Connect with us

Articles

അന്ത്യദൂതരുടെ ആരോഗ്യ സുവിശേഷങ്ങള്‍

Published

|

Last Updated

മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളെയും സ്പര്‍ശിക്കുന്ന ജീവിത പദ്ധതി മാനവ കുലത്തിന് സമ്മാനിച്ച മുഹമ്മദ് നബി (സ്വ) ആരോഗ്യത്തെ ജീവിതത്തിലുടനീളം സംരക്ഷിക്കേണ്ട അല്ലാഹുവിന്റെ അനുഗ്രഹമായാണ് പരിചയപ്പെടുത്തുന്നത്. രോഗം വന്ന ശേഷം ചികിത്സിക്കുന്നതിനേക്കാള്‍ കൃത്യമായ ജീവിത ശൈലിയിലൂടെയും രോഗപ്രതിരോധ മാര്‍ഗങ്ങളിലൂടെയും ആരോഗ്യം സംരക്ഷിക്കുന്നതിനാണ് പ്രവാചകാധ്യാപനങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത്. ആരോഗ്യമുണ്ടാകുകയും അതിന് നന്ദി ചെയ്യുകയുമാണ് രോഗാതുരനാകുകയും ക്ഷമിക്കുകയും ചെയ്യുന്നതിനെക്കാള്‍ എനിക്കിഷ്ടമെന്ന് നബി (സ്വ) യോട് അബുദ്ദര്‍ദാഅ് (റ) പറഞ്ഞപ്പോള്‍ അല്ലാഹുവിന്റെ ദൂതരും നിന്റെ കൂടെ ആരോഗ്യത്തെ ഇഷ്ടപ്പെടുന്നുവെന്ന് തിരുനബി (സ്വ) പ്രതികരിച്ചതായി ഹദീസുകളില്‍ കാണാം. നബി (സ്വ) പറയുന്നു: “നിങ്ങള്‍ അല്ലാഹുവിനോട് വിശ്വാസദാര്‍ഢ്യത്തെയും ആരോഗ്യത്തെയും ചോദിക്കുക. വിശ്വാസദാര്‍ഢ്യം കഴിഞ്ഞാല്‍ പിന്നെ, ആരോഗ്യത്തേക്കാള്‍ ഉത്തമമായതൊന്നും ഒരാള്‍ക്കും നല്‍കപ്പെട്ടിട്ടില്ല’.
ആരോഗ്യവും ഒഴിവുസമയവും വഞ്ചിക്കപ്പെടുന്ന അനുഗ്രഹമാണെന്നും സൂക്ഷിക്കണമെന്നും അന്ത്യനാളില്‍ ചോദ്യം ചെയ്യപ്പെടുന്ന അനുഗ്രഹങ്ങളില്‍ ആദ്യത്തേത് ആരോഗ്യമാണെന്നും നബി (സ്വ) ഓര്‍മപ്പെടുത്തുന്നു. ശുചിത്വമാണ് ആരോഗ്യ സംരക്ഷണത്തിന്റെ പ്രാഥമിക മാനമായി വൈദ്യശാസ്ത്രം നിരീക്ഷിക്കുന്നത്.

വ്യക്തിശുചിത്വവും സാമൂഹിക ശുചിത്വവും ഏറെ പ്രധാനമാണ്. ശാരീരിക വൃത്തിയില്ലാതിരിക്കുമ്പോഴാണ് രോഗാണുക്കള്‍ ശരീരത്തില്‍ നിലനില്‍ക്കുന്നതും പകരാന്‍ സാധ്യതയേറുന്നതും. ഭക്ഷണം കഴിക്കുന്നതിനു മുമ്പും ടോയ്‌ലറ്റില്‍ നിന്ന് പുറത്തു വരുമ്പോഴും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോഴും കൈകളും മുഖവും കഴുകിക്കൊണ്ടിരിക്കണമെന്ന് വൈദ്യശാസ്ത്രം നിര്‍ദേശിക്കുന്നതും രോഗാണുക്കള്‍ വഴി രോഗവ്യാപനം നടക്കുന്നത് തടയാനാണ്. ദിവസവും അഞ്ച് നേരം വുളൂഅ് ചെയ്യുക വഴി 15 തവണ മുഖവും കൈകളും മുടിയും ചെവിയും കാലുകളും വൃത്തിയാക്കാന്‍ നിര്‍ദേശിക്കുന്ന നബി (സ്വ) വിശ്വാസത്തിന്റെ പകുതിയായി വൃത്തിയെ പരിചയപ്പെടുത്തുകയും ശുദ്ധിയുള്ളവരെ അല്ലാഹു ഇഷ്ടപ്പെടുന്നുണ്ടെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു.

