Connect with us

Book Review

നന്മയുടെ നാട്ടുവെളിച്ചം

അടുക്കും ചിട്ടയുമായുള്ള കൂറ്റനാടിന്റെ ചരിത്രമല്ല ഇതിൽ നാം വായിക്കുക. മറിച്ച്, ഒരുപാട് ജീവിതങ്ങൾ, കഥാസന്ദർഭങ്ങൾ എന്നിവയാണ്. അതുകൊണ്ടു തന്നെ മുഷിയാതെ വായിക്കാം എന്നതും "കൂറ്റനാടിന്റെ പുരാവൃത്തങ്ങളുടെ' സവിശേഷതയാണ്. കൂടാത ഈ പുസ്തകം കൂറ്റനാടിന്റെ ചരിത്രം തേടി വരുന്ന പുതുതലമുറക്ക് ഒരു വഴികാട്ടിയാകും എന്ന കാര്യത്തിലും തർക്കമില്ല.

Published

|

Last Updated

കൂറ്റനാട് എന്ന പേര് കേട്ടാൽ ആദ്യം മനസ്സിൽ തോന്നുക ആടുമായി ബന്ധപ്പെട്ട ഒരു സ്‌ഥലമാണ് കൂറ്റനാട് എന്നാണ്. കൂറ്റനാട് എന്ന പേരിൽ ആട് ഉണ്ടെങ്കിലും ഈ സ്ഥലത്തിന് ഈ പേര് ലഭിക്കാൻ കാരണം മറ്റൊന്നാണ്.

പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായ ഉപ്പുകൂറ്റന്റെ നാട് പിൽക്കാലത്ത് കൂറ്റനാടായി മാറി എന്നാണ് പറയുന്നത്. പറയിപെറ്റ പന്തിരുകുലം , കേരള നവോത്ഥാനം, വൈദ്യം, കലകൾ എന്നിവയുമായി ബന്ധപ്പെട്ട് ഏറെ ശ്രദ്ധേയമായ തൃത്താല, മേഴത്തൂർ, പെരിങ്ങോട് എന്നീ ദേശങ്ങൾ സ്ഥിതി ചെയ്യുന്നത് കൂറ്റനാടിന്നടുത്താണ്.

തൃത്താലയും മേഴത്തൂരും പെരിങ്ങോടുമൊക്കെ പല തരത്തിൽ പലതിലും വലിയ തരത്തിൽ അടയാളപ്പെടുത്തിവെക്കപ്പെട്ടിട്ടുണ്ട്. അത് ഇപ്പോഴും തുടർന്ന് പോരുന്നുമുണ്ട്. എന്നാൽ, കൂറ്റനാടിനെ കുറിച്ച് ഏറെ എഴുതിവെക്കപ്പെട്ടിട്ടില്ല എന്ന് തന്നെ പറയാം.

ഇവിടെയാണ് ബഷീർ തട്ടത്താഴത്ത് എന്ന എഴുത്തുകാരന്റെ “കൂറ്റനാടിന്റെ പുരാവൃത്തങ്ങളിൽ’ എന്ന കൃതിയുടെ പ്രസക്തി. നാം ഓരോരുത്തരും തന്നെ ഓരോ കഥയിലേയും നായകൻമാരും നായികമാരും വില്ലൻമാരും വില്ലത്തികളും ഒക്കെ തന്നെയാണ്. നമ്മേ പോലെ തന്നെ മറ്റുള്ളവർക്കും കഥകളുണ്ടെന്നും ആ കഥയിലെ നായകനും നായികയുമൊക്കെ അവർ തന്നെയാണ് എന്ന് തിരിച്ചറിയുന്നിടത്താണ് ഒരു എഴുത്തുകാരൻ വിജയിക്കുന്നത്.

