Connect with us

Editorial

തിര. കമ്മീഷന്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തരുത്‌

രാഹുല്‍ ഗാന്ധി നേരത്തേ നടത്തിയ പത്രസമ്മേളനത്തില്‍ സുപ്രധനമായ അഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. മറുപടിയില്ല കമ്മീഷണര്‍ക്ക്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി. വോട്ടര്‍ പട്ടികയില്‍ സംഭവിച്ച അപാകതകള്‍ക്കുള്ള ഉത്തരവാദിത്വം രാഷ്ട്രീയ പാര്‍ട്ടികളുടെ തലയില്‍ കെട്ടിവെക്കുകയും ചെയ്തു.

Published

|

Last Updated

‘വെളുക്കാന്‍ തേച്ചത് പാണ്ടായ’ മട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ ഞായറാഴ്ചത്തെ പത്രസമ്മേളനം. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളും വോട്ട്മോഷണവും സംബന്ധിച്ച് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണം അടിസ്ഥാനരഹിതമാണെന്നും നിഷ്പക്ഷമാണ് കമ്മീഷന്റെ പ്രവര്‍ത്തനമെന്നും സ്ഥാപിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനം വിപരീത ഫലമാണുളവാക്കിയത്. ഇരട്ട വോട്ടാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങളിലൊന്ന്. കമ്മീഷന്‍ അത് ശരിവെക്കുന്നു. വീടുകള്‍ക്ക് പൂജ്യം നമ്പറുകള്‍ കാണിച്ചതാണ് മറ്റൊരു പ്രശ്നം. അതും ശരിവെച്ച കമ്മീഷണര്‍ അത് വീടില്ലാത്തവരുടേതായിരിക്കാമെന്ന ന്യായീകരണത്തിലൂടെ കൈകഴുകി. മാത്രമല്ല, ആരോപണങ്ങളില്‍ ഏഴ് ദിവസത്തിനകം സത്യവാങ്മൂലം നല്‍കുകയോ, വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിന് രാജ്യത്തോട് മാപ്പ് പറയുകയോ വേണമെന്ന് രാഹുല്‍ ഗാന്ധിക്കു നേരെ ഭീഷണിയും.

രാഹുല്‍ ഗാന്ധി നേരത്തേ നടത്തിയ പത്രസമ്മേളനത്തില്‍ സുപ്രധാനമായ അഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. മറുപടിയില്ല കമ്മീഷണര്‍ക്ക്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി. വോട്ടര്‍പ്പട്ടികയില്‍ സംഭവിച്ച അപാകതകള്‍ക്കുള്ള ഉത്തരവാദിത്വം രാഷ്ട്രീയ പാര്‍ട്ടികളുടെ തലയില്‍ കെട്ടിവെക്കുകയും ചെയ്തു. രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കാളിത്തത്തോടെയാണ് പട്ടിക തയ്യാറാക്കുന്നത്. കള്ളവോട്ടുണ്ടെങ്കില്‍ പരാതിപ്പെടാന്‍ സംവിധാനങ്ങളുണ്ട്. ആ ഘട്ടത്തിലൊന്നും പരാതി ഉന്നയിക്കാതെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം പരാതി ഉന്നയിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കമ്മീഷണറുടെ വാദം. എന്നാല്‍ തിര. കമ്മീഷന്‍ അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ നടക്കുന്ന ക്രമക്കേടുകള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് പെട്ടെന്ന് കണ്ടെത്താനായെന്നു വരില്ല. ചിലപ്പോള്‍ സൂക്ഷ്മ പരിശോധനയും അന്വേഷണവും ആവശ്യമായി വരും. ആറ് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കര്‍ണാടകയിലെ മഹാദേവപുരം ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍പ്പട്ടികയില്‍ ഗുരുതരമായ പൊരുത്തക്കേടുകളും ക്രമക്കേടുകളും കണ്ടെത്തിയത്. ഇത്തരമൊരു സാഹചര്യത്തില്‍ തന്റെ പദവിയോട് നീതി പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമഗ്രമായൊരു അന്വേഷണത്തിന് ഉത്തരവിടുകയാണ് മുഖ്യ തിര. കമ്മീഷണര്‍ വേണ്ടത്. ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നവരെ വിരട്ടുകയല്ല. ചുരുങ്ങിയ പക്ഷം മഹാദേവപുര മണ്ഡലത്തിലെങ്കിലും അന്വേഷണം പ്രഖ്യാപിക്കുന്നതിന് എന്താണ് കമ്മീഷന് തടസ്സം?

