Connect with us

digital divide in india

ഡിജിറ്റല്‍ ഡിവൈഡ് വലുതാകുന്നുവെന്ന് പറഞ്ഞാല്‍

സമസ്ത മേഖലയും ഡിജിറ്റല്‍വത്കരിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ ഒരു കൂട്ടര്‍ക്ക് അങ്ങോട്ട് പ്രവേശനമില്ലെന്ന് വരുന്നത് വലിയ മനുഷ്യാവകാശ പ്രശ്‌നം തന്നെയാണ്. ഡിജിറ്റല്‍ സൗകര്യം ലഭ്യമല്ലാത്ത മനുഷ്യര്‍ സര്‍വ മേഖലയില്‍ നിന്നും ആട്ടിയിറക്കപ്പെടുകയാണ് ചെയ്യുന്നത്.

Published

|

Last Updated

രാജ്യത്ത് ഡിജിറ്റല്‍, ഐ ടി, കമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങളുടെ കാര്യത്തില്‍ കടുത്ത അസമത്വം നിലനില്‍ക്കുന്നുവെന്ന റിപോര്‍ട്ട് വലിയ അത്ഭുതമൊന്നും ഉളവാക്കുന്നില്ല. ഡിജിറ്റല്‍ വിടവ് എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിസന്ധി സാമ്പത്തിക അസമത്വത്തിന്റെ കൂടെപ്പിറപ്പാണ്. അസമത്വം രൂക്ഷമായ ഒരു രാജ്യത്ത് സര്‍വ രംഗത്തും ഈ വിടവ് കാണാനാകും. ഇത്തരമൊരു രാജ്യത്ത് ജി ഡി പി പോലുള്ള സൂചകങ്ങളില്‍ വളര്‍ച്ചയുണ്ടാകുന്നുവെന്നതിന് അര്‍ഥം സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും ആകുന്നുവെന്നാണ്. സാമ്പത്തിക വളര്‍ച്ചയുടെ ഗുണം സാധാരണ മനുഷ്യര്‍ക്ക് കിട്ടുന്നില്ല. അതിസമ്പന്നരായ ഏതാനും പേര്‍ വളര്‍ന്നാലും ജി ഡി പിയില്‍ വളര്‍ച്ചയുണ്ടാകും. എന്നാല്‍ ആ വളര്‍ച്ച സാമാന്യ ജനങ്ങളുടെ ജീവിതത്തില്‍ ഏതെങ്കിലും തരത്തില്‍ പ്രതിഫലിക്കുമോയെന്നതാണ് ചോദ്യം. രാജ്യത്തെ ഡിജിറ്റല്‍ വിടവ് വലുതാകുന്നുവെന്ന് പറഞ്ഞാല്‍ സാമ്പത്തിക അസന്തുലിതാവസ്ഥ വര്‍ധിക്കുവെന്നാണ് മനസ്സിലാക്കേണ്ടത്. വളര്‍ച്ചാ കണക്കുകള്‍ വെറും അക്കങ്ങളാണെന്നും.