എഴുത്തുകാരൻ സ്വന്തം ജീവിതവും അവന്റെ ചുറ്റുപാടുകളും അവനുമായി ബന്ധപ്പെട്ട സംഭവങ്ങളുമൊക്കെ കഥയായും അനുഭവമായും എഴുതിവെക്കാറുണ്ട്. അത്തരത്തിൽ സ്വന്തം ജീവിതാനുഭവങ്ങളിൽ ഈ എഴുത്തുകാരൻ കുറിച്ചുവെച്ചതാകട്ടെ കൂറ്റനാട് എന്ന ഗ്രാമത്തിലെ പഴയ കാല ജീവിതരേഖകളാണ്. ഇതിൽ പഴയ കൂറ്റനാടിന്റെ താരങ്ങളുണ്ട്. ഇല്ലായ്മക്കാരുണ്ട്. താളം തെറ്റിയ മനുഷ്യരുണ്ട്. നാട്ടിൽ എന്ത് കാര്യത്തിനും ഓടിയെത്തുന്ന യാഹുക്കയെ പോലെയുള്ള മനുഷ്യരും, ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത രാമൻ നായരെ പോലുള്ളവരും ഒന്നുമില്ലായ്മയിലേക്ക് തിരിച്ചുനടന്നവരുമെല്ലാം ഇതിലുണ്ട്. ഇതെല്ലാം അന്പത് വർഷം മുമ്പ് വലിയ സംഭവങ്ങൾ തന്നെയാണ് എന്ന് ഇവ വായിക്കുമ്പോൾ ബോധ്യപ്പെടും.

കൂടാതെ പഴയകാല വായ്പ്പാട്ട് ഓർമപ്പെടുത്തി എത്തുന്ന പറമ്പിൽ കുഞ്ഞാറുക്ക, അകത്തെകുഞ്ഞു മാൻക്ക (കുരുത്തോല വളപ്പിൽ ) എന്നിവരൊക്കെ പഴയ കാലത്തെ തിളങ്ങുന്ന കഥാപാത്രങ്ങൾ തന്നെയാണ്. തങ്ങളുടെ വായ്പ്പാട്ടിന്റെ സ്ഥാനം ഉച്ചഭാഷിണി കൈയടക്കിയപ്പോൾ കുഞ്ഞാറുക്ക ഉച്ചഭാഷിണിയെ വിളിക്കുന്നത് “ചാത്തപ്പൻ കൊയൽ’ എന്നാണ്.

കൂറ്റനാട്ടെ ആദ്യകാല ബസ് സർവീസായ കേരള റോഡ്്വെയ്സ് മുതൽക്കുള്ള വാഹന സൗകര്യങ്ങളുടെ കുറിപ്പും പഴയകാല നാടക പ്രവർത്തകരെപ്പറ്റിയുള്ള കുറിപ്പും സൈക്കിൾ യത്‌നവും ചങ്ങായിക്കുറിയുമൊക്കെ ഇന്ന് വായിക്കുമ്പോൾ ചിലർക്കെങ്കിലും അതിശയമായി തോന്നാം. കൂടാതെ നിരവധി താളം തെറ്റിയ മനസ്സുകളെ കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നുണ്ട്. തികച്ചും സാധാരണക്കാരായ കാക്ക ജനകി മുതൽ , സിദ്ധൻ സ്പെഷ്യലിസ്റ്റ് വരെയുള്ളവർ കൂറ്റനാടിൽ അടയാളപ്പെടുത്തുന്നു എന്നത് മറക്കാത്ത ഓർമകളായി നിൽക്കും. അടുക്കും ചിട്ടയുമായുള്ള കൂറ്റനാടിന്റെ ചരിത്രമല്ല ഇതിൽ നാം വായിക്കുക. മറിച്ച്, ഒരുപാട് ജീവിതങ്ങൾ, കഥാസന്ദർഭങ്ങൾ എന്നിവയാണ്. അതുകൊണ്ടു തന്നെ മുഷിയാതെ വായിക്കാം എന്നതും കൂറ്റനാടിന്റെ പുരാവൃത്തങ്ങളുടെ സവിശേഷതയാണ്. കൂടാത ഈ പുസ്തകം കൂറ്റനാടിന്റെ ചരിത്രം തേടി വരുന്ന പുതു തലമുറക്ക് ഒരു വഴികാട്ടിയാകും എന്ന കാര്യത്തിലും തർക്കമില്ല. പ്രസാധകർ അക്ഷരജാലകം ബുക്സ്. വില 120 രൂപ.

Latest