡിസംബര്‍ 22ന് തമിഴ്‌നാട്ടിൽ നടന്ന വൻ ദുരന്തമായ രാമേശ്വരം പാലം തകര്‍ന്നടിഞ്ഞപ്പോഴും അവിടെയും മാപ്പിള ഖലാസികളുടെ രക്ഷാപ്രവര്‍ത്തനമുണ്ടായിട്ടുണ്ട്്.

പണ്ടുകാലങ്ങളിലുണ്ടായിരുന്ന ഖലാസിപ്പണി ഇപ്പോഴില്ലെങ്കിലും ഉപ്പാപ്പമാരുടെ താവഴി പിന്തുടര്‍ന്ന് പോരുന്നവർ ഇന്നുമുണ്ട്. ക്രെയിന്‍, ബാര്‍ജി പോലുള്ള ടെക്‌നോളജികൾ വന്നു. അതുകൊണ്ടുതന്നെ ചെറിയ രീതിയിൽ ഖലാസിപ്പണി അറിയാവുന്നവര്‍ക്കൊക്കെ ഈ പണികൾ ചെയ്യാം. റിഗ്ഗിംഗ് എന്നാണ് ഔദ്യോഗിക രേഖകളിൽ ഇപ്പോൾ ഖലാസിപ്പണി അറിയപ്പെടുന്നത്. അത് ലീഡ് ചെയ്യുന്ന ആളെ ഫോര്‍മാൻ എന്നും വിളിക്കുന്നു. ഈ വിഷയത്തിലും ആരോഗ്യത്തേക്കാളുപരി ബുദ്ധി പ്രധാനമാണ്. പ്രത്യേക കാല്‍ക്കുലേഷൻ കൊണ്ടല്ലാതെ ഈ പണി പൂര്‍ത്തീകരിക്കാനാകില്ല. കാണുമ്പോൾ നിസ്സാരമാണെന്ന് തോന്നുമെങ്കിലും ജോലി ആത്മസമര്‍പ്പണമാണ്. ആയിരത്തിലധികം ടൺ ഭാരമുള്ള വസ്തുക്കൾ ഇറക്കാനും കയറ്റാനുമൊക്കെയാണ് ഇപ്പോൾ റിഗ്ഗര്‍മാരുടെ സേവനം ആവശ്യമായി വരുന്നത്. പുതിയ പ്ലാന്റോ ടവറോ മറ്റോ തുടങ്ങണമെങ്കിൽ റിഗ്ഗര്‍മാരുടെ സാന്നിധ്യം അനിവാര്യമാണ്.

മക്ക ക്ലോക്ക് ടവറിന്റെ നിര്‍മാണത്തിൽ മാപ്പിള ഖലാസികൾ പങ്കെടുത്തിരുന്നു. ബുര്‍ജ് ഖലീഫ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് മക്ക ക്ലോക്ക് ടവര്‍. ചാലിയത്ത് നിന്നുള്ള 80 ഖലാസികളും ഇതര സംസ്ഥാനങ്ങളില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നുമുള്ളവരുമായിരുന്നു ആ ഭീമന്‍ഗോപുരവും ചന്ദ്രക്കലയും ഉയര്‍ത്താൻ വിയര്‍പ്പൊഴുക്കിയത്. ക്ലോക്കുകളുടെ ഭാഗങ്ങളും ഇവ സ്ഥാപിക്കുന്നതിനുള്ള ഇരുമ്പുതൂണുകളും പാനലുകളും മറ്റും ഉയര്‍ത്തുന്ന ജോലിയാണ് ഖലാസികൾ പ്രധാനമായും നിര്‍വഹിച്ചത്. ചാലിയം ലൈലാ മൻസിലിൽ ഹനീഫയായിരുന്നു ഇതിന്റെ ഫോര്‍മാന്‍. ചരിത്ര നിര്‍മിതിയുടെ ഭാഗമായതിൽ അതിയായ സന്തോഷം ഹനീഫ പങ്കുവെച്ചു.

ക്ലോക്ക് ടവർ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഹനീഫയെ കുറിച്ചും മാപ്പിള ഖാലിസകളുടെ അധ്വാനത്തെക്കുറിച്ചും പ്രസിദ്ധീകരിച്ചു വന്ന പത്രമാസികകൾ ഏറെ സന്തോഷത്തോടെയാണ് ഹനീഫ സൂക്ഷിപ്പ് സ്വത്തായി ഫയ ൽ ചെയ്തുവെച്ചിരിക്കുന്നത്. ക്ലോക്ക് ടവറിലുള്ള 40 ടൺ ഭാരമുള്ള ചന്ദ്രക്കല തൂക്കിവെച്ച അനുഭവങ്ങളൊക്കെ മറക്കാനാകാത്ത തായി ഹനീഫ സ്മരിച്ചു.
.

Latest