Connect with us

Articles

ഭരണഘടന പൊളിക്കുകയാണ്

ഭരണഘടനയിലെ അനുച്ഛേദം 348 അനുസരിച്ച് പാര്‍ലിമെന്റില്‍ ബില്‍ അവതരിപ്പിക്കുന്നത് ഇംഗ്ലീഷിലായിരിക്കണമെന്ന നിബന്ധന തള്ളിക്കളഞ്ഞാണ് ഹിന്ദിയില്‍ ബില്‍ കൊണ്ടുവന്നത്. വിചിത്രവും ഞെട്ടിക്കുന്നതുമായ വസ്തുത, പുതിയ നിയമനിര്‍മാണങ്ങള്‍ക്കുള്ള ബില്ലുകള്‍ തയ്യാറാക്കിക്കൊണ്ടുവരേണ്ടത് നിയമനീതി വകുപ്പാണ്. എന്നാല്‍ ആഭ്യന്തര വകുപ്പില്‍ നിന്നാണ് പുതിയ നിയമങ്ങളുടെ രൂപകല്‍പ്പന നടന്നിട്ടുള്ളത്. ജനാധിപത്യത്തിന്റെ എല്ലാ നടപടിക്രമങ്ങളെയും ലംഘിക്കുന്ന സ്വേച്ഛാധികാര പ്രവണതയാണ് പുതിയ നിയമ അവതരണത്തിലൂടെ വെളിവായിരിക്കുന്നത്

Published

|

Last Updated

മണിപ്പൂര്‍ പ്രശ്‌നത്തില്‍ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം പുറത്തുപോയ സന്ദര്‍ഭത്തിലാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലും ക്രിമിനല്‍ നടപടി ചട്ടങ്ങളിലും തെളിവു നിയമത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുതിയ ഭേദഗതികള്‍ കൊണ്ടുവന്നത്. ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യബില്‍ എന്നീ സംസ്‌കൃതവത്കരിക്കപ്പെട്ട ശബ്ദമുദ്രകളിലൂടെയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഭാരതവത്കരണത്തിന്റെയും സംസ്‌കൃതവത്കരണത്തിന്റെയും വഴികളിലൂടെ രാജ്യത്തെ മനുവാഴ്ചയിലേക്ക് കൊണ്ടുപോകുന്ന അത്യന്തം അപകടകരമായ നീക്കമാണിത്.

1860ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തെയും 1973ലെ ഇന്ത്യന്‍ ക്രിമിനല്‍ നടപടി ചട്ടങ്ങളെയും 1872ലെ തെളിവുനിയമത്തെയും പാടേ മാറ്റി കൂടുതല്‍ കടുത്ത പുതിയ നിയമങ്ങള്‍ കൊണ്ടുവരാനാണ് പോകുന്നത്. നിയമങ്ങളുടെ ഭാരതവത്കരണത്തെക്കുറിച്ച് വാചകമടിച്ചുകൊണ്ടാണ് അമിത് ഷാ പുതിയ ഭേദഗതി ബില്ലുകള്‍ കൊണ്ടുവന്നിരിക്കുന്നത്. ഹിന്ദുത്വവത്കരണവും നമ്മുടെ ഭരണഘടനയുടെ നിരാകരണവുമാണ് ഇത്തരം നിയമഭേദഗതികള്‍ക്ക് പ്രേരകമായി വര്‍ത്തിക്കുന്നത്. കൊളോണിയല്‍ അടിമത്തത്തിന്റെ അവശിഷ്ടങ്ങളായി ഈ നിയമങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് ഭാരത ന്യായസംഹിത പോലുള്ള ശബ്ദമുദ്രകളിലൂടെ രാജ്യത്തെ മനുസ്മൃതിയിലേക്ക് നയിക്കാനാണ് ബി ജെ പി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സംസ്‌കൃതവത്കരിക്കപ്പെട്ട പദസംജ്ഞകളിലൂടെ ആധുനിക ജനാധിപത്യസമൂഹത്തെ വിഭാവനം ചെയ്യുന്ന കുറ്റത്തെയും ശിക്ഷയെയും തെളിവിനെയും സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും അട്ടിമറിക്കുകയാണ്.

