Connect with us

International

ലക്ഷ്യം ഗസ്സയിൽ സമ്പൂർണ അധിനിവേശം

സൈനിക നേതൃത്വവുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തും

Published

|

Last Updated

തെൽ അവീവ് | സമ്പൂർണമായി ഗസ്സ സൈനിക നിയന്ത്രണത്തിലാക്കാൻ ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നീക്കം നടത്തുന്നു. 22 മാസമായി തുടരുന്ന ഇസ്‌റാഈൽ ആക്രമണത്തിൽ അത്യധികം ദയനീയമായ അവസ്ഥയിലൂടെ ഗസ്സ കടന്നുപോകുന്നതിനിടെയാണ് ഗസ്സാ മുനമ്പിൽ സമ്പൂർണ അധിനിവേശത്തിന് നെതന്യാഹു തയ്യാറെടുക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തത്. മന്ത്രിസഭാ യോഗത്തിന് ശേഷം പുതിയ സൈനിക വിന്യാസവുമായി ബന്ധപ്പെട്ട് നെതന്യാഹു സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. പ്രതിരോധ മന്ത്രി ഇസ്‌റാഈൽ കാറ്റ്‌സ്, മിലിറ്ററി ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സാമിർ എന്നിവരുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തുമെന്ന് ഇസ്‌റാഈൽ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി റോയിട്ടേഴ്‌സ് റിപോർട്ട് ചെയ്തു.

ഉപരോധിക്കപ്പെട്ട ഗസ്സാ മുനമ്പിലെ പട്ടിണിയും നരകതുല്യമായ സാഹചര്യവും മറികടക്കാൻ വെടിനിർത്തൽ വേണമെന്ന അന്താരാഷ്ട്ര സമ്മർദത്തിനിടയിലും ഇസ്‌റാഈലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടിരുന്നു. പട്ടിണി മരണങ്ങൾ രൂക്ഷമായിരിക്കെയാണ് ഗസ്സയെ സമ്പൂർണമായും വരിഞ്ഞുമുറുക്കാൻ ഇസ്‌റാഈൽ ഭരണകൂടം തയ്യാറെടുക്കുന്നത്.
എന്നാൽ ദീർഘകാല അധിനിവേശമാണോ അതോ ഹമാസിന്റെ സൈനിക ശേഷി തകർത്ത് ബന്ദികളെ മോചിപ്പിക്കാനുള്ള സൈനിക നടപടിയാണോ നെതന്യാഹു ഉദ്ദേശിച്ചതെന്നതിൽ വ്യക്തതയില്ല. അതേസമയം, ഹമാസിനെ സമ്മർദത്തിലാക്കാനും അന്താരാഷ്ട്ര പ്രതികരണങ്ങൾ അറിയാനുമുള്ള തന്ത്രമായാണിതിനെ കാണുന്നതെന്ന് മുതിർന്ന ഫലസ്തീൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഗസ്സയിലെ സൈനിക നടപടി ഇസ്‌റാഈൽ അവസാനിപ്പിച്ചില്ലെങ്കിൽ അടുത്ത ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാൻസ്, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഗസ്സയും വെസ്റ്റ്ബാങ്കും പിടിച്ചടക്കാനുള്ള അനുകൂല സാഹചര്യമാണിപ്പോഴുള്ളതെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഇസ്‌റാഈലിലെ തീവ്രവലതുപക്ഷ നേതാക്കൾ പറഞ്ഞിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് പേരാണ് പട്ടിണി മൂലം ഗസ്സയിൽ മരിച്ചത്. സൈനികാക്രമണങ്ങളിൽ 79 പേരും കൊല്ലപ്പെട്ടു.

Latest