Connect with us

അതിഥി വായന

പാരമ്പര്യത്തെ മറവിക്ക് വിൽക്കുന്ന മനുഷ്യൻ

പലരുടെ ജ്ഞാനവും ഒരാളുടെ ബുദ്ധിയുമാണ് പഴമൊഴി എന്ന് റസ്സൽ പറഞ്ഞത് ഇത്തരം ചൊല്ലുകളിൽ ഉൾക്കൊണ്ടിട്ടുള്ള ആശയപ്രാധാന്യത്തെ ചൂണ്ടിക്കൊണ്ട് മാത്രമാണ്. മലയാള പെരുമക്ക് പ്രൗഢിയും പ്രശസ്തിയും നേടിക്കൊടുത്ത മലയാളചൊല്ലുകൾ മറ്റ് ഭാഷകളിലെ ചൊല്ലുകൾക്ക് പകരം വെക്കാൻ പറ്റാത്ത അത്രത്തോളം ആശയ അർഥവ്യാപ്തിയിൽ ഉള്ളവയാണ്. ഓരോ ചൊല്ലുകളുടെയും ആശയ വ്യാപ്തി തീർത്തും മറ്റെല്ലാ വാക്യശേഖരങ്ങളെക്കാളും ആഴവും കാവ്യഭംഗിയും ഉൾക്കൊണ്ടവയായിരുന്നു.

Published

|

Last Updated

പ്രാചീന സാഹിത്യത്തിന്റെ അന്തസ്സത്തയെ അടയാളപ്പെടുത്തുന്നുണ്ട് പഴഞ്ചൊല്ലുകൾ. പഴമക്കാരുടെ സാമൂഹിക പിന്നാമ്പുറങ്ങളിൽ നിന്ന് ഉദയം കൊണ്ട ഇത്തരം ചൊല്ലുകൾ സാമൂഹികപരമായ മൂല്യ സങ്കൽപ്പങ്ങൾക്കും വളർച്ചക്കും ചെറുതല്ലാത്ത പങ്ക് വഹിച്ചിച്ചിട്ടുണ്ട്. മലബാർ മേഖലയിൽ പഴയകാല ജ്ഞാനസമ്പത്തിന്റെ ഭാഗം കൂടിയായിരുന്നു ഈ പഴമൊഴികൾ. നാടൻ സാഹിത്യത്തിന്റെ ഭാഗമായി രൂപപ്പെട്ട ഇത് പിന്നീട് വാമൊഴിയായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും കാല ദേശങ്ങൾക്കനുസൃതമായി വികസിക്കുകയും ചെയ്തു.
ലോകത്ത് ആദ്യമായി പഴഞ്ചൊല്ലുകൾ സമാഹരിച്ച കൊന്തും അഭാജ്യ മലബാറിക്ക (മലബാറിലെ 100 പഴഞ്ചൊല്ലുകൾ ) എന്ന പുസ്തകം മലബാറിലാണ് രൂപം കൊണ്ടത്. ഇത് മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന നേട്ടവുമാണ്. എന്നാൽ, നേട്ടത്തിന് ഉതകുന്ന മലയാളികളുടെ മിത്രമായിരുന്ന ചൊല്ലുകൾ പുത്തൻ ആവിഷ്കാര രീതികളുടെയും ആധുനികവത്കരണത്തിന്റെയും ഭാഗമായി സമൂഹത്തിൽ നിന്ന് കൊഴിഞ്ഞുപോകുന്ന ക്ലേശകരമായ സ്ഥിതിവിശേഷമാണ് നടന്നുകൊണ്ടിരിക്കുന്നത്. ജനറേഷൻ ഗ്യാപ്പ് കാരണം പഴമൊഴികളുടെ യഥാർഥ പ്രസരണവും തലമുറകൾ താണ്ടിയുള്ള പഴഞ്ചൊൽ സങ്കൽപ്പവും ഇല്ലായ്മയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.

പണ്ടേക്കും പണ്ടേ പലരും പറഞ്ഞു പഴക്കം വന്നിട്ടുള്ള ചൊല്ലുകൾ സാമൂഹികം, സാംസ്കാരികം, മതം, ഭൗതികം, സാമ്പത്തികം, ആരോഗ്യം ഇങ്ങനെ തുടങ്ങി സർവ മേഖലകളിലും വളർച്ചക്കുള്ള ആശയ രൂപവത്കരണം സാധ്യമാക്കിയിരുന്നു.

പഴമക്കാർ രൂപപ്പെടുത്തിയ “ഉപ്പ് തൊട്ട് കർപ്പൂരം വരെ’ ഇതും പഴമൊഴിയുടെ ഗണത്തിൽ പെടുന്നതാണ്. ഇങ്ങനെ തുടങ്ങി ഒട്ടനവധി മൊഴികൾ രൂപപ്പെടുത്തിയവ എഴുതപ്പെട്ടതും അല്ലാതെയുമായി അവശേഷിക്കുന്നു. എന്നാൽ, ഇവ പുതിയ കാലത്തിന് കൈമാറ്റപ്പെടാതിരിക്കുന്നത് വലിയ അളവിൽ സാമൂഹിക മൂല്യങ്ങൾ ഇല്ലാതാക്കാനുള്ള വഴി ഒരുക്കും.