ഇത് തീര്‍ത്തും ഭരണഘടനാ വിരുദ്ധമായ നീക്കമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. സര്‍വവിധ ഭരണഘടനാനുസൃതമായ പാര്‍ലിമെന്ററി നടപടിക്രമങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഈ പുതിയ നിയമങ്ങളുടെ അവതരണമുണ്ടായത്. ഭരണഘടനയിലെ അനുച്ഛേദം 348 അനുസരിച്ച് പാര്‍ലിമെന്റില്‍ ബില്‍ അവതരിപ്പിക്കുന്നത് ഇംഗ്ലീഷിലായിരിക്കണമെന്ന നിബന്ധന തള്ളിക്കളഞ്ഞാണ് ഹിന്ദിയില്‍ ബില്‍ കൊണ്ടുവന്നത്. വിചിത്രവും ഞെട്ടിക്കുന്നതുമായ വസ്തുത, പുതിയ നിയമനിര്‍മാണങ്ങള്‍ക്കുള്ള ബില്ലുകള്‍ തയ്യാറാക്കിക്കൊണ്ടുവരേണ്ടത് നിയമനീതിവകുപ്പാണ്. എന്നാല്‍ ആഭ്യന്തരവകുപ്പില്‍ നിന്നാണ് പുതിയ നിയമങ്ങളുടെ രൂപകല്‍പ്പന നടന്നിട്ടുള്ളത്. ജനാധിപത്യത്തിന്റെ എല്ലാ നടപടിക്രമങ്ങളെയും ലംഘിക്കുന്ന സ്വേച്ഛാധികാര പ്രവണതയാണ് പുതിയ നിയമ അവതരണത്തിലൂടെ വെളിവായിരിക്കുന്നത്.

ഭാരതീയ ന്യായസംഹിത എന്ന പുതിയ ശിക്ഷാനിയമത്തില്‍ 356 വകുപ്പുകളാണുള്ളത്. ഇതില്‍ 175 എണ്ണം ഭേദഗതികളോടെ നിലവിലുള്ള ശിക്ഷാനിയമത്തില്‍ നിന്ന് എടുത്തതാണ്. 22 എണ്ണം പൂര്‍ണമായി ഒഴിവാക്കുകയും എട്ട് പുതിയ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ക്രിമിനല്‍ നടപടിക്രമത്തെ ഭാരതീയ നാഗരിക സുരക്ഷാസംഹിത എന്ന പേരിലാണ് പുതിയ നിയമം അവതരിപ്പിക്കുന്നത്. ഇതിലാവട്ടെ 533 വകുപ്പില്‍ 150 എണ്ണവും നിലവിലുള്ള ക്രിമിനല്‍ നടപടി നിയമത്തിലുള്ളതുതന്നെ. 22 എണ്ണം റദ്ദാക്കുകയും ഒമ്പത് പുതിയ വകുപ്പ് ചേര്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ തെളിവുനിയമത്തിന് ഭാരതീയ സാക്ഷ്യബില്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇതില്‍ 170 വകുപ്പുകളുണ്ട്. പഴയ തെളിവുനിയമത്തില്‍ നിന്ന് 23 വകുപ്പുകള്‍ ഭേദഗതികളോടെ സ്വീകരിച്ചിട്ടുണ്ട്. അഞ്ചെണ്ണം റദ്ദാക്കുകയും ഒരു വകുപ്പ് പുതുതായി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

ദേശദ്രോഹ നിയമം അതായത് 124 എ ഒഴിവാക്കിയെന്ന അവകാശവാദമാണ് അമിത് ഷാ നടത്തുന്നത്. എന്നാല്‍ പേര് മാറ്റി 150 വകുപ്പ് കൊണ്ടുവന്നിരിക്കുകയാണ്. വിയോജിക്കാനും പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തെ തടയുന്ന സെക്്ഷന്‍ 150 രാജ്യദ്രോഹം എന്ന വാക്ക് ഉപയോഗിക്കുന്നില്ലെങ്കിലും അര്‍ഥത്തിലും പ്രയോഗത്തിലും അത് തന്നെയാണ്. 124 എ വകുപ്പില്‍ വിദ്വേഷവും അവമതിപ്പും ഉണ്ടാക്കുന്ന രീതിയിലുള്ള പ്രകടനങ്ങളെയും പ്രസംഗങ്ങളെയും രാജ്യ

