Connect with us

Editors Pick

സംഘടനാ സംവിധാനം ദുര്‍ബലമെന്ന്; ആവലാതിയുമായി കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഹൈക്കമാൻഡിന് മുന്നിൽ

കൊച്ചിയില്‍ ചേര്‍ന്ന കെ പി സി സി യോഗത്തിനു ശേഷം എ ഐ സി സിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ കേരളത്തിലെ സംഘടനാ ദൗര്‍ബല്യമാണു വിശദമാക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | രാജ്യം അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു തയ്യാറടുക്കുമ്പോള്‍, കേരളത്തില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനം സജ്ജമല്ലെന്ന ആവലാതിയുമായി സംസ്ഥാന നേതൃത്വം ഹൈക്കമാന്റിനു മുമ്പില്‍. കൊച്ചിയില്‍ ചേര്‍ന്ന കെ പി സി സി യോഗത്തിനു ശേഷം എ ഐ സി സിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ കേരളത്തിലെ സംഘടനാ ദൗര്‍ബല്യമാണു വിശദമാക്കുന്നത്. സംസ്ഥാന കോണ്‍ഗ്രസില്‍ സമഗ്ര പുനസ്സംഘടന ആവശ്യമാണെന്നു നേതൃത്വം കരുതുന്നു. പ്രകടനം വിലയിരുത്തി നിലവിലുള്ള കെ പി സി സി ഭാരവാഹികളെയും ഡി സി സി പ്രസിഡന്റുമാരേയും മാറ്റണമെന്ന നിര്‍ദ്ദേശവും പരിഗണനയിലുണ്ട്. ലോക സഭാ തിരഞ്ഞെടുപ്പിനു മുമ്പു പുതിയ ജനറല്‍ സെക്രട്ടറിമാരെ നിയമിക്കണമെന്നും ആവശ്യമുണ്ട്.

എ ഐ സി സി പ്ലീനറി സമ്മേളനത്തിനു ശേഷം ഇക്കാര്യങ്ങളില്‍ നടപടിയുണ്ടാവുമെന്നാണു കേന്ദ്ര നേതൃത്വം പറയുന്നത്.  കഴിഞ്ഞ തവണ തിരഞ്ഞെടുപ്പില്‍ കേരളം ഉണ്ടാക്കിയ നേട്ടം 2024 ല്‍ ആവര്‍ത്തിക്കാന്‍ കഴിയണമെങ്കില്‍ സംഘടനാ സംവിധാനത്തില്‍ മാറ്റം ആവശ്യമാണെന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വം ഉറച്ചു നില്‍ക്കുകയാണ്. മോശം പ്രകടനം കാഴ്ചവച്ച ഡി സി സി പ്രസിഡന്റുമാരെ മാറ്റണമെന്നതാണ് നേതൃത്വത്തിന്റെ ആവശ്യങ്ങളില്‍ പ്രധാനം. കെ സുധാകരന്‍ അധ്യക്ഷനായി വന്നതിന് പിന്നാലെ പാര്‍ട്ടിയില്‍ ഉണ്ടായ ഉണര്‍വ് പാടെ നഷ്ടപ്പെട്ടുവെന്നും സമഗ്രമായി പുനസ്സംഘടിപ്പിക്കപ്പെട്ട കെ പി സി സി പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരം നല്‍കിയെങ്കിലും അതിനനുസരിച്ചു പാര്‍ട്ടി പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തല്‍.

14 ഡി സി സി പ്രസിഡന്റുമാരെയും മാറ്റിയിരുന്നു. പുതുതായി വന്ന ഡിസിസി പ്രസിഡന്റുമാരില്‍ ഭൂരിപക്ഷത്തിന്റെയും പ്രവര്‍ത്തനം നിരാശാജനകമാണെന്നും നേതൃത്വം വിലയിരുത്തുന്നു. കെ പി സി സി ഭാരവാഹികളില്‍ പലരും ചില ഡി സി സി പ്രസിഡന്റുമാരും പദവി അലങ്കാരമായി കൊണ്ടു നടക്കുകയാണെന്നും നേതൃത്വം വിലയിരുത്തുന്നു.

സാമുദായിക സന്തുലനവും ഗ്രൂപ്പു സമവാക്യങ്ങളുമെല്ലാം പരിഗണിച്ചാണു കെ പി സി സി പുനസ്സംഘടനയിലും ഡി സി സി പ്രസിഡന്റ് പദവിയിലും പലരും എത്തിയതെന്നും ഇവരൊന്നും പ്രവര്‍ത്തനങ്ങളില്‍ കഴിവുതെളിയിച്ചില്ലെന്നും വിലയിരുത്തുന്നുണ്ടെങ്കിലും ആരെയും തല്‍സ്ഥാനങ്ങളില്‍ നിന്നു മാറ്റാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഈ പ്രതിസന്ധി മറികടക്കാന്‍ ഭാരവാഹികളുടെ എണ്ണം വര്‍ധിപ്പിച്ചു പ്രവര്‍ത്തനശേഷിയുള്ളവരെ നേതൃത്വത്തിലേക്ക് ഉയര്‍ത്തുക എന്ന നിര്‍ദ്ദേശവും പരിഗണനയിലുണ്ട്. പാര്‍ട്ടിയെ അര്‍ധ കേഡര്‍ പാര്‍ട്ടിയാക്കുമെന്ന പ്രഖ്യാപനവുമായി അധ്യക്ഷപദം ഏറ്റെടുത്ത കെ സുധാകരന് സംഘടന ശക്തിപ്പെടുത്തുന്നതില്‍ ഏറെ മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ലെന്നാണു നേതൃത്വം വിലയിരുത്തുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി കൈകോര്‍ത്താണ് സുധാകരന്‍ ആദ്യം മുന്നോട്ടു പോയതെങ്കിലും പിന്നീട് സുധാകരന്റെ പ്രസ്താവനകളും മറ്റും സതീശനുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ വരുത്തി.

