Connect with us

rajyasabha

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ആദ്യ ദിനം തന്നെ ഉണ്ടായേക്കും; പൂര്‍ണ്ണ സമയം സഭയിലുണ്ടാവണമെന്ന് ബി ജെ പി രാജ്യസഭാ എം പിമാര്‍ക്ക് വിപ്പ്

ക്രിപ്‌റ്റോ കറന്‍സി നിയന്ത്രിക്കാനുള്ള ബില്ലടക്കം 29 ബില്ലുകള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ നേരത്തേ കേന്ദ്രം പാര്‍ലമെന്റിന്റെ അനുവാദം തേടിയിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തിന്റെ ആദ്യം ദിനം തന്നെ എല്ലാ ബി ജെ പി അംഗങ്ങളോടും പൂര്‍ണ്ണ സമയം രാജ്യസഭയിലുണ്ടാവാന്‍ വിപ്പ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് തിങ്കളാഴ്ച അവതരിപ്പിച്ചേക്കുമെന്ന് നേരത്തേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ക്രിപ്‌റ്റോ കറന്‍സി നിയന്ത്രിക്കാനുള്ള ബില്ലടക്കം 29 ബില്ലുകള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ നേരത്തേ കേന്ദ്രം പാര്‍ലമെന്റിന്റെ അനുവാദം തേടിയിരുന്നു.

മൂന്ന് വരിയുള്ള വിപ്പ് നോട്ടീസാണ് ബി ജെ പി അംഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. പ്രതിപക്ഷത്തിന് മുന്നില്‍ കാര്യമായി വഴങ്ങിക്കൊടുക്കാതെ ബില്ല് പാസാക്കിയെടുക്കാനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. നവംബര്‍ 29 ന് പ്രധാനപ്പെട്ട ചില ബില്ലുകളുടെ ചര്‍ച്ചയും പാസാക്കലും ഉണ്ടാവും. അന്നേ ദിവസം എല്ലാ ബി ജെ പി അംഗങ്ങളും സഭയിലുണ്ടാവണം. സര്‍ക്കാറിന്റെ ഭാഗത്തെ പിന്തുണക്കണമെന്നും വിപ്പില്‍ ആവശ്യപ്പെടുന്നു.

എന്നാല്‍, ലോകസഭാ എം പിമാര്‍ക്ക് ഇതുവരെ യാതൊരു വിപ്പും ബി ജെ പി നല്‍കിയിട്ടില്ല. ഞായറാഴ്ചയോടെ ഇവര്‍ക്കും ബി ജെ പി വിപ്പ് നല്‍കിയേക്കും എന്ന് സൂചനയുണ്ട്. നവംബര്‍ 29 മുതല്‍ ഡിസംബര്‍ 23 വരെയാണ് ശൈത്യകാല സമ്മേളനം. സമ്മേളനം ആരംഭിക്കുന്നതിന് നാല് ദിവസം മുമ്പേ തന്നെ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയത് പാര്‍ലമെന്റില്‍ പരിഗണനക്ക് വരുന്ന ബില്ലുകള്‍ ഏത് വിധേനയും പാസാക്കിയെടുക്കാനുള്ള ബി ജെ പിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. പഞ്ചാബിലും ഉത്തര്‍പ്രദേശിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എത്രയും പെട്ടെന്ന് മൂന്ന് നിയമങ്ങളും പിന്‍വലിച്ച് മുഖം രക്ഷിക്കാനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടത് ബി ജെ പിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

Latest