ദ്രോഹമായാണ് വ്യവസ്ഥ ചെയ്തത്. പുതിയ നിയമത്തില്‍ വാക്കുകള്‍ക്ക് മാറ്റം വന്നു. വിദ്വേഷത്തിനും അവമതിപ്പിനും പകരം വിഭാഗീയത, ആയുധമുപയോഗിച്ചുള്ള കലാപം, നിലവിലുള്ള വ്യവസ്ഥ മാറ്റാനുള്ള ഏതൊരു പ്രയോഗവും, ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും ഇല്ലാതാക്കാനുള്ള ഏതൊരു ശ്രമവും, അത്തരം വികാരങ്ങളെ പ്രോത്സാഹിപ്പിക്കല്‍ എന്നാക്കി വിപുലപ്പെടുത്തിയെന്നു മാത്രം. കൂടാതെ എഴുതിയതും പറഞ്ഞതും ഏതെങ്കിലും രീതിയിലുള്ള പ്രതിനിധാനവും എന്നതിന്റെ കൂടെ ഇലക്ട്രോണിക് മാര്‍ഗങ്ങള്‍, സാമ്പത്തിക മാര്‍ഗങ്ങള്‍ എന്നിവ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതില്‍ ശ്രദ്ധിക്കേണ്ടത് വികാരങ്ങളെ പ്രോത്സാഹിപ്പിക്കല്‍, നിലവിലെ വ്യവസ്ഥയെ അട്ടിമറിക്കല്‍ തുടങ്ങിയ വളരെ അവ്യക്തമായ പ്രയോഗങ്ങള്‍ ഏതൊരു പ്രതിഷേധത്തെയും സമരത്തെയും പോലും സെക്ഷന്‍ 150 ഉപയോഗിക്കാവുന്ന കുറ്റമായി പരിഗണിക്കും.

തീവ്രഹിന്ദുത്വ അജന്‍ഡയില്‍ നിന്നുള്ള നീക്കങ്ങളാണിത്. തങ്ങളുടെ ഹിന്ദുരാഷ്ട്ര അജന്‍ഡക്കാവശ്യമായ രീതിയില്‍ ഭരണഘടനയെ തന്നെ പൊളിച്ചെഴുതാനുള്ള നീക്കങ്ങളാണ് സംഘ്പരിവാര്‍ കഴിഞ്ഞ കുറേക്കാലമായി ത്വരിതഗതിയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 1998ലെ വാജ്പയി സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടന പൊളിച്ചെഴുതാനും തങ്ങളുടെ മതരാഷ്ട്ര അജന്‍ഡ നടപ്പാക്കാനുമായി ഒരു ഭരണഘടനാ കമ്മീഷനെ തന്നെ നിയമിക്കുകയുണ്ടായി. ഭരണഘടന പൊളിച്ചെഴുതാനുള്ള വാജ്പയി സര്‍ക്കാറിന്റെ നീക്കങ്ങളെ ശാസിച്ചുകൊണ്ട് അന്നത്തെ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ ഇന്ത്യയുടെ സമകാലീന ചരിത്രത്തിലെ ശ്രദ്ധേയമായ ഏടാണ്. 2000ത്തിലെ റിപബ്ലിക് ദിനത്തിന്റെ സുവര്‍ണ ജൂബിലി സന്ദേശത്തിലാണ് കെ ആര്‍ നാരായണന്‍ ഭരണഘടന പൊളിച്ചെഴുതാനുള്ള സംഘ്പരിവാര്‍ നീക്കത്തെ ശാസിച്ചത്. ഭരണഘടനയോടൊപ്പം നിലവില്‍ വന്ന പരിമിതമായ ജനാധിപത്യ അവകാശങ്ങളെയും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കനുകൂലമായ സാമൂഹിക നീതിതത്ത്വങ്ങളെയും എടുത്തുകളയാനുള്ള ഏതു നീക്കവും അപകടകരമാണെന്ന് അദ്ദേഹം പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തെ പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിലേക്ക് പരിവര്‍ത്തനപ്പെടുത്താനുള്ള സംഘ്പരിവാര്‍ അജന്‍ഡയെ താക്കീത് ചെയ്തുകൊണ്ട് കെ ആര്‍ നാരായണന്‍ പറഞ്ഞത്; ഭരണസ്ഥിരതയല്ല ജനങ്ങളോടും രാഷ്ട്രത്തോടുമുള്ള ഉത്തരവാദിത്വമാണ് പ്രധാനമെന്നാണ്. രാജ്യത്തിന്റെ വൈവിധ്യവും സാമൂഹിക വികസനരംഗത്തെ പ്രശ്‌നങ്ങളും അഭിസംബോധനചെയ്യാനാവശ്യമായ സമീപനമാണിന്ന് ആവശ്യം. അല്ലാതെ രാജ്യത്തിന്റെ ബഹുസ്വരതയെയും ഭരണഘടനയുടെ ഫെഡറലിസത്തെയും തൃണവത്ഗണിക്കുന്ന പ്രസിഡന്‍ഷ്യല്‍ ഭരണ സംവിധാനമല്ല. അത് ഏകാധിപത്യത്തിലേക്ക് വഴിവെക്കുമെന്നും രാജ്യത്തെ ശിഥിലീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വാജ്പയിക്ക് നടപ്പാക്കാന്‍ കഴിയാതെപോയ ഭരണഘടനയുടെ പൊളിച്ചെഴുത്തിനാണ് മോദിയും അമിത് ഷായും കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ഏകരാജ്യ സിദ്ധാന്തവും ഏകനിയമ സിദ്ധാന്തവുമൊക്കെ തട്ടിവിട്ട് അവര്‍ സ്വേച്ഛാധികാരത്തിലേക്ക് രാജ്യത്തെ നയിക്കാനും ഭരണഘടനയെ പൊളിച്ചെഴുതാനുമുള്ള കുത്സിതശ്രമങ്ങളിലാണ്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതോടെ തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുമെതിരായ കടന്നാക്രമണങ്ങളുടെ ഗതിവേഗം കൂടിയിരിക്കുകയാണ്. വിദ്വേഷ രാഷ്ട്രീയത്തില്‍ അഭിരമിക്കുന്ന ഹിന്ദുത്വവാദികള്‍ ഇന്ത്യന്‍ ഭരണഘടനയെതന്നെ കുഴിച്ചുമൂടാനുള്ള അത്യന്തം പ്രതിഷേധജനകമായ ശ്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതും പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതും മുത്വലാഖ് നിരോധനവും എന്‍ ഐ എ- യു എ പി എ നിയമഭേദഗതികളും ഇന്ത്യന്‍ ഭരണഘടനയെ തന്നെ ലക്ഷ്യംവെച്ചുള്ള ആര്‍ എസ് എസിന്റെ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമാണെന്ന കാര്യം ജനാധിപത്യവാദികള്‍ തിരിച്ചറിയാതെ പോകരുത്.

