Connect with us

Siraj Article

ഭരണകൂടം ആയുധമെടുത്താണ് പ്രതികരിക്കുന്നത്‌

കരട് നിയമങ്ങള്‍ക്ക് മേല്‍ ഗൗരവമുള്ള ചര്‍ച്ച നടക്കേണ്ടതാണ് പാര്‍ലിമെന്റില്‍. എന്നാല്‍ ചര്‍ച്ചകള്‍ക്കിടം നല്‍കാതെയാണ് അപ്പം ചുട്ടെടുക്കുന്ന ലാഘവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിക്കൊണ്ടിരിക്കുന്നത്. നമ്മുടെ പാര്‍ലിമെന്ററി ജനാധിപത്യത്തിന് തരിമ്പും വിലകല്‍പ്പിക്കാതെയുള്ള നടപടികളാണ് ഭരണകൂടത്തിന്റേത്. ജനാധിപത്യ പ്രതിപക്ഷത്തെ കേള്‍ക്കാനുള്ള സന്നദ്ധത പോലും പ്രകടിപ്പിക്കാന്‍ വിമുഖത കാട്ടുന്ന സമീപനത്തിന്റെ ഫലം കൂടെയാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍

Published

|

Last Updated

മ്മള്‍ ഇന്ത്യക്കാര്‍ എന്ന് പറഞ്ഞുകൊണ്ടാണ് നമ്മുടെ ഭരണഘടന ആരംഭിക്കുന്നത്. ഭരണഘടനയുടെ ആമുഖത്തിനൊടുവില്‍ അത് സമര്‍പ്പിക്കുന്നതും നമുക്ക് തന്നെയാണ്. ചിത്രത്തില്‍ ഈ നമ്മളേ ഉണ്ടാകാവൂ എന്നാണ് ഭരണഘടനാ താത്പര്യം. വൈവിധ്യങ്ങളെ ലയിപ്പിച്ചു ചേര്‍ത്തതാണീ നമ്മള്‍. പലതെങ്കിലും അതിലൊരു ഏകത്വമുണ്ടെന്നാണ് നാനാത്വത്തിലെ ഏകത ഉദ്‌ഘോഷിക്കുന്നത്. എന്നാല്‍ ഭരണഘടനയുടെ ആമുഖം ഊന്നിപ്പറയുന്ന ഓരോ മൂല്യത്തെയും ഓരോ വിഭജനത്തിന്റെ കേന്ദ്ര ബിന്ദുവാക്കിയിരിക്കുകയാണ് വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍. മതത്തെ മാത്രമല്ല വിഭജനത്തിന്റെ ഹേതുവാക്കുന്നത്. നിറവും ഭാഷയും വേഷവും അഭിരുചികള്‍ പോലും മനുഷ്യരെ ധ്രുവീകരിക്കാനുള്ള ആയുധമാക്കുകയാണ്. ഏകശിലാത്മകമായ ഒരു പ്രതിലോമ സ്വത്വത്തെ രാജ്യമൊട്ടാകെ പ്രതിഷ്ഠിക്കാനുള്ള നിലമൊരുക്കുകയാണ്. ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ. രാകേഷ് കുമാര്‍ പാണ്ഡെ മലയാളി വിദ്യാര്‍ഥികള്‍ക്കെതിരെ നടത്തിയ അധിക്ഷേപം പോലും വിഭജനത്തിന്റെ തുരുത്തുകളാണുണ്ടാക്കുന്നത്. ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവെക്കുന്ന ആശയങ്ങളുടെ നേര്‍ വിപരീത ദിശയില്‍ മാത്രമേ ഈ വിഭജന രാഷ്ട്രീയത്തിന് സഞ്ചരിക്കാന്‍ സാധിക്കുകയുള്ളൂ.
പൗരസമൂഹത്തിന്റെ ഐക്യത്തെ ചിഹ്നഭിന്നമാക്കുമ്പോള്‍ ഉണ്ടാകുന്ന മേധാവിത്ത ബോധത്തിന്റെ പ്രകടനമാണ് ഉത്തര്‍ പ്രദേശിലെ ലഖിംപൂരില്‍ കേന്ദ്ര മന്ത്രിയുടെ വാഹന വ്യൂഹത്തെ, വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റി കൊലപ്പെടുത്തിയതില്‍ ദൃശ്യമാകുന്നത്. നിയമവും നീതിയും കാണുന്ന വെളിച്ചത്തിലാണ് ഭരണഘടനാപരമായ വലിയ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടവര്‍ അധികാര പ്രമത്തതയില്‍ ഇവ്വിധം ക്രൂരന്‍മാരായിത്തീരുന്നത്. അവിടെയും രാജ്യത്തെ കര്‍ഷകരുടെ ജീവത് പ്രശ്‌നങ്ങള്‍ക്കപ്പുറം ഹിന്ദു – സിഖ് ദ്വന്ദത്തെ പൊടുന്നനെ ഉയര്‍ത്തിക്കാട്ടി വിഭജനത്തിന്റെ വിത്തിറക്കാനുള്ള ശ്രമമാണ് നടന്നത്.