രാഹുല്‍ ഗാന്ധിയുടെ ആരോപണം വ്യാജമാണെന്ന് കുറ്റപ്പെടുത്തി അദ്ദേഹത്തോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുന്ന തിര. കമ്മീഷന്, വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച ബി ജെ പി നേതാവ് അനുരാഗ് ഠാക്കൂറിന്റെ കാര്യത്തില്‍ മൗനമാണ്. ഠാക്കൂറിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാനോ മാപ്പ് പറയാനോ ആവശ്യപ്പെടുന്നില്ല. കോണ്‍ഗ്രസ്സ് നേതാവ് പ്രിയങ്കാ ഗാന്ധി മത്സരിച്ചു വിജയിച്ച വയനാട് മണ്ഡലത്തില്‍ വ്യാപക ക്രമക്കേടുണ്ടെന്നായിരുന്നു അനുരാഗ് ഠാക്കൂറിന്റെ ആരോപണം. മണ്ഡലത്തില്‍ പെട്ട കണിയാമ്പറ്റ പഞ്ചായത്തിലെ ചൗണ്ടേരിയില്‍ ഒരേ വീട്ടുപേരില്‍ മറിയമ്മ, വള്ളിയമ്മ എന്നിങ്ങനെ മുസ്ലിം- ഹൈന്ദവ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്് വോട്ടുണ്ടെന്നാണ് ഒരു പരാതി. ചൗണ്ടേരി വീട്ടുപേരല്ല, സ്ഥലപ്പേരാണെന്ന് വോട്ടര്‍മാരും നാട്ടുകാരും വ്യക്തമാക്കിയതോടെ പ്രസ്തുത ആരോപണത്തില്‍ കഴമ്പില്ലെന്നു വ്യക്തമായി. ഏറനാട് മണ്ഡലത്തിലെ വോട്ടറായ മൈമൂനക്ക് മൂന്ന് ബൂത്തുകളില്‍ വോട്ടുണ്ടെന്നാണ് ഠാക്കൂറിന്റെ മറ്റൊരു ആരോപണം. മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ ഇത് ഒരു വ്യക്തിയല്ലെന്നും അരീക്കോട്, കുഴിമണ്ണ, കണവൂര്‍ എന്നീ മൂന്ന് പഞ്ചായത്തുകളിലെ മൂന്ന് മൈമൂനമാര്‍ ആണെന്നും വ്യക്തമായതോടെ ഠാക്കൂറിന്റെ പ്രസ്തുത വാദവും ചീറ്റി. എന്തേ ഠാക്കൂര്‍ മാപ്പ് പറയാന്‍ ബാധ്യസ്ഥനല്ലേ കമ്മീഷന്റെ കാഴ്ചപ്പാടില്‍?

വോട്ട് കൊള്ള സംബന്ധിച്ച രാഹുലിന്റെ ആരോപണങ്ങള്‍ ജനാധിപത്യ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതും ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യവുമാണെന്നാണ് കമ്മീഷണര്‍ പറയുന്നത്. ഭരണഘടനാ സ്ഥാപനമായ കമ്മീഷനിലെ ക്രമക്കേടുകള്‍ തറുന്നു കാട്ടേണ്ടതും പരിഹരിക്കേണ്ടതും പ്രതിപക്ഷ ധര്‍മമാണ്. ജനാധിപത്യത്തിന്റെ ശക്തിക്ഷയമല്ല, ശാക്തീകരണമാണ് ഇതുവഴി സാധ്യമാകുന്നത്. തെളിവുകള്‍ നിരത്തി വെച്ചുള്ള ആരോപണങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന കമ്മീഷന്റെ നിലപാടാണ് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുക. സത്യസന്ധവും നീതിപൂര്‍ണവുമായി പ്രവര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ട സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അങ്ങനെ അവകാശപ്പെട്ടാല്‍ പോരാ, വോട്ടര്‍മാര്‍ക്കും ജനങ്ങള്‍ക്കും അത് ബോധ്യപ്പെടുകയും വേണം.

തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെയും അഴിമതിയുടെയും അടിവേര് കമ്മീഷന്‍ നിയമന സംവിധാനവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. നിഷ്പക്ഷമായ കമ്മീഷന്‍ നിയമനത്തിനു പകരം ഭരണകക്ഷിക്ക് താത്പര്യമുള്ള വ്യക്തികളെ ഈ പദവിയില്‍ ഇരുത്താന്‍ സഹായകമാണ് ഇപ്പോഴത്തെ നിയമന രീതി. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്രത്തിലെ ഒരു ക്യാബിനറ്റ് മന്ത്രി (നിലവില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ) എന്നിവരടങ്ങുന്നതാണ് തിരഞ്ഞെടുപ്പ് സമിതിയുടെ സ്വഭാവം. സ്വാഭാവികമായും സര്‍ക്കാര്‍ ആഗ്രഹിച്ച വ്യക്തികള്‍ക്കാണ് ഇവിടെ മുന്‍ഗണന ലഭിക്കുക. നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, ആഭ്യന്തര മന്ത്രി അമിത് ഷായുമായി നേരത്തേ തന്നെ വളരെ അടുപ്പത്തിലാണെന്നത് ശ്രദ്ധേയമാണ്. ‘സര്‍ക്കാറുകള്‍ക്ക് വിധേയപ്പെടുകയും നീതിയുക്തമല്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഭരണം നിലനിര്‍ത്താന്‍ ഏറ്റവും നല്ല മാര്‍ഗമെന്ന് അധികാരത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നന്നായി മനസ്സിലാക്കിയിട്ടുണ്ടെ’ന്ന് 2023 മാര്‍ച്ച് രണ്ടിന് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് നടത്തിയ പരാമര്‍ശവും ഇതോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ടി എന്‍ ശേഷനെ പോലുള്ള ഒരു വ്യക്തി കമ്മീഷന്‍ തലപ്പത്ത് വന്നെങ്കില്‍ മാത്രമേ സുതാര്യമായ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കേണ്ടതുള്ളൂ.

 

Latest