പരമാധികാരം, ഫെഡറലിസം, മതനിരപേക്ഷത, സോഷ്യലിസം തുടങ്ങിയ മൂല്യങ്ങളെയാണ് ഭരണഘടന അതിന്റെ അടിസ്ഥാനവും ആദര്‍ശലക്ഷ്യങ്ങളുമായി വിഭാവനം ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ശക്തമായ കൊളോണിയല്‍ അധീശത്വത്തിനെതിരെ ഒരു നൂറ്റാണ്ടിലേറെ കാലം നീണ്ടുനിന്ന സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങളെയും ഒരു ആധുനിക രാഷ്ട്രത്തിന് അനുയോജ്യമായ ആശയങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ടാണ് ഭരണഘടനാ നിര്‍മാണസഭ ഭരണഘടനക്ക് രൂപം നല്‍കിയത്. ചരിത്രത്തിന്റെ എല്ലാ വിധത്തിലുള്ള സങ്കുചിതമായ ദുര്‍വ്യാഖ്യാനങ്ങളെയും നിരാകരിച്ചുകൊണ്ടാണ് ഇന്ത്യയുടെ പാരമ്പര്യത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ട് നമ്മുടെ ദേശീയനേതൃത്വം ഭരണഘടനയുടെ സമത്വാധിഷ്ഠിത സാമൂഹിക ദര്‍ശനം രൂപപ്പെടുത്തിയത്.

ഭിന്നമതങ്ങളും ഭാഷകളും ജാതിവംശ വിഭാഗങ്ങളും ബഹുസംസ്‌കാരങ്ങളും സഹവര്‍ത്തിച്ച് നിലകൊള്ളുന്ന ദേശീയതാ സങ്കല്‍പ്പമാണ് ഭരണഘടന മുന്നോട്ടുവെച്ചിരിക്കുന്നത്. ഭരണഘടനാ ശില്‍പ്പികള്‍ ലോക ചരിത്രഗതികളെയാകെ പഠിക്കുകയും വിവിധ രാജ്യങ്ങളിലെ ലിഖിതവും അലിഖിതവുമായ ഭരണഘടനകളെ പരിശോധിക്കുകയും ജനാധിപത്യത്തിന്റെ ഭിന്നരൂപങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കുകയും ചെയ്തുകൊണ്ടാണ് നമ്മുടെ ഭരണഘടനക്ക് രൂപം നല്‍കിയത്.

