National
ഹിജാബ് ധാരണം ഇസ്ലാമിലെ നിര്‍ബന്ധിത ആചാരമല്ല; കോടതിയില്‍ വാദവുമായി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു | ഹിജാബ് ധാരണം ഇസ്ലാമിലെ നിര്‍ബന്ധിത മതാചാരത്തില്‍ പെട്ടതല്ലെന്ന വാദവുമായി കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ കോടതിയില്‍ തുടരുന്നതിനിടെ അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിങ് നവാദ്ഗിയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. രാജ്യത്തെ നിലവിലെ നിയമ വ്യവസ്ഥകള്‍ പ്രകാരം ഹിജാബ് ധാരണം അവകാശമാണെന്ന് സര്‍ക്കാര്‍ കരുതുന്നില്ലെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ വ്യക്തമാക്കി. ഹിജാബ് നിരോധനം ആര്‍ട്ടിക്കിള്‍ 25ന്റെ ലംഘനമല്ല. ഹിജാബ് ധാരണം ഭരണഘടനയുടെ ധാര്‍മികതക്കും വ്യക്തിപരമായ അന്തസ്സിനും വിരുദ്ധമാണെന്ന് ശബരിമല, ശായിറ ബാനു (മുത്വലാഖ്) കേസുകളിലെ സുപ്രീം കോടതി നിരീക്ഷണങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. തുടര്‍ വാദം കേള്‍ക്കല്‍ ഈമാസം 21ന് നടക്കും.
സമൂഹത്തിന്റെ ഐക്യത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയിലുള്ള ഒരു വസ്ത്രവും അനുവദിക്കില്ലെന്ന ഫെബ്രുവരി അഞ്ചിലെ സര്‍ക്കാര്‍ ഉത്തരവിന് പ്രേരിപ്പിച്ച കാര്യങ്ങളെ കുറിച്ച് കോടതി ചോദിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ പ്രതികരണം: ‘ഹിജാബ് വിവാദമുയര്‍ന്ന ഉഡുപ്പിയിലെ ഗവണ്മെന്റ് പി യു കോളജില്‍ ദീര്‍ഘകാലമായി ഒരു യൂനിഫോം സംവിധാനം നിലനില്‍ക്കുന്നുണ്ട്. 2021 ഡിസംബര്‍ വരെ അവിടെ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. ഹിജാബ് ധരിക്കാന്‍ അനുവാദം ചോദിച്ച് ചില വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പലിനെ സമീപിച്ചപ്പോള്‍ വിഷയം കഴിഞ്ഞ മാസം ഒന്നിന് കോളജ് വികസന കമ്മിറ്റി ചേര്‍ന്ന് പരിശോധിച്ചു. 1985 മുതല്‍ കോളജിലെ വിദ്യാര്‍ഥികള്‍ യൂനിഫോം ധരിച്ചുവരുന്നതാണെന്ന് കമ്മിറ്റി വിലയിരുത്തി. ആ സമ്പ്രദായം മാറ്റേണ്ടതില്ലെന്ന് കമ്മിറ്റി തീരുമാനിക്കുകയും ചെയ്തു. ഇക്കാര്യം ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെയും വിളിച്ച് അറിയിച്ചിരുന്നതാണ്. എന്നാല്‍, വിദ്യാര്‍ഥികള്‍ സമരവുമായി രംഗത്തെത്തിയതോടെ യോഗ തീരുമാനങ്ങള്‍ വിഫലമായി. ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയും കാര്യങ്ങള്‍ പഠിക്കുന്നതിന് ഒരു ഉന്നതതല കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. ഫെബ്രുവരി അഞ്ചിലെ സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് ഹൈക്കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്യപ്പെട്ടതെന്നും അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു.
മതപരമായ വിഷയങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാറിന് താത്പര്യമില്ല. ഹിജാബ് മതേതരത്വത്തിന് എതിരായതിനാലാണ് അത് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയതെന്നും അഡ്വക്കേറ്റ് ജനറല്‍ കൂട്ടിച്ചേര്‍ത്തു.