ആത്മായനം
നികൃഷ്ടങ്ങളുടെ പൂട്ട്
തിന്മകളുടെയും തെറ്റുകളുടെയും വാതിലടച്ചുകളയുന്ന ഒരു സദ് സ്വഭാവമായിട്ടാണ് ലജ്ജാശീലത്തെ മതം കാണുന്നത്. അത് മനുഷ്യനെ സംസ്കാരസമ്പന്നനും മാന്യനുമാക്കുന്നു. ലജ്ജ എന്ന സദ്‌ഗുണം നീക്കപ്പെടുന്നതിലൂടെ അവന്റെ സാംസ്കാരികപതനം തുടങ്ങുന്നു. അവയൊക്കെയാണല്ലോ കുറ്റകൃത്യങ്ങളായി തെരുവിൽ വിലസുന്നതും നമ്മുടെ സാമൂഹിക ക്രമത്തെ വഷളാക്കുന്നതും. ഇന്ന് ലജ്ജ നമ്മുടെ കൂടെയുണ്ടായാൽ നാളെ ലജ്ജിച്ച് തല താഴ്ത്തേണ്ടി വരില്ല.
ദൃശ്യമാധ്യമങ്ങളുടെ പ്രജനനവും വാണിജ്യവത്കരണത്തിന്റെ ദ്രുതഗതിയും നമ്മിൽ നിന്നും തൂക്കിയെറിഞ്ഞുകളഞ്ഞ മൂല്യമേറിയൊരു കാര്യമുണ്ട്. അതത്രേ ലജ്ജ. നോക്കൂ… പൊതുവിടത്തെ പരിഗണിക്കാതെ, താൻ അഭിമുഖീകരിക്കുന്ന സമൂഹത്തെ നോക്കാതെ, പറയുന്നതിന്റെ ശരികേടുകളെ ആലോചിക്കാതെ തോന്നിയത് എന്തും ചെയ്യാനും പറയാനും മടിയില്ലാത്ത ഒരു വിഭാഗം നമുക്ക് ചുറ്റുമുണ്ട്. അവർ വിപ്ലവകാരികളൊന്നുമല്ല. പക്ഷേ, വിപ്ലവകാരികളുടെ ഭാവമാണവർക്ക്. ഉടുപ്പഴിക്കലാണ് അവരുടെ മാന്യത, തോന്നിയത് പറയലാണ് അവരുടെ നിലപാട്, നികൃഷ്ടമായ ഇടങ്ങളാണെങ്കിലും അത്തരം സ്ഥലങ്ങളിലേക്ക് പരസ്യമായി കയറിച്ചെല്ലലാണ് അവരുടെ ധീരത.
സാമൂഹികക്രമത്തെ തകിടം മറിക്കുന്ന ഇത്തരം പ്രവണതകളുടെയെല്ലാം അടിസ്ഥാനം ലജ്ജയില്ലായ്മയാണ്. ലജ്ജ, മനുഷ്യനുണ്ടാകേണ്ട പ്രധാനപ്പെട്ട ഗുണമാണ്. അതുകൊണ്ട് തന്നെയാണ് മതം വിശ്വാസത്തിന് നൽകിയ അതേ പ്രാധാന്യം ലജ്ജക്കും നൽകിയത്.
“ലജ്ജയും ഈമാനും അനുപൂരകങ്ങളത്രേ. അവയിൽ ഒന്ന് നഷ്ടപ്പെട്ടാൽ മറ്റേതും നഷ്ടപ്പെടും.’ (ഹാകിം)
വിശ്വാസത്തിൽ നിന്ന് രൂപപ്പെടുന്നതാണ് ലജ്ജാശീലം. മനുഷ്യരെ വെളിച്ചമുള്ളവരാക്കുന്നതിൽ അവ രണ്ടിനുമുള്ള പങ്ക് നിസ്തുലമാണ്. അല്ലാഹുവിനെ അനുസരിക്കാനും അവന്റെ കൽപ്പന മാനിച്ചുകൊണ്ട് പ്രവർത്തിക്കാനും രഹസ്യ ജീവിതത്തിലും പരസ്യ ജീവിതത്തിലും പടച്ചവന്റെ നിരീക്ഷണത്തെ ജാഗ്രതയോടെ കാണാനും മനുഷ്യർക്ക് ആത്മബലം നൽകുന്നതും ഇത് രണ്ടും തന്നെയാണ്. സൗഹൃദങ്ങളേ…എണ്ണിയാലൊടുങ്ങാത്ത തിന്മകളാണ് വിവിധ രൂപത്തിൽ നമ്മുടെ മുന്നിൽ പ്രലോഭിപ്പിച്ച് കാത്ത് നിൽക്കുന്നത്. ജാഗ്രതയില്ലാത്ത മനസ്സിന്റെ ഉടമകൾ ഏതു നിമിഷവും അവയുടെ കെണികളിൽ പെട്ടുപോകും. ആ സന്ദർഭങ്ങളിൽ മനുഷ്യന് സഹായിയാകുന്നത് ലജ്ജാശീലമാണ്.