സമത്വാശയങ്ങളെയും മതനിരപേക്ഷ മൂല്യങ്ങളെയും ജനാധിപത്യത്തെയും എന്നും എതിര്‍ത്തുപോന്ന മതരാഷ്ട്രവാദികള്‍ ഒരു കാലത്തും ഭരണഘടനയെ അംഗീകരിച്ചിരുന്നില്ല. സംഘ്പരിവാറുകാര്‍ എന്നും ഇന്ത്യന്‍ ഭരണഘടനയെ ഹിന്ദുവിരുദ്ധ ഭരണഘടനയായാണ് കണ്ടത്. തങ്ങളുടെ മതരാഷ്ട്ര അജന്‍ഡക്ക് തടസ്സം സൃഷ്ടിക്കുന്ന ഭരണഘടനയെ പൊളിച്ചെഴുതുകയെന്നത് എക്കാലത്തെയും അവരുടെ അജന്‍ഡയായിരുന്നു. ബാബരി മസ്ജിദ് തകര്‍ത്തതിനുശേഷം ചേര്‍ന്ന വിശ്വഹിന്ദുപരിഷത്തിന്റെ സന്ത്‌സമിതി (സന്യാസിസഭ) ഇന്ത്യന്‍ ഭരണഘടന മാറ്റിയെഴുതാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി സ്വാമി മുക്താനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ ഒരു നാലംഗസമിതിയെ നിയോഗിച്ചിരുന്നു. ആ സമിതി സംഘ്പരിവാറിന്റെ ഭരണഘടനാ വിമര്‍ശനത്തിന്റെ കരട് രേഖ തയ്യാറാക്കുകയും ചെയ്തിരുന്നു. അതില്‍ അവര്‍ നടത്തുന്ന ഭരണഘടനാ വിമര്‍ശനം കൗതുകകരമാണ്: ‘ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സാഹോദര്യവും സമുദായ സൗഹാര്‍ദവും തകര്‍ക്കുന്നതിന് ഉത്തരവാദിയാര്? വിശപ്പും ദാരിദ്ര്യവും അഴിമതിയും മതനിഷേധവും വര്‍ധമാനമാകുന്നതിന് ഉത്തരവാദിയാര്? ഇന്നത്തെ ഇന്ത്യന്‍ ഭരണഘടന.’എത്ര ബാലിശവും വസ്തുതകള്‍ക്ക് നിരക്കാത്തതുമായ ഭരണഘടനാവിമര്‍ശനമാണ് ഇവര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

ഇന്ത്യയുടെ ഇന്നത്തെ ഭരണഘടനക്ക് പോരായ്മകള്‍ ഉണ്ടാകാം. അത് നമ്മുടെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി പരിഹരിക്കാവുന്നതാണ്. നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന ചൂഷകവര്‍ഗ ബന്ധങ്ങളെ പൊളിച്ചെഴുതാനൊന്നും ഭരണഘടന അനുവദിക്കുന്നില്ലെങ്കിലും ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും സാമൂഹിക നീതിയുടെയും മതേതരത്വത്തിന്റെയും മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് ഇന്നത്തെ ഭരണഘടനയെന്ന കാര്യത്തില്‍ പുരോഗമന ജനാധിപത്യവാദികള്‍ക്ക് ഒട്ടും സംശയമില്ല.

ഭരണഘടനയുടെ സാമൂഹികനീതി തത്ത്വങ്ങളെയും സംവരണാവകാശങ്ങളെയും എടുത്തുകളയണമെന്ന് നിര്‍ദയമായി വാദിക്കുകയാണ് ഹിന്ദുത്വവാദികള്‍. മനുസ്മൃതി അടിസ്ഥാന പ്രമാണമായി അംഗീകരിക്കുന്ന ഹിന്ദുത്വരാഷ്ട്രം ലക്ഷ്യംവെച്ചാണ് ഇക്കൂട്ടര്‍ ദ്രുതഗതിയില്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴവര്‍ കേന്ദ്ര ഭരണാധികാരത്തിന്റെ സൗകര്യമുപയോഗിച്ച് തങ്ങളുടെ ഹിന്ദുത്വരാഷ്ട്ര അജന്‍ഡ നടപ്പാക്കുന്നതിന് തടസ്സം നില്‍ക്കുന്ന ഇന്ത്യന്‍ ഭരണഘടനയെതന്നെ ഇല്ലാതാക്കാനുള്ള കൗശലപൂര്‍വമായ നീക്കങ്ങളിലാണ്.