നമ്മുടെ ജനാധിപത്യത്തിന് മൃതപ്രായമായിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്നവരെ കേള്‍ക്കണം എന്നാവശ്യപ്പെടുന്ന, അധികാരത്തണലിലെ ഗുണ്ടായിസമാണ് ലഖിംപൂരില്‍ നടന്നത്. ജനാധിപത്യ ഇന്ത്യ അസ്തിവാരമിട്ട ശിലകള്‍ക്ക് നാള്‍ക്കുനാള്‍ വിള്ളല്‍ വീണുകൊണ്ടിരിക്കുകയാണ്. ഭരണഘടനാ തത്വങ്ങളില്‍ നിന്ന് രൂപം കൊണ്ടതാണ് നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങള്‍. എന്നാല്‍ അവയുടെ ദയനീയാവസ്ഥയുടെ ചിത്രമാണ് ഇന്ന് നമുക്ക് മുമ്പിലുള്ളത്. ഇന്ത്യന്‍ ജനാധിപത്യം പൗരാവകാശ പ്രധാനമാണെന്ന് പ്രകാശിപ്പിക്കുന്നത് വിവിധ ഭരണഘടനാ സ്ഥാപനങ്ങളാണ്. ആസൂത്രണ കമ്മീഷന്‍ മുതല്‍ വിവരാവകാശ കമ്മീഷന്‍ വരെയുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ പല്ലുകൊഴിഞ്ഞ് ഭരണകൂട ഇംഗിത നടത്തിപ്പുകാരുടെ കൈയിലെ കളിപ്പാവയായി മാറാന്‍ തുടങ്ങിയിട്ട് കാലമേറെയായി.