ശരീരത്തിന്റെ ചൂടുപോലെ നല്ല മനുഷ്യനോടൊപ്പം ഒട്ടിനിൽക്കേണ്ട ലജ്ജ, ജീവിതത്തിൽ നന്മയല്ലാതെ നൽകുകയില്ല. തിരുദൂതർ (സ) അത് ഓർമപ്പെടുത്തിയിട്ടുമുണ്ട് “ലജ്ജ നന്മയല്ലാതെ കൊണ്ടുനൽകില്ല.’ (ബുഖാരി, മുസ്്ലിം) “ലജ്ജ, അത് മുഴുവനും നന്മയാണ്’ ( മുസ്്ലിം) തുടങ്ങിയ വചനങ്ങൾ അത് വ്യക്തമാക്കുന്നു.
ഒരു യഥാർഥ വിശ്വാസിയിൽ ലജ്ജാശീലം പഠിപ്പിച്ചുണ്ടാക്കേണ്ട ആവശ്യമില്ല. തന്റെ ആദർശത്തിന്റെ ഭാഗമാണ് പ്രസ്‌തുത സ്വഭാവഗുണം. തന്റെയൊരു സഹോദരനെ ലജ്ജാശീലത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി ഉപദേശിച്ചുകൊണ്ടിരിക്കുന്ന ഒരു സ്വഹാബിയെ കണ്ടപ്പോൾ നബി (സ) ആ മനുഷ്യനോട് പറഞ്ഞു: “അയാളെ വിട്ടേക്ക്, ലജ്ജ ഈമാനിൽപ്പെട്ടതാണ്.’ (ബുഖാരി, മുസ്‌ലിം) വിശ്വാസത്തിന്റെ മധുരമറിഞ്ഞവൻ ലജ്ജയെന്ന ശ്രേഷ്ഠ ഗുണത്തിന്റെ മധുരവുമറിഞ്ഞവനാണെന്ന് സാരം. അത്തരമൊരാളെ രണ്ട് ഗുണങ്ങളുടെയും വേറിട്ട മാധുര്യം പറഞ്ഞു പഠിപ്പിക്കേണ്ട ആവശ്യമില്ല. വിശ്വാസത്തിന്റെ ഏറ്റക്കുറച്ചിൽ ലജ്ജാശീലത്തിലും പ്രതിഫലിക്കും.
നല്ലവരും, നന്മകളുമായുള്ള നിരന്തര സമ്പർക്കത്തിലൂടെ, വിശ്വാസത്തിന്റെ ശക്തി ക്ഷയിക്കാതെ നിലനിർത്താനാകും. ലജ്ജയുടെ കാര്യത്തിലുമതേ. ലജ്ജയില്ലാത്ത കൂട്ടുകാരോടൊത്തുള്ള സഹവാസം നമ്മിൽ സാരമായ മാറ്റങ്ങളുണ്ടാക്കും. പതിയെ പതിയെ നമ്മുടെ വാക്കിലും കർമത്തിലുമെല്ലാം ലജ്ജയില്ലാത്ത പ്രവണതകൾ കടന്നു വരും. പരിസരം പരിഗണിക്കാതെ സ്വന്തം വ്യക്തിത്വത്തെ സാരമായി ബാധിക്കും വിധം ചീത്തവൃത്തികളിലേർപ്പെടുന്ന മനുഷ്യരെ കണ്ടിട്ടില്ലേ? അവർ അവസാനം സമൂഹത്തിന്റെ തന്നെ ദുരന്തമായി പരിവർത്തിക്കപ്പെടും. “നിനക്ക് നാണമില്ലെങ്കിൽ തോന്നിയത് പ്രവർത്തിച്ചോളൂ.’ (ബുഖാരി) എന്ന റസൂലിന്റെ കർക്കശ ഭാഷ അത്തരക്കാരുടെ നെഞ്ചിൻകൂട്ടിൽ തുളച്ചുകയറുന്നതാണ്. “നാണമുള്ളവന്റെ മാനം സുരക്ഷിതമാകും, അവന്റെ അപാകതകൾ ആളുകളിൽ നിന്ന് മറച്ചു വെക്കപ്പെടും, അവനിലെ നന്മകൾ ജനങ്ങൾക്കിടയിൽ പ്രചരിക്കപ്പെടും’ എന്ന് ഒരു അറബി കവി പാടിയിട്ടുണ്ട്.