ദന്ത ശുചീകരണത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്നതിനൊപ്പം വസ്ത്രം വൃത്തിയുള്ളതായിരിക്കണമെന്നും നഖം വെട്ടുന്നതിന്റെയും ശരീര രോമങ്ങള്‍ നീക്കം ചെയ്യുന്നതിന്റെയും സമയപരിധിയും പ്രവാചകാധ്യാപനങ്ങളിലുണ്ട്. പൊതു സ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കരുതെന്നും കണ്ടാല്‍ എടുത്തു മാറ്റണമെന്നും നബി (സ്വ) പഠിപ്പിച്ചു. ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധിയായി നിയോഗിച്ച മനുഷ്യരുടെ ഉത്തരവാദിത്വമാണ് പരിസ്ഥിതി സംരക്ഷണമെന്നും അമിതവ്യയം ചെയ്യുകയോ ഭൂമിയില്‍ നശീകരണ പ്രവൃത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യരുതെന്നും നബി (സ്വ) പഠിപ്പിക്കുന്നു. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിച്ചാല്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും നബി (സ്വ) നിര്‍ദേശിക്കുന്നു. നബി (സ്വ) യുടെ കാലത്ത് പ്ലേഗ് ബാധിച്ച അവസരത്തില്‍ നബി (സ്വ) തന്റെ അനുചരര്‍ക്ക് നല്‍കിയ പ്രധാന നിര്‍ദേശം, “ഏതെങ്കിലും ഒരു സ്ഥലത്ത് പ്ലേഗ് ഉണ്ടെന്നറിഞ്ഞാല്‍ അങ്ങോട്ട് നിങ്ങള്‍ പോകരുത്; നിങ്ങളുള്ള സ്ഥലത്ത് പ്ലേഗ് വന്നാല്‍ അവിടെ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് നിങ്ങള്‍ പോകുകയും ചെയ്യരുത്’ എന്നായിരുന്നു. ക്വാറന്റൈന്‍ പാലിക്കുന്നത് ആരാധന കൂടിയാണെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നുണ്ട്. പകര്‍ച്ച വ്യാധിയുണ്ടാകുമ്പോള്‍ ക്ഷമയോടെയും പ്രതിഫലമാഗ്രഹിച്ചും അല്ലാഹു ഉദ്ദേശിച്ചതല്ലാതെ സംഭവിക്കില്ലെന്ന് ഉറപ്പിച്ചും തന്റെ വീട്ടിലിരിക്കുന്നവന് രക്തസാക്ഷിയുടെ പ്രതിഫലമുണ്ടെന്ന് ഹദീസ്. തുമ്മുമ്പോള്‍ നബി (സ) തന്റെ മുഖഭാഗം വസ്ത്രം കൊണ്ടോ കൈകൊണ്ടോ മറച്ചു പിടിച്ചിരുന്നു എന്നും ഹദീസ്. മുസ്‌ലിംകള്‍ പരസ്പരം കാണുമ്പോള്‍ സലാം പറയണമെന്നും പരസ്പരം ഹസ്തദാനം നല്‍കണമെന്നും നിര്‍ദേശിച്ച ഇസ്‌ലാം പകര്‍ച്ച വ്യാധികളുടെ അവസരങ്ങളില്‍ ഹസ്ത ദാനം നല്‍കരുതെന്ന് നിര്‍ദേശിക്കുന്നുണ്ട്. രോഗം ബാധിച്ചാല്‍ ചികിത്സിക്കണമെന്നും അവിടുന്ന് ഓര്‍മപ്പെടുത്തുന്നു. നബി(സ) പറയുന്നു: “നിശ്ചയം ഒരു രോഗത്തെയും അതിനുള്ള പ്രതിവിധി നിശ്ചയിക്കാതെ അല്ലാഹു ഇറക്കിയിട്ടില്ല’.

ചികിത്സ സുന്നത്താണെങ്കിലും ശമനം അറിയപ്പെട്ടതാണെങ്കില്‍ നിര്‍ബന്ധവും ഉത്തരവാദിത്വവുമാണെന്ന് നിഷ്‌കര്‍ഷിക്കുന്നു. ചികിത്സിക്കാതെ സ്വയം നശിക്കുന്നതും ചികിത്സയുടെ പേരില്‍ അന്ധവിശ്വാസമോ അരുതായ്മകളോ പിന്തുടരുന്നതും വിലക്കുകയും ചെയ്യുന്നു.

Latest