കേവലാര്‍ഥത്തിലെ ബഹുസ്വരതക്കപ്പുറം ഉള്‍ക്കൊള്ളല്‍ ശേഷിയുള്ള ബഹുത്വ (Empathetic pluralism)മാണ് ഇന്ത്യയുടേത്. അപര വികാരങ്ങളെ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നതാണ് അതിന്റെ പ്രത്യേകത. ഇന്ത്യന്‍ ബഹുസ്വരതക്ക് പരോക്ഷമെങ്കിലും ഊടും പാവും നല്‍കുന്നതില്‍ ഗാന്ധിയന്‍ ആശയമായ അന്ത്യോദയക്ക് വലിയ പങ്കുണ്ട്. സമൂഹത്തിലെ പരമ ദരിദ്രനെയും കാണുന്ന വിശാല കാഴ്ചപ്പാടാണ് ഗാന്ധിയുടെ അന്ത്യോദയയെങ്കിലും ഇന്ത്യന്‍ ബഹുസ്വരതയുടെ വിശാലാര്‍ഥത്തില്‍ അതും ഉള്‍ച്ചേരുന്നുണ്ട്. അത്രമേല്‍ തുറവിയുള്ള വീക്ഷണത്തെ അപ്രസക്തമാക്കിയാണ് ഭരണകൂട കാര്‍മികത്വത്തില്‍ പുറംതള്ളലിന്റെ പ്രയോഗങ്ങള്‍ നടപ്പാക്കികൊണ്ടിരിക്കുന്നത്. ഹിന്ദി ഹൃദയഭൂമിയിലെ അധികാരത്തിന്റെ ബലത്തില്‍ അഭംഗുരം തുടരുന്ന സ്ഥലനാമ മാറ്റത്തില്‍ സങ്കുചിതത്വത്തിന്റെയും അന്യവത്കരണത്തിന്റെയും അംശങ്ങളാണ് നാം കാണുന്നത്. ഇന്ത്യയുടെ സവിശേഷ ബഹുസ്വര മൂല്യങ്ങള്‍ക്ക് കടക വിരുദ്ധമാണ് അതെന്ന് പറയേണ്ടതില്ല.

ദേശം യുഗങ്ങളിലൂടെ സഞ്ചരിച്ച് കാലാന്തരത്തില്‍ കൈമാറി വന്ന ആശയങ്ങളോടും മൂല്യങ്ങളോടും പൗരന്‍ കാണിക്കേണ്ട ബഹുമാനത്തിന്റെ സ്ഥാനത്താണ് കൈയൂക്ക് ദേശീയതയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അത്തരമൊരു ഘട്ടത്തില്‍ രാജ്യം പടുത്ത ആശയാദര്‍ശങ്ങളോ അതിന്റെ നിത്യസത്യമായി നിലകൊള്ളുന്ന ഭരണഘടനയോ ചിത്രത്തിലില്ല. ഉള്ളത് അടിച്ചേല്‍പ്പിക്കലിന്റെ ഭാഷ സംസാരിക്കുന്ന തീവ്ര ദേശീയതയാണ്. ഇഷ്ടമില്ലാത്തവരെ അടയാളപ്പെടുത്താനുള്ള വൈകാരിക മുദ്രയായി മാറിയിരിക്കുന്നു ദേശ സ്‌നേഹം. അതിന് സാധൂകരണം നല്‍കുന്നു എന്ന ആക്ഷേപം നേരിടുന്ന നിയമങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. ആഗോള തലത്തില്‍ കടുത്ത മനുഷ്യാവകാശ ലംഘനമായി നിര്‍വചിക്കപ്പെടുന്ന വ്യവഹാരങ്ങള്‍ പോലും രാജ്യത്തെ നിയമങ്ങളുടെ ഭാഗമായി നില്‍ക്കുന്നു. ഭരണഘടനാ തത്വങ്ങളുടെ സംരക്ഷകന്‍ എന്ന നിലയില്‍ ഉന്നത നീതിപീഠം പലപ്പോഴും പരാജയപ്പെടുന്നു എന്ന വിമര്‍ശവും ഇക്കാലയളവില്‍ നാം കേട്ടുകൊണ്ടിരിക്കുന്നു. റോഹിംഗ്യകള്‍, ഭീമാ കൊറേഗാവ് ആക്ടിവിസ്റ്റുകള്‍, ഷഹീന്‍ബാഗ് സമരം, സ്റ്റാന്‍ സ്വാമി, ജെ എന്‍ യുവിലെ വിദ്യാര്‍ത്ഥി പ്രതിഷേധം തുടങ്ങിയ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ സമീപ കാലത്ത് സുപ്രീം കോടതി സ്വീകരിച്ച നിലപാടുകള്‍ പൂര്‍ണമായും ഭരണഘടനയുടെ പൊരുളറിഞ്ഞുകൊണ്ടുള്ളതല്ല എന്ന വിമര്‍ശം അസ്ഥാനത്തല്ല. ഒടുവില്‍ പ്രതിഷേധിക്കാനുള്ള അവകാശവും പരിമിതപ്പെട്ടു പോകും വിധമുള്ള ഇടപെടലുകള്‍ പരമോന്നത നീതിപീഠത്തില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നു. അര്‍ഥപൂര്‍ണമായ നിയമവാഴ്ചയുടെ അഭാവമാണ് ഇവിടെ ദൃശ്യമാകുന്നത്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും ഉയര്‍ന്ന സഭ എന്ന നിലയില്‍ പാര്‍ലിമെന്റിനുള്ള മേധാവിത്തം അനിഷേധ്യമാണ്. കരട് നിയമങ്ങള്‍ക്ക് മേല്‍ ഗൗരവമുള്ള ചര്‍ച്ച നടക്കേണ്ടതാണ് പാര്‍ലിമെന്റില്‍. എന്നാല്‍ ചര്‍ച്ചകള്‍ക്കിടം നല്‍കാതെയാണ് അപ്പം ചുട്ടെടുക്കുന്ന ലാഘവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിക്കൊണ്ടിരിക്കുന്നത്. നമ്മുടെ പാര്‍ലിമെന്ററി ജനാധിപത്യത്തിന് തരിമ്പും വിലകല്‍പ്പിക്കാതെയുള്ള നടപടികളാണ് ഭരണകൂടത്തിന്റേത്. ജനാധിപത്യ പ്രതിപക്ഷത്തെ കേള്‍ക്കാനുള്ള സന്നദ്ധത പോലും പ്രകടിപ്പിക്കാന്‍ വിമുഖത കാട്ടുന്ന സമീപനത്തിന്റെ ഫലം കൂടെയാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കാര്‍ഷിക ജീവിതത്തെ ഇത്രമേല്‍ ആഴത്തില്‍ സ്വാധീനിക്കുന്നതും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമായ നിയമനിര്‍മാണങ്ങള്‍ വേറെ അധികം കാണാനാകില്ല.