വിശ്വാസിയുടെ ലജ്ജാശീലം അല്ലാഹുവോടും മലക്കുകളോടും ജനങ്ങളോടും സ്വന്തത്തോടും ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. പ്രപഞ്ചനാഥന്റെ നിരീക്ഷണത്തെ മനസ്സിൽ സജീവമാക്കി നിർത്തലാണ് അല്ലാഹുവോടുള്ള ലജ്ജ. “കണ്ണുകളുടെ കള്ളനോട്ടവും, ഹൃദയങ്ങൾ മറച്ചുവെക്കുന്നതും അവൻ അറിയുന്നു’ (ഗാഫിർ: 19) എന്ന ബോധമാണത്. സത്യവിശ്വാസിയുടെ നിമിഷങ്ങളിലോരോന്നും ഈ ബോധത്തിന്റെ പ്രതിഫലനങ്ങളായിരിക്കും. നന്മകളുമായുള്ള നിരന്തര സമ്പർക്കത്തിനും തിന്മകളിൽ നിന്നുള്ള ബഹു ദൂര അകൽച്ചക്കും വിശ്വാസിയെ പ്രാപ്‌തനാക്കുന്നത് ഈ ലജ്ജയാണ്. അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) നിവേദനം ചെയ്ത ഒരു ഹദീസ് ശ്രദ്ധിക്കാം:
റസൂൽ (സ) പറഞ്ഞു:
“നിങ്ങൾ അല്ലാഹുവോട് യഥാർഥ ലജ്ജാശീലം കാത്തുസൂക്ഷിക്കുക. അപ്പോൾ ഞങ്ങൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾ ലജ്ജാശീലം കാത്തുസൂക്ഷിക്കുന്നവരാണ്, അപ്പോൾ തിരുമേനി മൊഴിഞ്ഞു: കാര്യം അപ്രകാരമല്ല; ആരാണോ, അല്ലാഹുവിനോട് യഥാർഥ ലജ്ജാശീലം കാത്തുസൂക്ഷിക്കുന്നത്, അവൻ തന്റെ ശിരസ്സിനേയും അതിലുള്ള അവയവങ്ങളേയും സൂക്ഷിക്കട്ടെ, അവന്റെ വയറിനേയും അതിലുള്ളതിനേയും സൂക്ഷിക്കട്ടെ, മരണത്തേയും ദുനിയാവിലെ നാശത്തേയും ഓർമിക്കട്ടെ, പരലോകത്തെ ഉദ്ദേശിക്കുന്നവൻ ഐഹികാലങ്കാരങ്ങളെ ഒഴിവാക്കട്ടെ. ഇപ്രകാരം ആര് പ്രവർത്തിക്കുന്നുവോ അവനാണ് അല്ലാഹുവിനോട് യഥാർഥ ലജ്ജാശീലം കാത്തുസൂക്ഷിക്കുന്നവൻ.'(അഹ്‌മദ്, തിർമിദി)
നന്മകൾ ചെയ്യുകയും തിന്മകൾ ഒഴിവാക്കുകയും ചെയ്യുന്നു എന്ന പൊതുകാഴ്‌ചപ്പാടിനപ്പുറം ലജ്ജയുടെ മാനം വിശാലമാണ് എന്ന പാഠമാണ് ഈ ഹദീസ് പങ്കുവെക്കുന്നത്.
ശിരസ്സും അതിലെ കണ്ണും കാതും നാക്കുമൊക്കെ ലജ്ജയാൽ നിയന്ത്രിക്കപ്പെടണം. അല്ലാഹു കനിഞ്ഞു നൽകിയ പ്രസ്‌തുത അവയവങ്ങളൊക്കെ അവന്റെ പ്രീതിക്കുതകുന്ന വിധം ഉപയോഗിക്കുന്നതും, അവയെ അവന്റെ കോപത്തിന് വിധേയമാക്കുന്ന സർവതിൽ നിന്നും സംരക്ഷിച്ചു നിർത്തുന്നതും വിശ്വാസിയുടെ പരലോകരക്ഷക്ക് കാരണമാകും. തീർച്ചയായും കേൾവി, കാഴ്‌ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്.’ (ഇസ്റാഅ്: 36) എന്ന ബോധ്യം നമുക്ക് വേണം.
