National
പാകിസ്താനെതിരെ പോരാടാന്‍ സര്‍ക്കാറിന് ഇച്ഛാശക്തിയില്ല, എന്തുകൊണ്ട് ട്രംപിനെ നുണയനെന്ന് വിളിക്കുന്നില്ല: സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
'പ്രതിരോധ സേനയുടെ കൈ കെട്ടിയിട്ട ശേഷമാണ് പാകിസ്താനെതിരെ ആക്രമണം നടത്താന്‍ ആവശ്യപ്പെട്ടത്.'

ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ദൂര്‍ വന്‍ വിജയമാണെന്നും ഇത് രാജ്യത്തിന്റെ വിജയോത്സവമാണെന്നും ലോക്‌സഭയില്‍ പരാമര്‍ശിച്ച പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സഭയില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് രാഹുല്‍ ഉയര്‍ത്തിയത്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം തീര്‍ക്കാന്‍ വെടിനിര്‍ത്തല്‍ പ്രാവര്‍ത്തികമാക്കിയത് താനാണെന്നാണ് യു എസ് പ്രസിഡന്റ് ട്രംപ് പറയുന്നത്. അത് കള്ളമാണെങ്കില്‍ ട്രംപിനെ നുണയനെന്ന് വിളിക്കാന്‍ എന്തിനാണ് പ്രധാനമന്ത്രി മടിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. പാകിസ്താനെതിരെ പോരാടാന്‍ സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ല. പ്രതിരോധ സേനയുടെ കൈ കെട്ടിയിട്ട ശേഷമാണ് പാകിസ്താനെതിരെ ആക്രമണം നടത്താന്‍ ആവശ്യപ്പെട്ടതെന്നും രാഹുല്‍ ആരോപിച്ചു.
1971-ലെ യുദ്ധവുമായാണ് ഓപറേഷന്‍ സിന്ദൂറിനെ പ്രതിരോധ മന്ത്രി താരതമ്യപ്പെടുത്തിയത്. അന്നത്തെ യുദ്ധത്തില്‍ ഭരണനേതൃത്വത്തിന് രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തെ ഓര്‍മിപ്പിക്കാനുള്ളത്. കരസേനയേയും വ്യോമസേനയേയും നാവികസേനയേയും ഫലപ്രദമായി ഉപയോഗിക്കണമെങ്കില്‍ രാഷ്ട്രീയ ഇച്ഛാശക്തിയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സേനകളുടെ സ്വാതന്ത്ര്യവും പ്രധാനമാണ്. യു എസ് നാവികസേനയുടെ ഏഴാം കപ്പല്‍ വ്യൂഹം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് എത്തിയപ്പോള്‍ ബംഗ്ലാദേശില്‍ എന്താണോ ചെയ്യേണ്ടത് അത് ചെയ്യുമെന്നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പറഞ്ഞത്. അങ്ങനെ പറയുന്നതില്‍ അവര്‍ക്ക് യാതൊരു ആശയക്കുഴപ്പവുമില്ലായിരുന്നു. അതാണ് രാഷ്ട്രീയ ഇച്ഛാശക്തിയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.