ആര്‍ എസ് എസ് ശാഖക്കു സംരക്ഷണം നല്‍കി, തനിക്കു ബി ജെപിയില്‍ പോകാന്‍ ആരുടേയും സര്‍ട്ടിഫിക്കറ്റ് വേണ്ട തുടങ്ങിയ പ്രസ്താവനകള്‍ സുധാകരന്റെ ആരാധകരില്‍ പോലും എതിര്‍പ്പുണ്ടാക്കി. ലോകസഭാ തിരഞ്ഞെടുപ്പിനു മുമ്പു സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റണമെന്ന ആവശ്യം പോലും പാര്‍ട്ടിയില്‍ ശക്തമായി. കെ സുധാകരനെതിരെ ഹൈക്കമാന്റിന് മുന്നില്‍ പരാതികള്‍ ഏറെയുണ്ട്. അധ്യക്ഷന്‍ പാര്‍ട്ടിയില്‍ സജീവമല്ലെന്ന ആക്ഷേപവുമുണ്ട്. വല്ലപ്പോഴും നടത്തുന്ന പ്രസ്താവനകള്‍ തന്നെ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുന്നു. ഏറ്റവും ഒടുവില്‍, പാര്‍ട്ടിയില്‍ കൂടിയാലോചന നടത്താതെ, കേരളം വര്‍ധിപ്പിച്ച നികുതി അടക്കരുതെന്നു പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ഈ പ്രസ്താവന പിന്നീട് പിന്‍വലിച്ചു.

പാര്‍ട്ടി അധ്യക്ഷനെ മാറ്റാതെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ നേട്ടം നിലനിര്‍ത്താനാവില്ലെന്നു എം പിമാരുടെ സംഘം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. ബി ജെ പി അനുകൂല പ്രസ്താവനയുടെ പേരില്‍ ലീഗ് അടക്കമുള്ള ഘടകക്ഷികളിലും കെ സുധാകരനെതിരെ കടുത്ത അമര്‍ഷം രൂപപ്പെട്ടു. ആര്‍ എസ് എസ് അനുകൂല പ്രസ്താവനക്കുവേണ്ടി നെഹറുവിനെപോലും കൂട്ടുപിടിച്ചതോടെ എ ഐ സി സിയും സുധാകരനെതിരെ അതൃപ്തി പ്രകടമാക്കി. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് ഇപ്പാള്‍ കെ സുധാകരന്‍ പാര്‍ട്ടി പരിപാടികളില്‍ നിന്ന് അകന്നു നില്‍ക്കുന്നത് എന്നാണു വിവരം. എഴുപത്തിയഞ്ചുകാരനായ സുധാകരന്‍ ആരോഗ്യവാനാണെന്നു കാണിക്കാന്‍ അദ്ദേഹം വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോകളും മറ്റും പ്രചരിക്കുകയുണ്ടായി.

കെ പി സി സി ഒറ്റവരി പ്രമേയം പാസാക്കിയാണ് കെ സുധാകരനെ അധ്യക്ഷനായി തുടരാന്‍ അനുവദിച്ചത്. സുധാകരനു പകരം പാര്‍ട്ടി അധ്യക്ഷ പദവിയിലേക്ക് ടി എന്‍ പ്രതാപന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ഡൊമനിക് പ്രസന്റേഷന്‍ തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ സുധാകരനെ മാറ്റി നിര്‍ത്തുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാവ് എകെ ആന്റണറി. അതിനിടെ സംസ്ഥാന നേതൃത്വം പിടിക്കാന്‍ ഒരു വിഭാഗം ശശി തരൂരിനെ മുന്‍നിര്‍ത്തിയുള്ള നീക്കവും ശക്തമാക്കിയിട്ടുണ്ട്. സുധാകരനോടു വിയോജിപ്പുള്ളവര്‍പോലും ഒരു മിക്കുന്നത് ശശി തരൂര്‍ ലക്ഷ്യം നേടുന്നതു തടയുന്നതിനു വേണ്ടിയാണ്. ലോകസഭാ തിരഞ്ഞെടുപ്പിനു മുമ്പു ഡിസിസി, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളെയെങ്കിലും നിശ്ചയിക്കണമെന്ന ആവശ്യമാണ് അടിത്തട്ടിലുള്ള പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്. ഇതിനായി കരടു പട്ടിക പോലും തയ്യാറാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പാര്‍ട്ടി. ഇത്തരം ചര്‍ച്ചകളിലൊന്നും എംപിമാരെ പരിഗണിക്കാത്തതില്‍ പ്രതിക്ഷേധിച്ച് എട്ട് എംപിമാര്‍ ഹൈക്കമാന്‍ഡിനു പരാതി നല്‍കി.

എ ഐ സി സി പ്ലീനറി സമ്മേളനത്തിനുശേഷം എല്ലാ കാര്യത്തിലും തീരുമാനമുണ്ടാക്കാമെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest