Connect with us

Ongoing News

ആദ്യ 'ടെസ്റ്റ്' ഇന്ന്; കോലിയും രോഹിതും ഇല്ലാതെ ഇന്ത്യ

Published

|

Last Updated

കാണ്‍പുര്‍ | ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം. കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം. രാവിലെ 9.30ന് മത്സരം ആരംഭിക്കും. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. കോലിയും രോഹിതും ടീമിലുണ്ടാകില്ല. കോലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയെ നയിക്കുക. ചേതേശ്വര്‍ പുജാരയാണ് വൈസ് ക്യാപ്റ്റന്‍. ബി സി സി ഐ വിശ്രമം അനുവദിച്ചതിനാല്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, റിഷഭ് പന്ത് എന്നിവരും കളത്തിലിറങ്ങില്ല. പരുക്കേറ്റ ലോകേഷ് രാഹുലും ടീമിലില്ല.

ലോകേഷ് രാഹുല്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഓപ്പണിംഗില്‍ ശുഭ്മാന്‍ ഗില്‍ ഇറങ്ങും. മായങ്ക് അഗര്‍വാള്‍ ആയിരിക്കും ഓപ്പണിംഗ് പങ്കാളി. ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ശ്രേയസ് അയ്യര്‍ നാലോ അഞ്ചോ നമ്പറില്‍ ഇറങ്ങും. ബൗളിംഗ് നിരയില്‍ ഇശാന്ത് ശര്‍മക്ക് സ്ഥാനം ഉറപ്പായിട്ടുണ്ട്. മുഹമ്മദ് സിറാജോ ഉമേഷ് യാദവോ ടീമിലുണ്ടാകും. അശ്വിന്‍, ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരും കളിച്ചേക്കും.

ടി 20യില്‍ കളിക്കാതിരുന്ന നായകന്‍ കെയിന്‍ വില്യംസണ്‍ ടീമില്‍ തിരിച്ചെത്തിയത് കിവീസിന് കരുത്തു പകരും. എന്നാല്‍, ഓപ്പണിംഗില്‍ കളിക്കേണ്ടിയിരുന്ന ഡെവോണ്‍ കോണ്‍വേ പരുക്കേറ്റ് പുറത്തായത് തിരിച്ചടിയാണ്. വില്‍ യങ് ആണ് ടോം ലാതമിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. മധ്യനിരയില്‍ വില്ല്യംസണ്‍, ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ടോം ബ്ലണ്ടല്‍ എന്നിവരുണ്ടാവും. പേസ് ബൗളിംഗ് നിരയില്‍ സൗത്തിക്കു പുറമെ ജമീസണോ വാഗ്‌നറോ ഉണ്ടാവും. മിച്ചല്‍ സാന്‍ഡ്‌നര്‍, അജാസ് പട്ടേല്‍, വില്‍ സോമര്‍വില്‍ എന്നിവര്‍ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കരുത്തേകും.

Latest