Connect with us

editorial

ഹാഥ്റസ് ദുരന്തത്തിന് ഉന്നാവോ കേസിന്റെ ഗതി?

വ്യാജ സന്യാസിമാരെ തുറന്നു കാട്ടാനും അവരുടെ പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിരിക്കയാണ് അഖില ഭാരത അഖാര പരിഷത്ത്. എന്നാൽ രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖരുമുണ്ടാകും ഇത്തരം ആൾദൈവങ്ങളുടെ അനുയായി വൃന്ദങ്ങളിൽ. കുറ്റകൃത്യങ്ങൾക്ക് പിടിയിലാകുന്ന വ്യാജസന്യാസിമാരുടെയും ആൾദൈവങ്ങളുടെയും രക്ഷക്കെത്തുന്നത് ഇത്തരം രാഷട്രീയ, ഉദ്യോഗസ്ഥ ലോബിയാണ്.

Published

|

Last Updated

നാടിനെ നടുക്കിയ ഹാഥ്റസ് ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ആൾ ദൈവം ഭോലെ ബാബയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് യു പി ഭരണകൂടവും പോലീസും. സ്വയം പ്രഖ്യാപിത ആൾദൈവം ഈ മാസം രണ്ടിന് ഹാഥ്റസിൽ സംഘടിപ്പിച്ച പ്രാർഥനാ യോഗ (സത്സംഗം) ത്തിലാണ് തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ചതും നൂറുകണക്കിന് ആളുകൾക്ക് പരുക്കേറ്റതും. സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരിൽ ബഹുഭൂരിഭാഗവും. ഭോലെ ബാബയുടെ കാറിന്റെ ചക്രം പതിഞ്ഞ മണ്ണിന് പുണ്യമുണ്ടെന്ന വിശ്വാസത്തിൽ ആരാധകർ അത് ശേഖരിക്കാൻ തിക്കും തിരക്കും കൂട്ടിയതും അയാൾക്ക് തിരിച്ചുപോകാനുള്ള വഴിയൊരുക്കാൻ സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ തള്ളിമാറ്റിയതുമാണ് ദുരന്തത്തിനു കാരണം. ദുരന്തം നടന്ന ഉടനെ സ്ഥലത്ത് നിന്ന് ഭോലെ ബാബ പെട്ടെന്ന് മുങ്ങുകയും ചെയ്തു.

സംഭവത്തെക്കുറിച്ചന്വേഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ച പോലീസ് അഡീഷനൽ ഡയറക്ടർ ജനറലും അലിഗഡ് പോലീസ് കമ്മീഷണറും ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച സമർപ്പിച്ച റിപോർട്ടിൽ പ്രതിപ്പട്ടികയിൽ ഭോലെ ബാബയുടെ പേരില്ല. നേരത്തേ പോലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിലും ഇയാളുടെ പേര് ഒഴിവാക്കിയിരുന്നു. ഏതാനും ഉദ്യോഗസ്ഥരെ ബലിയാടാക്കി കേസ് അവസാനിപ്പിക്കാനാണ് നീക്കം.

ഉത്തർപ്രദേശിലെ ബഹദൂർ ഗ്രാമത്തിൽ ഒരു കർഷക കുടുംബത്തിലെ സന്തതിയാണ് ഭോലെ ബാബെ എന്നറിയപ്പെടുന്ന സൂരജ്പാൽ. കോളജ് വിദ്യാഭ്യാസം നേടിയ ഇയാൾ ഉത്തർ പ്രദേശ് പോലീസിൽ ഇന്റലിജൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് നാരായണൻ സാകർ ഹരി എന്ന പേര് സ്വീകരിച്ച് “ആത്മീയത’യിലേക്ക് തിരിയുന്നത്. ദൈവത്തിൽ നിന്ന് നേരിട്ടു ശക്തി ലഭിച്ചുവെന്നവകാശപ്പെടുന്ന ഇയാൾ പിന്നീട് പ്രാർഥനാ യോഗങ്ങൾ സംഘടിപ്പിച്ചു തുടങ്ങി. യു പി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇയാൾക്ക് വലിയൊരു ആരാധനാ സംഘമുണ്ട്. എം എൽ എമാരും എം പിമാരും പ്രമുഖ ഉദ്യോഗസ്ഥരുമടക്കം ഇയാളുടെ പരിപാടിയിൽ പങ്കെടുക്കാറുണ്ടത്രെ. ഹാഥ്റസിൽ എല്ലാ ചൊവ്വാഴ്ചകളിലും ഇയാൾ പ്രാർഥനാ യോഗം സംഘടിപ്പിച്ചിരുന്നു. കൊവിഡ് കാലത്ത് പ്രോട്ടോകോൾ ലംഘിച്ച് ഇയാൾ സംഘടിപ്പിച്ച പ്രാർഥനാ യോഗം വൻവിവാദമായിരുന്നു.

