Connect with us

From the print

പൈതൃകമുറങ്ങുന്ന ചാലിയത്ത് കലയുടെ മാമാങ്കം; ഐ എ എം ഇ ആര്‍ട്ടോറിയം ഇന്ന്

പുഴയും കടലും സംഗമിക്കുന്ന മണലാരണ്യത്തില്‍ വാക്കുകളും വര്‍ണങ്ങളും വരകളും രണ്ട് ദിനങ്ങളിലായി വസന്തം വിരിയിക്കും.

Published

|

Last Updated

കോഴിക്കോട് | ചരിത്രമുറങ്ങുന്ന ചാലിയത്തിന്റെ മണ്ണില്‍ രണ്ട് നാള്‍ കലയുടെ മാമാങ്കം. ഐഡിയല്‍ അസ്സോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജ്യൂക്കേഷന്‍ (ഐ എ എം ഇ) സംസ്ഥാന ആര്‍ട്ടോറിയത്തിന് ഇന്ന് തുടക്കം. ഇസ്ലാമിക സംസ്‌കൃതിക്ക് നാന്ദികുറിച്ച് കൊണ്ട് കൊടുങ്ങല്ലൂര്‍ കേന്ദ്രമായി മാലികിബ്നു ദീനാറും സംഘവും നിര്‍മിച്ച ചാലിയം പുഴക്കരപ്പള്ളി, ഹിജ്റ എട്ടാം നൂറ്റാണ്ടില്‍ രചിച്ച മുഹിയിദ്ദീന്‍ മാലയുടെ ഗ്രന്ഥകര്‍ത്താവായ ഖാളി മുഹമ്മദിന്റെ സ്മരണകളുയര്‍ത്തുന്ന ജന്മദേശം, ഹൈദരാബാദ് നൈസാമിന്റെ ആസ്ഥാന പണ്ഡിതനും അറിവിന്റെ പ്രഭാവവുമായി ദീനീ വിജ്ഞാന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആത്മീയാചാര്യന്‍ അഹ്്മദ് കോയ ശാലിയാത്തിയടക്കമുള്ള മഹാത്മാക്കളുടെ ഭൂമികയായ ചാലിയത്താണ് വിവിധ ജില്ലകളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ മാറ്റുരക്കാനെത്തുന്നത്.

ലോക സഞ്ചാരിയായ ഇബ്നു ബത്തൂത്ത തന്റെ പുസ്തകത്തില്‍ ഭംഗിയുടെ കേദാരമെന്ന് പരിചയപ്പെടുത്തിയ പുഴയും കടലും സംഗമിക്കുന്ന മണലാരണ്യത്തില്‍ വാക്കുകളും വര്‍ണങ്ങളും വരകളും രണ്ട് ദിനങ്ങളിലായി വസന്തം വിരിയിക്കും.

സുലൈമാന്‍ നബിയുടെ സാമ്രാജ്യത്തില്‍ നിന്ന് സമുദ്ര സഞ്ചാരികള്‍ സന്ദര്‍ശിച്ച് സുഗന്ധദ്രവ്യങ്ങളടക്കമുള്ള വാണിജ്യ വിനിമയങ്ങള്‍ക്കും ചാലിയം ദേശത്തെ പ്രയോജനപ്പെടുത്തിയിരുന്നു. മലബാറിലെ ആദ്യ റെയില്‍പ്പാത , കോഴിക്കോട് ഖാസിമാരുടെ ആദ്യകാല ആസ്ഥാനം, കപ്പല്‍ നാവികര്‍ക്കുള്ള ലൈറ്റ് ഹൗസ് സമുച്ചയം, ചാലിയം ഖലാസിമാരുടെ പ്രവര്‍ത്തന കേന്ദ്രം, പ്രാചീന ഉരു ബോട്ട് നിര്‍മാണ ശാലകള്‍ തുടങ്ങിയവയെല്ലാം ഈ പ്രദേശത്തിന്റെ ചരിത്രാവശിഷ്ടങ്ങളാണ്. ചാലിയര്‍ നെയ്ത്തുകാര്‍ എന്ന വിളിപ്പേരിനര്‍ഹരായിരുന്നതിനാല്‍ തന്നെ ചാലിയം പ്രദേശങ്ങളില്‍ നെയ്ത്തിന്റെ പ്രാഗത്ഭ്യം വിളിച്ചോതുന്ന പുരാതന കുടില്‍ വ്യവസായങ്ങളുടെ ശേഷിപ്പുകള്‍ ഇന്നുമുണ്ട്.

ദൈനംദിന ജീവിതത്തോടും ജീവിത മുഹൂര്‍ത്തങ്ങളോടും ഇണങ്ങിനില്‍ക്കുന്നത് കൊണ്ട് തന്നെ അവകള്‍ സംയോജിപ്പിച്ചാണ് സ്‌കൂള്‍ കലോത്സവമായ ആര്‍ട്ടോറിയത്തിന് വേദികളൊരുങ്ങുന്നത്. ബുര്‍ദ, ഖവാലി, ദഫ് മുട്ട്, അറബന, മാപ്പിളപ്പാട്ട് ഉള്‍പ്പെടെയുള്ള സ്റ്റേജ് മത്സരങ്ങളും കാലിഗ്രഫി പോലെയുള്ള സ്റ്റേജിതര മത്സരങ്ങള്‍ക്കുമാണ് ചാലിയം ക്രസന്റ് പബ്ലിക് സ്‌കൂളും പരിസരവും അണിഞ്ഞൊരുങ്ങിയത്. വിവിധ ജില്ലകളില്‍ നിന്നും മത്സരിച്ച് പ്രാഗത്ഭ്യം തെളിയിച്ച 2,000 വിദ്യാര്‍ഥി പ്രതിഭകള്‍ക്ക് പുതിയൊരനുഭവം തീര്‍ക്കാനാണ് ഈ വര്‍ഷത്തെ ആര്‍ട്ടോറിയം ലക്ഷ്യമിടുന്നത്. 130 ഇനങ്ങളിലായി കേരളത്തിലെ 65 സ്‌കൂളുകളാണ് മത്സരിക്കാനെത്തുന്നത്. ഇന്ന് രാവിലെ പത്തിന് മന്ത്രി അഹ്്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. നാളെ രാവിലെ മുതല്‍ തുടങ്ങുന്ന വിദ്യാര്‍ഥികളുടെ പരിപാടികള്‍ക്ക് വൈകുന്നേരത്തോടെ പരിസമാപ്തി കുറിക്കും. സമാപന സമ്മേളനത്തില്‍ മന്ത്രി വി അബ്ദുര്‍റഹ്്മാന്‍ സംബന്ധിക്കും.