Connect with us

Editorial

വെറുതെയുണ്ടായതല്ല വെടിനിര്‍ത്തല്‍

ഇസ്‌റാഈല്‍ പ്രതിപക്ഷ നേതാവ് യേര്‍ ലാപിഡ് പറഞ്ഞതാണ് ഏറ്റവും പ്രസക്തം. ഇറാനുമായി മാത്രം വെടിനിര്‍ത്തല്‍ പോരാ. ഫലസ്തീനെ ആക്രമിക്കുന്നതും നിര്‍ത്തണം.

Published

|

Last Updated

12 ദിവസത്തെ ആക്രമണ, പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ ഇസ്‌റാഈലിനും ഇറാനുമിടയിൽ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നു. സംഘര്‍ഷവിരാമം ആഹ്ലാദകരവും ആശ്വാസകരവുമാണ്. യുദ്ധം വ്യാപിക്കുന്നത് അതിലേര്‍പ്പെടുന്ന രാജ്യങ്ങളെ മാത്രമല്ല, സര്‍വ രാജ്യങ്ങളെയും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടും. സാമ്പത്തിക രംഗം താറുമാറാകും. വ്യാപാരം നിശ്ചലമാകും. തൊഴില്‍ നഷ്ടമുണ്ടാകും. മനുഷ്യര്‍ പലായനം ചെയ്യേണ്ടി വരും. ഗൂഢമായ ഭൗമരാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി യുദ്ധം സൃഷ്ടിക്കുന്നവരെയും ആയുധ കച്ചവടക്കാരെയും അതിര്‍ത്തിവ്യാപന മോഹികളെയും മാത്രമേ യുദ്ധം സന്തോഷിപ്പിക്കുകയുള്ളൂ.

ആയുധ പ്രയോഗം നിര്‍ത്തുകയും നയതന്ത്ര ചര്‍ച്ചയിലേക്ക് വരികയും തന്നെയാണ് ശരിയായ മാര്‍ഗം. അപ്പോഴും ചില ചോദ്യങ്ങള്‍ ഉന്നയിച്ചേ തീരൂ. എന്തിന് വേണ്ടിയായിരുന്നു ഈ സംഘര്‍ഷം? യാതൊരു പ്രകോപനവുമില്ലാതെ ഇസ്‌റാഈല്‍ ഇറാനെ ആക്രമിച്ചതിന് എന്ത് ന്യായീകരണമാണുള്ളത്? ഇറാന്റെ ആണവ നിലയങ്ങള്‍ ആക്രമിക്കാന്‍ യു എസിന് ആരാണ് അധികാരം നല്‍കിയത്? ഇറാന്‍ ശക്തമായ സൈനിക നടപടിയിലേക്ക് നീങ്ങിയത് കൊണ്ടല്ലേ ഇപ്പോള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് യു എസും ഇസ്‌റാഈലും തയ്യാറായത്?
ദയവായി ആരും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കരുതെന്നാണ് ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. പിന്നാലെ ഇസ്‌റാഈല്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പായി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം ഇസ്‌റാഈലില്‍ കനത്ത നാശം വിതച്ചു. ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന ആരോപണവുമായി ഇസ്‌റാഈല്‍ രംഗത്തെത്തിയിട്ടുണ്ട്. ആണവ കേന്ദ്രങ്ങളില്‍ യു എസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇറാന്‍ കഴിഞ്ഞ ദിവസം ഖത്വറിലെയും ഇറാഖിലെയും യു എസ് താവളത്തിന് നേരെ മിസൈലാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപനം.

