Connect with us

Kerala

വീട് തകര്‍ത്തു; ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പന്റെ പരാക്രമം

301 കോളനിയില്‍ വി ജെ ജോര്‍ജ് എന്നയാളുടെ വീടിന്റെ അടുക്കളയും ഷെഡും അരിക്കൊമ്പന്‍ തകര്‍ത്തു.

Published

|

Last Updated

ഇടുക്കി | ചിന്നക്കനാലില്‍ പരാക്രമം തുടര്‍ന്ന് അരിക്കൊമ്പന്‍. ഇവിടുത്തെ 301 കോളനിയില്‍ വി ജെ ജോര്‍ജ് എന്നയാളുടെ വീടിന്റെ അടുക്കളയും ഷെഡും അരിക്കൊമ്പന്‍ തകര്‍ത്തു. വിവരമറിഞ്ഞെത്തിയ വനപാലകരും അയല്‍വാസികളും ചേര്‍ന്ന് ആനയെ തിരികെ കാട്ടിലേക്ക് തുരത്തി.

അതിനിടെ, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് അയക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളുടെ എതിര്‍പ്പ് ശക്തമായിട്ടുണ്ട്. നടപടി തടയണമെന്ന് ആവശ്യപ്പെട്ട് കെ ബാബു എം എല്‍ എ ഇന്നലെ മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും കത്ത് നല്‍കിയിരുന്നു. വനം വകുപ്പ് നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്ന ആവശ്യവുമായി കര്‍ഷക സംരക്ഷണ സമിതി രംഗത്തെത്തിയിട്ടുണ്ട്. പറമ്പിക്കുളത്ത് 11ല്‍ അധികം ആദിവാസി കോളനികളുണ്ടെന്നാണ് കര്‍ഷക സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നത്.

അരിക്കൊമ്പനെന്ന ആക്രമണ സ്വഭാവമുള്ള കാട്ടാനയെ കൊണ്ടുവിടുന്നത് പറമ്പിക്കുളത്തെയും പരിസര പ്രദേശങ്ങളിലെയും സമാധാനാന്തരീക്ഷം തകര്‍ക്കുമെന്ന് നാട്ടുകാരും പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പറമ്പിക്കുളത്തു നിന്ന് ഇറങ്ങി വന്ന 27 ആനകളുടെ നിരന്തര ആക്രമണങ്ങള്‍ മൂലംമുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളില്‍ 40 ലക്ഷത്തിലധികം കാര്‍ഷിക വിളകളാണ്നശിച്ചത്. കൊല്ലങ്കോട് റേഞ്ച് വനം വകുപ്പിന്റെ അതികഠിനമായ പരിശ്രമത്തിലൂടെയാണ് 90 ശതമാനം ആനകളും കാട്ടിലേക്ക് തിരിച്ചു പോയതെന്നും പ്രദേശവാസികള്‍ വ്യക്തമാക്കുന്നു.