Kerala
മീനച്ചിലാറ്റില്‍ കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി
അടിമാലി സ്വദേശി അമല്‍ കെ ജോമോന്റെ മൃതദേഹമാണ് കളരിയാമാക്കല്‍ ചെക്ക് ഡാമിന് സമീപത്തു നിന്ന് ലഭിച്ചത്.

കോട്ടയം| മീനച്ചിലാറ്റില്‍ കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെത്തി. അടിമാലി സ്വദേശി അമല്‍ കെ ജോമോന്റെ മൃതദേഹമാണ് കളരിയാമാക്കല്‍ ചെക്ക് ഡാമിന് സമീപത്തു നിന്ന് ലഭിച്ചത്. ഇന്നലെ വൈകിട്ട് സുഹൃത്ത് പെരുവന്താനം സ്വദേശി ആല്‍ബിന്‍ ജോസഫ് (21)ന്റെ മൃതദേഹം ലഭിച്ചിരുന്നു. ഭരണങ്ങാനത്ത് അപകടമുണ്ടായ വിലങ്ങുപാറ കടവിന് 200 മീറ്റര്‍ മാറി അമ്പലക്കടവിന് സമീപത്തുനിന്നാണ് ആല്‍ബിന്റെ മൃതദേഹം ലഭിച്ചത്.
ശനിയാഴ്ച വൈകീട്ടാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്. ജര്‍മന്‍ ഭാഷാ പഠന കേന്ദ്രത്തിലെ വിദ്യാര്‍ഥികളും സുഹൃത്തുക്കളുമായ നാലു പേര്‍ മീനച്ചിലാറ്റില്‍ ഭരണങ്ങാനം വിലങ്ങുപാറ കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഇവരില്‍ രണ്ട് പേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
ശനിയാഴ്ച രാത്രി വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താത്തതിനെ തുടര്‍ന്ന് നിര്‍ത്തുകയും കളരിയാമ്മാക്കല്‍ ചെക്ക് ഡാം തുറന്ന് ജലനിരപ്പ് കുറച്ച ശേഷം ഇന്നലെ രാവിലെ ആറ് മണിയോടെ പുനരാരംഭിക്കുകയുമായിരുന്നു. ഫയര്‍ഫോഴ്‌സും പോലീസും വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമാണ് തിരച്ചില്‍ നടത്തിയത്.