ഇറാനും യു എസും തമ്മില്‍ നടത്തിവന്ന ആണവ ചര്‍ച്ചകള്‍ വിജയത്തിലെത്തിയേക്കാമെന്ന ഘട്ടത്തില്‍ ഇസ്‌റാഈല്‍ നടത്തിയ ഏകപക്ഷീയമായ ആക്രമണമാണ് പശ്ചിമേഷ്യയെ കടുത്ത സംഘര്‍ഷാവസ്ഥയിലേക്ക് തള്ളിവിട്ടത്. നതാന്‍സ് ആണവ നിലയം ജൂതരാഷ്ട്രം ആക്രമിച്ചു. നിരവധി ശാസ്ത്രജ്ഞരെയും ഉന്നത ഇറാനിയന്‍ നേതാക്കളെയും വകവരുത്തി. ഇറാനെന്ന പരമാധികാര രാഷ്ട്രത്തെ കടന്നാക്രമിച്ച ഇസ്‌റാഈലിനെ നിലക്ക് നിര്‍ത്താന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അശക്തനാണെന്ന് തെളിയിക്കുന്ന സംഭവവികാസങ്ങളാണ് പിന്നീട് നടന്നത്. ഇപ്പോള്‍ സമാധാനത്തെ കുറിച്ച് വാചാലനാകുന്ന ട്രംപ് ആ ആക്രമണത്തെ തള്ളിപ്പറയാന്‍ തയ്യാറായില്ല. സ്വാഭാവികമായും ഇറാന്‍ തിരിച്ചടിച്ചു. ഇസ്‌റാഈലിന്റെ കൊട്ടിഘോഷിച്ച പ്രതിരോധ സംവിധാനങ്ങളെയെല്ലാം അപ്രസക്തമാക്കി ശക്തമായ പ്രത്യാക്രമണം നടത്താന്‍ ഇറാന് സാധിച്ചു. ലോകത്തെ സമാധാന സ്‌നേഹികളാരും ആക്രമണത്തെ സ്വാഗതം ചെയ്യില്ലെങ്കിലും ഗസ്സയിലെ മനുഷ്യരെ ദിനംപ്രതി കൊല്ലുന്ന ജൂത രാഷ്ട്രത്തിന് അരക്ഷിതാവസ്ഥ എന്താണെന്ന് മനസ്സിലാക്കാനുള്ള അവസരമാണ് ഇറാന്‍ ഒരുക്കിക്കൊടുത്തത്. അവിടെയും നിന്നില്ല. ഇസ്‌റാഈലിന്റെ നില പരുങ്ങലിലാകുന്നുവെന്ന് കണ്ട യു എസ് നേരിട്ടിറങ്ങുകയും ചെയ്തു. റഷ്യന്‍ പ്രസിഡന്റ്വ്ലാദിമിർ പുടിന്‍ പറഞ്ഞതുപോലെ, ഒരു ന്യായീകരണവുമില്ലാത്ത കടന്നാക്രമണമായിരുന്നു അത്. സ്വന്തം ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനും ജനതക്ക് ആത്മവിശ്വാസം നല്‍കാനും ഖത്വറിലെ യു എസ് താവളത്തിലേക്ക് മിസൈല്‍ അയക്കേണ്ടി വന്നു. സൗഹൃദ രാജ്യത്തെയല്ല, യു എസിനെയാണ് ആക്രമിക്കുന്നതെന്ന് ഇറാന്‍ വ്യക്തമാക്കുകയും ചെയ്തുവെന്നോര്‍ക്കണം. കാര്യങ്ങള്‍ പിടിവിടുമെന്ന് കണ്ട് തന്നെയാണ് വെടിനിര്‍ത്തല്‍ ശ്രമവുമായി ട്രംപ് വന്നത്. ഇസ്‌റാഈലിനെ അദ്ദേഹം ശാസിച്ചുവെന്നൊക്കെ പറയുന്നത് വെറും വാക്കുകള്‍ മാത്രമാണ്. ജൂത രാഷ്ട്രത്തിന്റെ ശക്തി കുടികൊള്ളുന്നത് സാമ്രാജ്യത്വ ശക്തികളുടെ പിന്‍ബലത്തില്‍ മാത്രമാണ്. ആ സംരക്ഷകരെപ്പോലും ഗൗനിക്കാത്ത നിലയിലേക്ക് അക്രമകാരിയാകുകയാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവെന്ന് അമേരിക്കയടക്കമുള്ളവര്‍ തിരിച്ചറിയേണ്ടതാണ്.

1979ലെ ഇസ്‌ലാമിക വിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെട്ട ഭരണമാറ്റത്തിലൂടെ സുസ്ഥിര രാഷ്ട്രമായി മാറാന്‍ ഇറാന് സാധിച്ചുവെന്നത് വസ്തുതയാണ്. ആ ഭരണ സംവിധാനം അട്ടിമറിക്കാനാണ് ഇസ്‌റാഈലും അമേരിക്കയും ശ്രമിച്ചത്. ഇറാനെ നേരിട്ട് ആക്രമിച്ച ശേഷം ഡൊണാള്‍ഡ് ട്രംപ് തന്നെ അത് തുറന്ന് പറഞ്ഞതാണ്. എന്നാല്‍ ജനങ്ങള്‍ ആ ഭരണകൂടത്തെ താഴെയിറക്കുമെന്നാണ് പ്രസിഡന്റ് പറഞ്ഞതെന്ന് തിരുത്തുകയാണ് വെറ്റ്ഹൗസ് ചെയ്തത്. തിരുത്തിയാലും മനസ്സിലിരിപ്പ് വ്യക്തമാണ്. മറ്റ് രാജ്യങ്ങളെ ശിഥിലമാക്കുകയെന്ന സാമ്രാജ്യത്വ കുടിലത ലോകം അനുവദിച്ചുകൊടുക്കരുത്. യു എന്നിന് ജീവനുണ്ടോ എന്ന് തെളിയിക്കേണ്ട ഘട്ടമാണിത്. താന്‍ പ്രതിസന്ധിയിലാകുമ്പോഴെല്ലാം മനുഷ്യരെ കൊന്നൊടുക്കുന്ന നെതന്യാഹുവിനെയാണ് ഇറക്കിവിടേണ്ടത്. പശ്ചിമേഷ്യയില്‍ കാണുന്ന എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണം ഇസ്‌റാഈല്‍ അതിന്റെ അതിര്‍ത്തിയില്‍ ഒതുങ്ങി നില്‍ക്കാന്‍ തയ്യാറല്ല എന്നതാണ്. ഇസ്‌റാഈലിനെപ്പോലെ ചുറ്റുമുള്ള രാജ്യങ്ങള്‍ക്കെല്ലാം നിലനില്‍ക്കാനുള്ള അവകാശമുണ്ട്. അതോടൊപ്പം ഇസ്‌ലാമിക വിപ്ലവമെന്ന പ്രയോഗത്തോട് ഇറാന്‍ നീതി പുലര്‍ത്തണം. ശിയാ രാഷ്ട്രീയം മുന്‍നിര്‍ത്തിയുള്ള കുത്തിത്തിരിപ്പുകളില്‍ നിന്ന് ആ രാജ്യം വിട്ടുനില്‍ക്കണം. ഇസ്‌റാഈല്‍ പ്രതിപക്ഷ നേതാവ് യേര്‍ ലാപിഡ് പറഞ്ഞതാണ് ഏറ്റവും പ്രസക്തം. ഇറാനുമായി മാത്രം വെടിനിര്‍ത്തല്‍ പോരാ. ഫലസ്തീനെ ആക്രമിക്കുന്നതും നിര്‍ത്തണം.

---- facebook comment plugin here -----

Latest