Connect with us

Kuwait

പ്രവാസികളില്‍ നിന്നും 20 ലക്ഷത്തിലേറെ ദിനാര്‍ കൈകലാക്കി ഈജിപ്ഷ്യന്‍ സ്വദേശി മുങ്ങി

വിനോദ സഞ്ചാര സംരംഭത്തിലേക്ക് പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ചാണു പലരില്‍ നിന്നും പണംസ്വീകരിച്ചത്

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ നൂറു കണക്കിനു പ്രവാസികളില്‍ നിന്ന് 20 ലക്ഷത്തോളം ദിനാര്‍ തട്ടിപ്പ് നടത്തി ഈജിപ്ഷ്യന്‍ സ്വദേശി നാട്ടിലേക്ക് മുങ്ങിയതായി പരാതി. ഖൈത്താന്‍ പോലീസ് സ്റ്റേഷനിലാണു വിവിധ രാജ്യക്കാരായ നൂറു കണക്കിനു പ്രവാസികള്‍ ഇയാള്‍ക്ക് എതിരെ പരാതി നല്‍കിയിരിക്കുന്നത്. പ്രമുഖ വിമാന കമ്പനിയിലെ ഉദ്യോഗസ്ഥനായ പ്രതി പുതുതായി ആരംഭിക്കുന്ന വിനോദ സഞ്ചാര സംരംഭത്തിലേക്ക് പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ചാണു പലരില്‍ നിന്നും പണംസ്വീകരിച്ചത്. ആദ്യ മാസങ്ങളില്‍ കൃത്യമായി ലാഭ വിഹിതം നല്‍കി പങ്കാളികളെ വിശ്വസിപ്പിച്ചു. ഇത് തട്ടിപ്പ് വ്യാപിപ്പിക്കുവാന്‍ ഇയാള്‍ക്കു സഹായകമാവുകയും ചെയ്തു.

ഇതിനിടെ പെട്ടെന്ന് ഒരു ദിവസം ഇയാള്‍ മൊബൈല്‍ഫോണ്‍ ഓഫാക്കി മുങ്ങുകയായിരുന്നു. ഇതോടെ നിക്ഷേപകര്‍ ഓഫീസില്‍ എത്തി അന്വേഷിച്ചപ്പോള്‍ സുഖമില്ലാത്ത മാതാവിനെ സന്ദര്‍ശ്ശിക്കാന്‍ ഇയാള്‍ നാട്ടിലേക്ക് പോയി എന്നാണ് ഇവിടെയുള്ള ജീവനക്കാര്‍ പരാതിക്കാരെ അറിയിച്ചത്.എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചെത്താതായതോടെയാണ് തട്ടിപ്പിനു ഇരയായ വിവരം നിക്ഷേപകര്‍ തിരിച്ചറിഞ്ഞത്. തട്ടിപ്പിനു ഇരയായവരില്‍ ഭൂരിഭാഗവും ഈജിപ്തുകാരും, അറബ്,ജി സി സി രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.നിലവില്‍ പരാതി നല്‍കിയവര്‍ക്ക് പുറമേ കൂടുതല്‍ പേരില്‍ നിന്ന് ഇയാള്‍ നിക്ഷേപം സ്വീകരിച്ചതായും സംശയിക്കപ്പെടുന്നു. വരും ദിവസങ്ങളില്‍ ഇയാള്‍ക്ക് എതിരെ കൂടുതല്‍ പരാതി ലഭിക്കുമെന്നാണു വിവരം. അങ്ങിനെയെങ്കില്‍ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും വര്‍ധിച്ചേക്കുമെന്നാണ് സൂചന.

 

Latest