“ഉണ്ടുകുളിക്കുന്നവനെ കണ്ടാൽ കുളിക്കണം’ എന്ന പഴഞ്ചൊല്ല് ആരോഗ്യകരമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

പലരുടെ ജ്ഞാനവും ഒരാളുടെ ബുദ്ധിയുമാണ് പഴമൊഴി എന്ന് റസ്സൽ പറഞ്ഞത് ഇത്തരം ചൊല്ലുകളിൽ ഉൾക്കൊണ്ടിട്ടുള്ള ആശയപ്രാധാന്യത്തെ ചൂണ്ടിക്കൊണ്ട് മാത്രമാണ്. മലയാള പെരുമക്ക് പ്രൗഢിയും പ്രശസ്തിയും നേടിക്കൊടുത്ത മലയാളചൊല്ലുകൾ മറ്റ് ഭാഷകളിലെ ചൊല്ലുകൾക്ക് പകരം വെക്കാൻ പറ്റാത്ത അത്രത്തോളം ആശയ അർഥവ്യാപ്തിയിൽ ഉള്ളവയാണ്. ഓരോ ചൊല്ലുകളുടെയും ആശയ വ്യാപ്തി തീർത്തും മറ്റെല്ലാ വാക്യശേഖരങ്ങളെക്കാളും ആഴവും കാവ്യഭംഗിയും ഉൾക്കൊണ്ടവയായിരുന്നു.

ഇവ കേരളത്തിൽ മാത്രമല്ല ഒതുങ്ങിയത് വിദേശ രാജ്യങ്ങളിലും മലയാള പഴഞ്ചൊല്ലുകൾ വികാസം പ്രാപിച്ചു. അവിടുത്തെ സമൂഹത്തെ സമുദ്ധരിക്കാനും അർഥഗർഭമുള്ള ചൊല്ലുകൾ പല മേഖലകളിലും വളർച്ചക്ക് മുതൽക്കൂട്ടായിട്ടുണ്ട്.

എന്നാൽ ഇങ്ങനെയൊക്കെ ആണെങ്കിലും വർത്തമാന സമൂഹത്തിന് വേണ്ടവിധത്തിലുള്ള വാമൊഴി കൈമാറ്റങ്ങൾ നടക്കാത്തതിനാൽ തന്നെ പഴമൊഴികൾ മുഖ്യധാരാ സമൂഹത്തിൽ നിന്ന് അപ്രത്യക്ഷമായി ഇല്ലായ്മയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