നിരവധി ലൈംഗികാതിക്രമ കേസിൽ പ്രതിയാണ് ഭോലെ ബാബയെന്ന് ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു. ആഗ്ര, ഇറ്റാവ, കസ്ഗഞ്ച്, ഫാറൂഖാബാദ്, രാജസ്ഥാനിലെ ദൗസ എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് ഡിപാർട്ട്‌മെന്റിൽ നിന്ന് സ്വയം ഒഴിവായി ആത്മീയ കച്ചവടത്തിലേക്ക് തിരിയുകയായിരുന്നില്ല, ലൈംഗികാത്രിമ പരാതികളെ തുടർന്ന് ഇയാളെ ജോലിയിൽ നിന്നു പിരിച്ചുവിടുകയായിരുന്നുവെന്നും പറയപ്പെടുന്നു. പീഡനക്കേസിൽ ജയിൽവാസം അനുഭവിച്ചിട്ടുമുണ്ട്. ജയിലിൽ നിന്ന് പുറത്തിങ്ങിയതിന് പിന്നാലെയാണത്രെ “ആത്മീയത’യിലേക്ക് വഴിമാറിയത്.

ആൾദൈവങ്ങൾ വാഴുന്ന രാജ്യമാണ് ഇന്ത്യ. സന്ത് ആസാറാം ബാപ്പു, ഗുർമീത് റാം റഹീം സിംഗ്, സ്വാമി നിത്യാനന്ദ, സ്വാമി പ്രേമാനന്ദ, മലയാളിയായ സ്വാമി അമൃത ചൈതന്യ എന്ന സന്തോഷ് മാധവൻ തുടങ്ങി സ്വയം പ്രഖ്യാപിത ആൾദൈവങ്ങൾ നിരവധിയുണ്ട് രാജ്യത്ത്. ഇവരെ ചുറ്റിപ്പറ്റി പലപ്പോഴും വിവാദങ്ങളും ഉടലെടുക്കാറുണ്ട്. പതിനാറ് വയസ്സുള്ള ഒരു ഭക്തയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ജീവപര്യന്തം തടവു ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കയാണ് സന്ത് ആസാറാം ബാപ്പു. നിരവധി കൊലപാതക കേസുകളിലും പ്രതിയാണ് ഇയാൾ. രാമചന്ദ്ര ഛത്രപതിയെന്ന മാധ്യമ പ്രവർത്തകനെ വെടിവെച്ചു കൊന്ന കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് ഗുർമീത് റാം റഹീം സിംഗ്. ഏറ്റവും അടുത്ത ശിഷ്യ ആരതിറാവുവിനെ ലൈംഗിമായി പീഡിപ്പിച്ച കേസിലുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സ്വാമി നിത്യാനന്ദ. ബലാത്സംഗ കേസുകളിലും കൊലപാതക കേസിലും ജീവപര്യന്തം തടവു ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ കരൾ രോഗം ബാധിച്ച് 2011ൽ മരണപ്പെട്ടു സ്വാമി പ്രേമാനന്ദ.

പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്യുകയും ഗൾഫ് മലയാളി സ്ത്രീയിൽ നിന്ന് 45 ലക്ഷം രൂപ തട്ടുക്കുകയും ചെയ്ത കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്നു സ്വാമി അമൃത ചൈതന്യ. വഴിവിട്ട ലൈംഗികതക്കും സാമ്പത്തിക തട്ടിപ്പിനുമുള്ള ഒരു മറയാണ് ആൾദൈവങ്ങൾക്ക് ആത്മീയത. തട്ടിപ്പുകാരും ക്രിമിനലുകളുമല്ലാത്ത സന്യാസികളുണ്ട് നിരവധി. അവരുടെ വിശ്വാസ്യതയെ കൂടി ബാധിക്കുന്നതാണ് വ്യാജസന്യാസിമാരുടെയും ആൾദൈവങ്ങളുടെയും ചെയ്തികളും ഹാഥ്റസ് ദുരന്തം പോലുള്ള സംഭവങ്ങളും. ഈ പശ്ചാത്തലത്തിൽ വ്യാജ സന്യാസിമാരെ തുറന്നു കാട്ടാനും അവരുടെ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിരിക്കയാണ് രാജ്യത്തെ ഹിന്ദുസന്യാസി സംഘടനകളിലൊന്നായ അഖില ഭാരത അഖാര പരിഷത്ത്. സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാനും ആൾക്കൂട്ടത്തെ ആകർഷിക്കാനുമായി തങ്ങളുടെ പേരിന് മുമ്പിൽ “ബാബ’എന്ന വിശേഷണം ചേർത്തു വിലസുകയാണെന്നും സർക്കാർ ഇക്കാര്യം ഗൗരവതരമായി പരിഗണിക്കണമെന്നും അഖില ഭാരത അഖാര പരിഷത്ത് ആവശ്യപ്പെടുന്നു.

എന്നാൽ രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖരുമുണ്ടാകും ഇത്തരം ആൾദൈവങ്ങളുടെ അനുയായി വൃന്ദങ്ങളിൽ. കുറ്റകൃത്യങ്ങൾക്ക് പിടിയിലാകുന്ന വ്യാജസന്യാസിമാരുടെയും ആൾദൈവങ്ങളുടെയും രക്ഷക്കെത്തുന്നത് ഇത്തരം രാഷട്രീയ, ഉദ്യോഗസ്ഥ ലോബിയാണ്. ഹാഥ്റസ് ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ പ്രതിപ്പട്ടികയിൽ ആൾ ദൈവം ഭോലെ ബാബയുടെ പേര് സ്ഥലം പിടിക്കാതിരുന്നതിന് പിന്നിലും രാഷ്ട്രീയ, ഉദ്യോഗസ്ഥ ലോബിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭോലെ ബാബയെ അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയമാക്കണമെന്ന് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളിൽ നിന്നുൾപ്പെടെ ഉയരുന്ന മുറവിളിക്ക് നേരെ ബന്ധപ്പെട്ടവർ പുറംതിരിഞ്ഞു നിൽക്കുകയാണ്. രാജ്യത്തെ നാണം കെടുത്തിയ ഉന്നാവോ ബലാത്സംഗക്കേസിന്റെ ഗതി തന്നെയായിരിക്കും ഹാഥ്റസ് ദുരന്തത്തിന്റെതും.

2020 സെപ്തംബർ 14ന് ഉന്നാവോയിൽ സവർണ വിഭാഗക്കാരുടെ ക്രൂര ലൈംഗിക പീഡനത്തിനിരയായി ദളിത് യുവതി മരിച്ച കേസ് ഭരണകൂടത്തിന്റെ ഒത്താശയോടെ അന്വേഷണ ഉദ്യോഗസ്ഥർ തേച്ചുമായ്ച്ചു കളയുകയായിരുന്നു. തെളിവു നശിപ്പിക്കാനായി ബന്ധുക്കളുടെ അനുമതി പോലുമില്ലാതെ യുവതിയുടെ മൃതദേഹം പോലീസ് അർധരാത്രി സംസ്‌കരിക്കുകയാണുണ്ടായത്.