അങ്ങനെയിരിക്കെ അവരുന്നയിക്കുന്ന സ്വാഭാവിക ആവശ്യങ്ങളോടാണ് ഭരണകൂടം ആയുധമെടുത്ത് പ്രതികരിക്കുന്നത്. മന്ത്രിയും പരിവാരങ്ങളും അവരെ വാഹനം ഇടിച്ചുകയറ്റി കൊല്ലാന്‍ ശ്രമിക്കുന്നത്. ഭരണകൂടം തീര്‍ത്ത സാമൂഹിക സാമ്പത്തിക അസമത്വങ്ങളുടെ ഇരകള്‍ കൂടെയാണ് നമ്മുടെ കര്‍ഷകര്‍. അവരെ എക്കാലത്തും ദരിദ്രരാക്കി മാറ്റിയത് ഭരണകൂടത്തിന്റെ ചൂഷണ താത്പര്യങ്ങളാണ്. എന്നിട്ടും അവര്‍ രാജ്യത്തെ ഊട്ടുന്നു. കര്‍ഷകരുടെ നെഞ്ചത്തേക്ക് പാഞ്ഞടുക്കുന്ന ക്രൗര്യം വെളിപ്പെടുത്തുന്നത് നമ്മുടെ ജനാധിപത്യ ഗാത്രത്തിലെ ആഴത്തിലുള്ള വ്രണമാണ്. ആ മുറിവുണക്കി ആരോഗ്യം വീണ്ടെടുക്കാന്‍ വേണ്ടത് അഭിപ്രായാന്തരങ്ങള്‍ക്കപ്പുറം ജനാധിപത്യ മതനിരപേക്ഷ വിശ്വാസികളുടെ ഐക്യമാണ്.