പഴമൊഴികളുടെ ഇല്ലായ്മ തടയാൻ വേണ്ട വിധത്തിലുള്ള പ്രതിവിധികൾ ഭരണ കർത്താക്കളുടെ ഭാഗത്ത് നിന്ന് വരുന്നില്ല എന്നതും വളരെ സങ്കടകരമാണ്. സാംസ്കാരിക മേഖലയിൽ വളരെ സ്വാധീനം ചെലുത്തിയ ഈ ചൊല്ലുകൾക്ക് മുഖവില കൊടുക്കാത്തത് ഭാവിയിലെ പഴമൊഴി അഭാവത്തിന് കാരണമായേക്കാം. എന്നാൽ, നേരിയ രീതിയിലുള്ള ചൊല്ലുകളുടെ പ്രസരണം നടന്നുകൊണ്ടിരിക്കുന്ന സ്കൂളുകളിലെ ചെറിയ ക്ലാസ്സ്‌ പാഠഭാഗങ്ങളിൽ പോലും ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഭാഷയുടെ വളർച്ചക്കും വികാസത്തിനും നിദാനമായ ഇവ സാഹിത്യസമ്പുഷ്ടി സൃഷ്ടിക്കുന്നതും സ്വയം വിലയിരുത്തലുകൾക്ക് ഉതകുന്നതുമാണ്. കേവലം ഈ പഴഞ്ചൊല്ലുകളെ കുറിച്ചുള്ള ചെറിയ അറിവുകളുടെ സ്വാധീനം വളർന്നുവരുന്ന കുട്ടികൾക്കിടയിൽ ഉണ്ടായാൽ മാത്രമാണ് കഴിവുറ്റ ഒരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയൂ. കൃഷിയുമായി ബന്ധപ്പെട്ട് പാരമ്പര്യമായി കൈമാറിപ്പോന്ന കാർഷിക രീതികൾ പലതും ചൊല്ലുകളുടെ കൈമാറ്റത്തിലൂടെയായിരുന്നെന്ന് പല ചരിത്ര ഗ്രന്ഥങ്ങളിലും കാണാൻ സാധിക്കും.
പഴമൊഴികൾ സമൂഹത്തിൽ നിന്ന് വിസ്മരിക്കപ്പെടുന്നതിലൂടെ സംഭവിക്കുന്നത് മലയാള സാഹിത്യത്തിന്റെ ഭാഗമായ ചൊല്ലുകളുടെ ഇല്ലായ്മ മാത്രമല്ല. മറിച്ച് സമൂഹത്തിലുള്ള മാനുഷിക മൂല്യങ്ങൾക്ക് ഭംഗംവരുത്താനും ഇത് കാരണമായിത്തീരും. അതോടെ സമൂഹത്തിൽ നിലനിന്നുപോരുന്ന അടിസ്ഥാനപരമായ പല കാര്യങ്ങൾക്കും ശോഷണം സംഭവിക്കുകയും ക്രമേണ ആളുകൾക്കിടയിൽ നിലനിൽക്കുന്ന ആശയകൈമാറ്റ രീതികളും പതിവ് നടപ്പുകളും പതിയെ പതിയെ സാമൂഹിക ചുറ്റുപാടുകളിൽ നിന്ന് മറയാൻ ഇടയാക്കുന്നു. “അധികമായാൽ അമൃതവും വിഷം’, “ആടറിയുമോ അങ്ങാടിവാണിഭംl’, “ഇക്കരെ നിന്നാൽ അക്കര പച്ച’… ഇങ്ങനെ തുടങ്ങി ഒട്ടനവധി ചൊല്ലുകൾ സമൂഹത്തിന് മൂല്യവത്തായതും അതിലുപരി മാനുഷികകർമങ്ങൾ ഉൾക്കൊള്ളേണ്ടതുമായ പഴമൊഴികൾ പുത്തൻ തലമുറകൾക്കിടയിൽ മറന്നുകൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണിന്നുള്ളത്. ഇത് തീർത്തും വലിയ വിപത്തിലേക്കും നയിക്കാൻ കാരണമായേക്കാം. ലോകത്ത് പല വിധത്തിൽ പലരും പഴഞ്ചൊല്ലുകളെ ഏകീകരിക്കാൻ ശ്രമിച്ചെങ്കിലും ഇന്നേവരെ കൃത്യമായ രീതിയിൽ ക്രോഡീകരിക്കാൻ സാധ്യമായിട്ടില്ല.
ഒരു സാംസ്കാരിക സമൂഹത്തിന്റെ സംസാരങ്ങളും ആശയ കൈമാറ്റങ്ങൾ തീർത്തും കുറഞ്ഞ വാക്കിൽ ഒതുക്കി വളരെ ബൃഹത്തായ സാരം ഉൾക്കൊണ്ടതാകും. അതിനാൽ ശ്രോതാക്കളായ ജനങ്ങൾക്ക് ഇത്തരത്തിലുള്ള വാക്കുകൾ പെട്ടെന്ന് മനസ്സിലാക്കാനും ഉൾക്കൊള്ളാനും സാധിക്കും.
എത്രമേൽ, സുസ്ഥിരമായ അല്ലെങ്കിൽ സമ്പുഷ്ടമായ ഒരു ഉത്തമ സമൂഹത്തെ വാർത്തെടുക്കാനും ഇത് ആവശ്യമാണ്. ഇതിനെല്ലാം അത്യാവശ്യമായി നാം അറിയേണ്ടതും ഉൾക്കൊള്ളേണ്ടതും പഴമൊഴികളിലെ വാക്കു ക്രമീകരണങ്ങളും ആശയവ്യാപ്തിയുമാണ്. അതായിരുന്നു മുൻകാല നേതാക്കളെയും സാമൂഹിക പരിഷ്കർത്താക്കളെയും ജനമനസ്സുകൾ സ്വാധീനിക്കാൻ കാരണമായിത്തീർന്നത്.

അത്രമേൽ പച്ചയായ മനുഷ്യന്റെ ജീവിത യാഥാർഥ്യങ്ങളുമായി ചേർന്നുനിൽക്കുന്നവയാണ് പഴയകാല ചൊല്ലുകൾ. പേരിലുള്ള പഴമ കണ്ടുകൊണ്ടാകാം പുതിയ കാലം ചൊല്ലുകൾക്കത്ര മുഖവില കൊടുക്കാത്തത്. കാലം കാത്തുവെച്ച ഭാഷാന്തരങ്ങളിലെ അമൂല്യനിധിയായിരുന്നു അത്. പഴമക്കാർക്ക് മാത്രം പരിചയമുള്ളതായി ചുരുങ്ങിയ അല്ലെങ്കിൽ പഴഞ്ചനായി പുതിയ തലമുറ അവഗണിക്കുന്നതായി ഗണിക്കപ്പെടുന്ന ഇത്തരം പാരമ്പര്യങ്ങൾ, ഈ അമൂല്യ സമ്പത്താണ് പുതിയ കാലത്തിന് ആവശ്യം. അധാർമികത നേരിടാനും പുതിയ ആവിഷ്കാര രീതിയിൽ രൂപപ്പെടുത്താനും പതിരില്ലാ പഴഞ്ചൊല്ലുകൾ സാഹിത്യങ്ങളിൽ കടന്നുവരുമ്പോൾ മാത്രമാണ് മൂല്യവത്തായ വാക്യങ്ങൾ രൂപപ്പെടുന്നതും നർമബോധമുള്ള മനസ്സുകൾ ആവിർഭവിക്കുന്നതും.

 

Latest