Connect with us

t20worldcup

ഐ പി എൽ അരങ്ങൊഴിഞ്ഞു ഇനി ലോകകപ്പ് പൂരം

ഒമാനിലാണ് ഗ്രൂപ്പ് മത്സരങ്ങൾ. തുടർന്നുള്ള മത്സരങ്ങൾ യു എ ഇയിൽ നടക്കും

Published

|

Last Updated

മസ്‌കത്ത് | 14ാമത് എഡിഷൻ ഐ പി എൽ ടൂർണമെന്റ് യു എ ഇയിൽ സമാപിച്ചതോടെ ടി20 ലോകകപ്പ് ആവേശത്തിന് ഇന്ന് കൊടി ഉയരും. അടുത്ത മാസം 14 വരെയാണ് ടൂർണമെന്റ്. ഒമാനിലാണ് ഗ്രൂപ്പ് മത്സരങ്ങൾ. തുടർന്നുള്ള മത്സരങ്ങൾ യു എ ഇയിൽ നടക്കും.

മത്സരത്തിന്റെ സംഘാടകർ ബി സി സി ഐ ആണെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യക്ക് പുറത്ത് മത്സരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

രണ്ട് ഘട്ടങ്ങളിലായാണ് മത്സരങ്ങൾ. ഒമാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അയർലാൻഡ്, നെതർലാൻഡ്‌സ്, സ്‌കോട്ട്‌ലാൻഡ്, നമീബിയ, പാപുവ ന്യൂഗിനിയ എന്നീ എട്ട് ടീമുകൾ പങ്കെടുക്കുന്ന ആദ്യഘട്ട മത്സരങ്ങൾ മസ്‌കത്തിൽ ഇന്ന് തുടങ്ങും.

രണ്ട് ഗ്രൂപ്പുകളിലായി നടക്കുന്ന 12 കളികൾക്കു ശേഷം ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം അടുത്ത ഘട്ടത്തിലേക്ക് (സൂപ്പർ 12) യോഗ്യത നേടും. ഈ നാല് ടീമുകളും ടി20 റാങ്കിംഗിലെ ആദ്യ എട്ട് സ്ഥാനക്കാരുമാണ് ഈ മാസം 24 മുതൽ യു എ ഇയിൽ നടക്കുന്ന സൂപ്പർ 12 റൗണ്ടിൽ പങ്കെടുക്കുക.

ലോകകപ്പിനെ വരവേൽക്കുന്നതിനായി ഒമാനിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. മുന്നൊരുക്കങ്ങൾ പരിശോധിക്കുന്നതിനായി ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിൽ സംഘം മസ്‌കത്തിലെ ആമിറാത്ത് ക്രിക്കറ്റ് സ്റ്റേഡിയം സന്ദർശിച്ചിരുന്നു. യു എ ഇയിൽ ഐ പി എൽ നടന്ന വേദികളിൽ തന്നെയാണ് ലോകകപ്പ് മത്സരങ്ങളും അരങ്ങേറുക.

ആദ്യ മത്സരം ഒമാൻ- പാപുവ ന്യൂ ഗിനിയ
ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങൾ ഇന്ന് മസ്‌കത്തിൽ ആരംഭിക്കും. ഉച്ചക്ക് ശേഷം 3.30ന് ഒമാൻ ന്യൂ ഗിനിയയെ നേരിടും. വൈകിട്ട് ആറിന് ബംഗ്ലാദേശ് സ്‌കോട്ട്‌ലാൻഡിനെ നേരിടും. ആമിറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ. ഗ്രൂപ്പ് എ: അയർലാൻഡ്, നെതർലാൻഡ്, ശ്രീലങ്ക, നമീബിയ. ഗ്രൂപ്പ് ബി: ബംഗ്ലാദേശ്, ഒമാൻ, സ്‌കോട്‌ലാൻഡ്, പാപുവ ന്യൂഗിനിയ.

ശ്രീലങ്ക ഉൾപ്പെടെ ടീമുകൾ ഇതിനോടകം ഒമാനിലെത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങൾ തമ്മിൽ സന്നാഹ മത്സരങ്ങളും അരങ്ങേറുന്നുണ്ട്. മസ്‌കത്ത് നഗരത്തിൽ തന്നെയാണ് പരിശീലന വേദികളും ഒരുക്കിയിട്ടുള്ളത്.

കാണികളെ അനുവദിക്കും
ടി20 ലോകകപ്പ് മത്സരങ്ങൾക്കായി ആമിറാത്ത് ക്രിക്കറ്റ് ഗ്രൗണ്ട് ഒരുങ്ങി. കാണികളെ അനുവദിക്കും. വാക്‌സീൻ സ്വീകരിച്ച 2,500 മുതൽ 3,000 വരെ കാണികൾക്ക് ഒരു മത്സരത്തിൽ പ്രവേശനമുണ്ടാകുമെന്ന് ഒമാൻ ക്രിക്കറ്റ് അസ്സോസിയേഷൻ ചീഫ് ഡവലപ്‌മെന്റ് ഓഫീസർ ദുലീപ് മെൻഡിസ് പറഞ്ഞു. 1,100 മുതൽ 2,500 വരെ ലക്‌സ് ശേഷിയുള്ള ഫ്ലഡ്‌ലൈറ്റുകളാണ് ഇത്തരം ടൂർണമെന്റുകൾക്കായി ഐ സി സി നിർദേശിക്കുന്നത്. ഇത് സ്റ്റേഡിയത്തിൽ സംവിധാനിച്ചിട്ടുണ്ട്. വി ഐ പി ബോക്‌സ്, മീഡിയ ബോക്‌സ്, ടി വി കമന്റേറ്റേഴ്‌സ് ബോക്‌സ്, ടി വി കാമറ സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം ഗ്രൗണ്ടിൽ ഒരുക്കിയിട്ടുണ്ട്.