Connect with us

Kerala

പ്രണയപ്പക: കടമ്മനിട്ടയില്‍ 17 കാരിയെ തീകൊളുത്തി കൊന്ന കേസില്‍ ശിക്ഷാവിധി ഇന്ന്

ശാരികയുടെ മുന്‍ സുഹൃത്തും അയല്‍വാസിയുമായ സജില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു

Published

|

Last Updated

പത്തനംതിട്ട | പ്രണയപ്പകയില്‍ 17 കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ ശിക്ഷ വിധി ഇന്ന്. ഒപ്പം ഇറങ്ങി ചെല്ലാന്‍ വിസമ്മതിച്ചതിനാണ് പത്തനംതിട്ട കടമ്മനിട്ടയില്‍ ശാരികയെ അയല്‍വാസി സജില്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ശാരികയുടെ മുന്‍ സുഹൃത്ത് സജില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.

2017 ജൂലൈ 14ന് ആയിരുന്നു ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ ശാരിക കോയമ്പത്തൂരില്‍ ചികിത്സയിലിരിക്കെ ജൂലൈ 22ന് മരിച്ചു. മരണമൊഴി കേസില്‍ നിര്‍ണായകമായി. 2017 ജൂലൈ 14ന് വൈകിട്ടാണ് ശാരിയെ ആണ്‍സുഹൃത്ത് ആക്രമിച്ചത്. അയല്‍വാസി കൂടിയായ സജിലിന്റെ ശല്യം സഹിക്കവയ്യാതെ ബന്ധുവീട്ടിലേക്ക് പെണ്‍കുട്ടി മാറിയിരുന്നു. അവിടെയെത്തിയാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. തന്റെ ഒപ്പം ഇറങ്ങിവരണമെന്ന നിര്‍ബന്ധത്തിന് വഴങ്ങാതെ വന്നതാണ് ആക്രമണത്തിന് കാരണം.

ഗുരുതരമായി പരിക്കേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. കോയമ്പത്തൂരില്‍ ചികിത്സയിലിരിക്കെ ജൂലൈ 22 ന് ശാരിക മരിച്ചു. മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും പ്രധാന തെളിവായി പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ചു. കേസില്‍ പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം.