National
ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന്; കോണ്‍ഗ്രസിന്റെ ഇ ഡി ഓഫീസ് മാര്‍ച്ചിന് അനുമതി നിഷേധിച്ച് ഡല്‍ഹി പോലീസ്
മാര്‍ച്ച് നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് നേതാക്കള്‍ക്ക് മുന്നറിയിപ്പ്.

ന്യൂഡല്‍ഹി | കോണ്‍ഗ്രസിന്റെ ഇ ഡി ഓഫീസ് മാര്‍ച്ചിന് അനുമതി നിഷേധിച്ച് ഡല്‍ഹി പോലീസ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ മുമ്പാകെ ഇന്ന് ഹാജരാകുന്ന രാഹുല്‍ ഗാന്ധിക്കൊപ്പം നടത്താനിരുന്ന മാര്‍ച്ചിനാണ് അനുമതി നിഷേധിച്ചത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് നടപടി. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രവര്‍ത്തകര്‍ ഇ ഡി ഓഫീസിനു മുമ്പിലേക്ക് പോകരുതെന്ന് പോലീസ് ആവശ്യപ്പെട്ടു. മാര്‍ച്ച് നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് നേതാക്കള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കി.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ നാളെ രാവിലെ 11നാണ് രാഹുല്‍ ഗാന്ധി ഇ ഡി മുമ്പാകെ ഹാജരാവുക. എ ഐ സി സി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചുമായി രാഹുല്‍ ഗാന്ധിക്കൊപ്പം ഇ ഡി ഓഫീസിലേക്ക് പോകാനായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. രാജസ്ഥാന്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എം പിമാര്‍ തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നായിരുന്നു വിവരം. പോലീസിന്റെ നിര്‍ദേശം അവഗണിച്ച് പ്രതിഷേധം നടത്തുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ എ ജെ എല്‍ കമ്പനി സോണിയയും രാഹുലും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തില്‍ കള്ളപ്പണ ഇടപാടും വന്‍ നികുതി വെട്ടിപ്പും നടന്നുവെന്ന സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.