ഓക്‌സ്ഫാം ഇന്ത്യ പ്രസിദ്ധീകരിച്ച ഡിജിറ്റല്‍ ഡിവൈഡ് റിപോര്‍ട്ട് -2022 പരിഗണിക്കുന്നത് മൊബൈല്‍ ഫോണുകളുടെ ഉടമസ്ഥത, ലാപ്‌ടോപ്പ്, കമ്പ്യൂട്ടര്‍ ലഭ്യത, ഇന്റര്‍നെറ്റ് ബന്ധം തുടങ്ങിയവയാണ്. മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ പുരുഷന്‍മാര്‍ക്കും നഗരവാസികള്‍ക്കും സവര്‍ണ വിഭാഗങ്ങള്‍ക്കും മാത്രമാണ് വന്‍തോതില്‍ ലഭ്യമാകുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. രാജ്യത്ത് 61 ശതമാനം മൊബൈല്‍ ഫോണുകളും പുരുഷന്മാരുടേതാണ്. ജാതി, മതം, ലിംഗം, വര്‍ഗം, ഭൂപ്രദേശം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം ഡിജിറ്റലിടത്തിലും ദൃശ്യമാണ്. ഉന്നത കുടുംബങ്ങള്‍ക്ക് മാത്രമായി ഇത്തരം സൗകര്യങ്ങള്‍ പരിമിതപ്പെട്ടിരിക്കുന്നുവെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ജനറല്‍ വിഭാഗത്തില്‍ എട്ട് ശതമാനം പേര്‍ക്ക് കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ഉണ്ട്. അതേസമയം പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ രണ്ട് ശതമാനം പേര്‍ക്കും പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ ഒരു ശതമാനത്തിനും മാത്രമേ ഇവയുള്ളൂ. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ 2018 മുതല്‍ 2021 വരെയുള്ള കണക്കുകളാണ് ഈ റിപോര്‍ട്ട് തയ്യാറാക്കാന്‍ പ്രാഥമിക ഡാറ്റയായി ഉപയോഗിച്ചിരിക്കുന്നത്. നാഷനല്‍ സാമ്പിള്‍ സര്‍വേയുടെ വിവരങ്ങള്‍ ദ്വിതീയ ഡാറ്റയായും ഉപയോഗിച്ചു. ശമ്പളമുള്ള സ്ഥിരം ജോലിക്കാരില്‍ 95 ശതമാനത്തിനും മൊബൈല്‍ ഫോണുണ്ട്. എന്നാല്‍ കൂലിപ്പണിക്കാര്‍ക്കോ തൊഴിലന്വേഷകര്‍ക്കോ 50 ശതമാനം പേര്‍ക്കേ ഫോണുള്ളൂ. ദേശീയ അടിസ്ഥാനത്തില്‍, ഗ്രാമീണ മേഖലയില്‍ ഫോണുള്ളവര്‍ വളരെ കുറവാണ്. കൊവിഡ് മഹാമാരിക്ക് മുമ്പ് ഗ്രാമീണ മേഖലയില്‍ മൂന്ന് ശതമാനം പേര്‍ക്ക് കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നു. മഹാമാരിക്ക് ശേഷം ഇത് ഒരു ശതമാനമായി കുറഞ്ഞുവെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
ഡിജിറ്റല്‍ വിടവ് അത്ര വലിയ പ്രശ്‌നമാണോ എന്ന് ചോദിക്കുന്നവരുണ്ട്. മൊബൈല്‍ ഫോണില്ലെങ്കില്‍ മരിച്ചു പോകുമോ? അത്രക്കും സമാധാനം കിട്ടും എന്നൊക്കെ ചിലര്‍ പറഞ്ഞു കളയും. സമസ്ത മേഖലയും ഡിജിറ്റല്‍വത്കരിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ ഒരു കൂട്ടര്‍ക്ക് അങ്ങോട്ട് പ്രവേശനമില്ലെന്ന് വരുന്നത് വലിയ മനുഷ്യാവകാശ പ്രശ്‌നം തന്നെയാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ സേവനങ്ങള്‍, സര്‍ക്കാര്‍/ സ്വകാര്യ മേഖലയില്‍ ലഭ്യമാകുന്നത് ഇന്ന് ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയാണ്. കൊവിഡ് മഹാമാരിയുടെ ആക്രമണം ഈ പ്രവണത വ്യാപകമാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ വിടവ് ഏറെ കുറഞ്ഞ കേരളത്തില്‍ പോലും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വ്യാപകമായപ്പോള്‍ ആയിരക്കണക്കിന് കുട്ടികളാണ് പഠനത്തില്‍ നിന്ന് പുറത്തായത്. മഹാമാരി നിയന്ത്രണ വിധേയമായിട്ടും ഇത്തരം മേഖലകളില്‍ ഓണ്‍ലൈന്‍ സംവിധാനം തുടരുകയാണ്. വാര്‍ത്താ വിനിമയം, അറിവ് വ്യാപനം, ഗവേഷണം എല്ലാം ഡിജിറ്റലാണ്. സര്‍ക്കാറിന്റെ പദ്ധതികളില്‍ അംഗമാകണമെങ്കില്‍ നിങ്ങള്‍ ഓണ്‍ലൈനില്‍ ഉണ്ടായിരിക്കണം. തൊഴിലുറപ്പ്, കാര്‍ഷിക പദ്ധതികള്‍, സബ്‌സിഡികള്‍, ക്ഷേമ പെന്‍ഷനുകള്‍, പൊതു വിതരണ സംവിധാനം എല്ലാം നടപ്പാകുന്നതില്‍ ഇന്റര്‍നെറ്റും ഡിജിറ്റല്‍ ഡിവൈസും പ്രധാനമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഡിജിറ്റല്‍ സൗകര്യം ലഭ്യമല്ലാത്ത മനുഷ്യര്‍ സര്‍വ മേഖലയില്‍ നിന്നും ആട്ടിയിറക്കപ്പെടുകയാണ് ചെയ്യുന്നത്. അവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ മുഴുവന്‍ മറ്റാരോ തട്ടിയെടുക്കുകയും ചെയ്യും. ഉത്തരേന്ത്യന്‍ വിദൂരസ്ഥ ഗ്രാമങ്ങളുടെ ശോച്യാവസ്ഥക്ക് കാരണം ഡിജിറ്റല്‍ വിടവ് കൂടിയാണെന്ന് കാണാനാകും.

