Connect with us

Kerala

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്തു; പോസ്റ്റ്‌മോര്‍ട്ടം കോഴിക്കോട് മെഡിക്കൽ കോളജിൽ

എംബാം ചെയ്തതിനാൽ മൃതദേഹത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല

Published

|

Last Updated

കോഴിക്കോട്  | ദുബൈയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മലയാളി വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പരിശോധനൾക്കായി പുറത്തെടുത്തു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം അവിടെ വെച്ച് പോസ്റ്റ്മോര്‍ട്ടം നടത്തും. രാവിലെ പത്ത് മണിയോടെ തഹസില്‍ദാരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. എംബാം ചെയ്തതിനാൽ മൃതദേഹത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിൽ പാടുകൾ ഒന്നും കണ്ടെത്താനായിട്ടില്ല എന്നാണ് സൂചന.

റിഫയുടെ മൃതദേഹം ഖബറിൽ നിന്ന് പുറത്തെടുത്ത് ആംബുലൻസിലേക്ക് മാറ്റുന്നു

റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അന്വേഷണ സംഘം ആര്‍ഡിഒയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. തുടർന്ന് ആർ ഡി ഒ അനുമതി നൽകുകയായിരുന്നു. ഭര്‍ത്താവ് മെഹ്നാസിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. റിഫയുടെ വീടിന് സമീപത്തെ പള്ളി കബറിസ്ഥാനില്‍ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് അന്വേഷണ സംഘത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.

പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍ കേസന്വേഷണത്തില്‍ നിര്‍ണായകമാണ്. മെഹനാസിന്റെ രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയില്ലെന്ന വിവരം മറച്ചുവെച്ചെന്ന് ബന്ധുക്കള്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. റിഫയുടെ മാതാവ് നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് മെഹനാസിനെതിരെ ആത്മഹത്യ പ്രേരണ കുറ്റമടക്കം ചുമത്തി പോലീസ് കേസും എടുത്തിരുന്നു. തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനായി അനുമതി വാങ്ങിയത്.

മാര്‍ച്ച് ഒന്നിന് ദുബായ് ജലാലിയയിലെ ഫ്‌ലാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നും മരണത്തില്‍ അസ്വാഭാവികതയില്ലെന്നുമുള്ള ദുബൈ പൊലീസിന്റെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതെയാണ് മൃതദേഹം നാട്ടിലേക്ക് വിട്ട് നല്‍കിയത്.

---- facebook comment plugin here -----

Latest