International
അമേരിക്കയില്‍ വീണ്ടും ഭൂചലനം
ന്യൂ ജേഴ്സിയിലെ ഹില്‍സ്‌ഡേലിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കയിലെ ജിയോളജിക്കല്‍ സര്‍വേ വിഭാഗം

വാഷിംഗ്ടണ്‍ | അമേരിക്കയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ന്യൂ ജേഴ്‌സി നഗരത്തിലാകെയും ന്യൂയോര്‍ക് നഗരത്തിലും അനുഭവപ്പെട്ടു. എന്നാല്‍ ആളപായങ്ങളോ നാശനഷ്ടങ്ങളോ സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല.
ന്യൂ ജേഴ്സിയിലെ ഹില്‍സ്‌ഡേലിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കയിലെ ജിയോളജിക്കല്‍ സര്‍വേ വിഭാഗം വ്യക്തമാക്കി. ആഗസ്റ്റ് അഞ്ചിന് ഉച്ചയോടെയാണ് ഭൂചലനമുണ്ടായത്.
തീവ്രത കുറഞ്ഞ ഭൂചലനമായതിനാല്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും പ്രകമ്പനം അനുഭവപ്പെട്ട ഇടങ്ങളില്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയും ജൂലൈ 22 നും ന്യൂജേഴ്‌സി നഗരത്തിന് അടുത്തുള്ള ഹസ്ബ്രൂക് ഹൈറ്റ്‌സില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.