സര്‍ക്കാറിന്റെ ബോധപൂര്‍വമായ ഇടപെടല്‍ കൊണ്ട് മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകൂവെന്ന് ഓക്‌സ്ഫാം റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക, സാമൂഹിക അസമത്വം കുറക്കുക തന്നെയാണ് വേണ്ടത്. അപ്പോള്‍ ഡിജിറ്റല്‍ വിടവും നികന്നു കൊള്ളും. മാന്യമായ മിനിമം വേതനം, പരോക്ഷ നികുതിഭാരം കുറക്കുക, ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങള്‍ നല്‍കുക തുടങ്ങിയവയിലൂടെ സാമ്പത്തിക അസമത്വം കുറക്കാന്‍ കഴിയുമെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗ്രാമ മേഖലകളില്‍ ഇന്റര്‍നെറ്റ് സേവനം ഉറപ്പുവരുത്തണം. കമ്മ്യൂണിറ്റി നെറ്റ് വര്‍ക്കുകളിലൂടെയും വൈഫൈ ആക്‌സസ് പോയിന്റുകളിലൂടെയും ഇന്റര്‍നെറ്റ് ഉറപ്പാക്കാന്‍ സേവന ദാതാക്കള്‍ ശ്രമിക്കണമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

സ്വാതന്ത്ര്യത്തിന്റെ അമൃത് കാലത്തിലൂടെ കടന്നു പോകുന്ന രാജ്യത്തിന്റെ പ്രധാനപ്പെട്ട നേട്ടമായി പറയുന്നത് സാമ്പത്തിക വളര്‍ച്ച മുന്നോട്ട് പോകുന്നുവെന്നതാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിലും ആളോഹരി വരുമാനത്തിലുമൊക്കെ വളര്‍ച്ച രേഖപ്പെടുത്തുന്നു. അപ്പോഴും ജനസംഖ്യയുടെ 20 ശതമാനത്തിലധികം പേര്‍ കടുത്ത ദാരിദ്ര്യത്തിലാണ്. ഒരു ദിവസം 3.2 ഡോളറിന് സമാനമായ തുക ചെലവഴിക്കാനാകുന്നില്ലെങ്കില്‍ അതാണ് “മിതമായ ദാരിദ്ര്യ’ത്തിന്റെ സൂചകം. ആ കണക്ക് നോക്കുമ്പോള്‍ 40 ശതമാനം ഇന്ത്യക്കാരും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. നഗരപ്രദേശങ്ങളിലെ ദാരിദ്ര്യ നിരക്ക് 8.81 ശതമാനമാണെങ്കില്‍ ഗ്രാമപ്രദേശങ്ങളില്‍ അത് 32.75 ശതമാനമാണ്. ആഗോള പട്ടിണി സൂചിക 2021ല്‍ ഇന്ത്യയുടെ റാങ്കിംഗ് 101 ആയിരുന്നു. 116 രാജ്യങ്ങളുടെ പട്ടികയില്‍ 94 ആയിരുന്നു 2020ലെ റാങ്ക്. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ സാമ്പത്തിക വളര്‍ച്ചക്കൊപ്പം സാമ്പത്തിക അസമത്വവും കൂടുകയാണ്. ജനസംഖ്യയിലെ ഏറ്റവും ഉയര്‍ന്ന ചെറു ശതമാനത്തിന്റെ കൈയില്‍ വരുമാനവും സമ്പത്തും കേന്ദ്രീകരിക്കപ്പെടുകയാണ്. ഈ സ്ഥിതിവിശേഷം മാറാതെ ഡിജിറ്റല്‍ ഡിവൈഡ് അടക്കമുള്ള ഒരു പ്രതിസന്ധിയില്‍ നിന്നും കരകയറാനാകില്ല. അതിന് സര്‍ക്കാറിന്റെ പിന്‍മാറ്റമല്ല, ഇടപെടലാണ് വേണ്ടത്.

Latest