അശ്ലീലങ്ങളിലേക്ക് കണ്ണയക്കാതിരിക്കാനും, അനാവശ്യങ്ങൾക്കു വേണ്ടി നാവെടുക്കാതിരിക്കാനും, ചീത്തസംസാരങ്ങൾക്ക് ചെവികൊടുക്കാതിരിക്കാനും വേണ്ടാത്തത് ചിന്തിക്കാതിരിക്കാനും നമുക്കാവുന്നത് ലജ്ജയുള്ളത് കൊണ്ടാണ്. ലജ്ജയുള്ളവർക്ക് ജോലിയിലും സമ്പാദ്യത്തിലും വിഭവങ്ങളുടെ ഉപയോഗത്തിലും അനുവദിക്കപ്പെട്ടതാണോ അല്ലയോ എന്ന ആലോചനയുണ്ടാകും. നല്ല മനുഷ്യർ സ്വന്തം വയറിനുള്ളിലേക്ക് അനുവദനീയമായതേ എത്തിക്കുകയുള്ളൂ. കൺമുന്നിൽ സമൃദ്ധമായി കിട്ടാനുണ്ട് എന്നത് കൊണ്ട് എന്തുമേതും വാരി വലിച്ചനുഭവിക്കുന്ന സ്വഭാവക്കാരനാവുകയില്ല അവൻ. നല്ലതു തിന്ന് വളരുന്ന അടിമയുടെ ആരാധനകളാണല്ലോ അല്ലാഹുവിന് ഇഷ്ടമുള്ളത്. അത്തരക്കാരിൽ നിന്നാണ് അവൻ പ്രാർഥനകൾ പോലും സ്വീകരിക്കുക.
ഒരു ഹദീസിതാ “ദീർഘയാത്ര കഴിഞ്ഞ്, തലമുടി പാറിപ്പറന്ന്, ദേഹം മുഴുവൻ പൊടിപുരണ്ടെത്തിയ ഒരു മനുഷ്യൻ, അയാൾ തന്റെ കൈകൾ ആകാശത്തേക്കുയർത്തി, എന്റെ റബ്ബേ… എന്റെ റബ്ബേ… എന്ന് വിളിച്ച് പ്രാർഥിക്കുകയാണ്. അവൻ തിന്നുന്ന ഭക്ഷണം നിഷിദ്ധമായതാണ്, അവൻ കുടിക്കുന്ന പാനീയം നിഷിദ്ധമായതാണ്, അവൻ ഉടുക്കുന്ന വസ്ത്രം നിഷിദ്ധമായതാണ്, നിഷിദ്ധമായത് കൊണ്ടാണ് അവൻ പുഷ്‌ടിപ്പെട്ടിരിക്കുന്നത്. അങ്ങനെയിരിക്കെ, അവന്റെ പ്രാർഥനക്ക് എങ്ങനെ ഉത്തരം ലഭിക്കാനാണ്?’ (മുസ്ലിം) അശ്രദ്ധമായ ജീവിതം കൊണ്ട് പ്രാർഥനയുടെ വഴി പോലും നമ്മൾ തന്നെ അടച്ചുകളയുകയാണ്.
ഒതുക്കിപ്പറഞ്ഞാൽ തിന്മകളുടെയും തെറ്റുകളുടെയും വാതിലടച്ചുകളയുന്ന ഒരു സദ്്സ്വഭാവമായിട്ടാണ് ലജ്ജാശീലത്തെ മതം കാണുന്നത്. അത് മനുഷ്യനെ സംസ്കാരസമ്പന്നനും മാന്യനുമാക്കുന്നു. ലജ്ജ എന്ന സദ്‌ഗുണം നീക്കപ്പെടുന്നതിലൂടെ അവന്റെ സാംസ്കാരികപതനം തുടങ്ങുന്നു. അവയൊക്കെയാണല്ലോ കുറ്റകൃത്യങ്ങളായി തെരുവിൽ വിലസുന്നതും നമ്മുടെ സാമൂഹിക ക്രമത്തെ വഷളാക്കുന്നതും. ഇന്ന് ലജ്ജ നമ്മുടെ കൂടെയുണ്ടായാൽ നാളെ ലജ്ജിച്ച് തല താഴ്ത്തേണ്ടി വരില്ല. അല്ലാഹു സഹായിക്കട്ടെ.




