Connect with us

Cover Story

കൊന്നാര് നിന്ന് ആ ചരിത്രയാത്ര

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലും അതിനു മുമ്പും കേരളത്തിൽ നിന്ന് അനേകം പേർ കാൽനടയായിട്ടായിരുന്നു മക്കയിലേക്ക് ഹജ്ജ് തീർഥാടനത്തിന് പോയിരുന്നതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഈ പൂർവികരുടെ പാത പിന്തുടർന്നു കൊണ്ടാണ് പുത്തനത്താണി ചേറ്റൂർ സ്വദേശി ശിഹാബ് എന്ന യുവാവ് കാൽ നടയായി മക്കയിലേക്ക് പോകുന്നത്. ഈ പശ്ചാത്തലത്തിൽ 1927 ൽ കാൽനടയായി ഹജ്ജ് നിർവഹിച്ച അബൂബക്കർ ഹാജിയെ പരിചയപ്പെടുത്തുകയാണ്.

Published

|

Last Updated

മലപ്പുറം ജില്ലയിലെ പുത്തനത്താണിക്ക് സമീപം സ്ഥിതിചെയ്യുന്ന ചോറ്റൂർ ചരിത്രത്തിന്റെ ഭാഗമാകുകയാണ്. ഈ ദേശത്ത് നിന്നാണ് ശിഹാബുദ്ദീൻ എന്ന ചെറുപ്പക്കാരൻ പരിശുദ്ധ മക്കയിലേക്ക് ഹജ്ജ് കർമത്തിനായി കാൽനടയായി പുറപ്പെടാൻ എല്ലാ പേപ്പർ വർക്കുകളും പൂർത്തിയാക്കി തയ്യാറായി നിൽക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലും അതിനു മുമ്പും കേരളത്തിൽ നിന്ന് അനേകം പേർ കാൽനടയായിട്ടായിരുന്നു മക്കയിലേക്ക് ഹജ്ജ് തീർഥാടനത്തിന് പോയിരുന്നതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഈ പൂർവികരുടെ പാത പിന്തുടർന്നു കൊണ്ട് ശിഹാബും കാൽ നടയായി മക്കയിലേക്ക് പോകുന്നു. ഈ പശ്ചാത്തലത്തിൽ 1927 ൽ കാൽനടയായി ഹജ്ജ് നിർവഹിച്ച അബൂബക്കർ ഹാജിയെ പരിചയപ്പെടുത്തുകയാണ്.

മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ ഗ്രാമമാണ് കൊന്നാര്. ഈ ഗ്രാമത്തിൽ നിന്ന് പുണ്യഭൂമിയായ മക്കയിലേക്ക് 95 വർഷങ്ങൾക്ക് മുമ്പ് ഒരു സാഹസിക യാത്ര നടത്തിയ മഹാപുരുഷനായിരുന്നു അബൂബക്കർ ഹാജി (അബു ഹാജി ). തന്റെ ത്യാഗോജ്ജ്വലമായ ഹജ്ജ് യാത്രാ അനുഭവങ്ങൾ അദ്ദേഹം നിര്യാണത്തിന് മുമ്പ് ഈ ലേഖകനുമായി പങ്കുവെച്ചിരുന്നു. ആ അനുഭവങ്ങളുടെ പുനർവായന.

1927. മപ്പുറം ഖാസിയായിരുന്ന മൊയ്തീൻകുട്ടി മുസ്‌ലിയാരുടെ അനുഗ്രഹത്തോടെ റജബ് ആറിനായിരുന്നു അബൂബക്കർ ഹജ്ജ് യാത്ര പുറപ്പെട്ടത്. നാട്ടുകാരനായ മേത്തൽ മുഹമ്മദ് ഹാജിയും കൂടെയുണ്ടായിരുന്നു. കൊന്നാര് കടവിൽ നിന്ന് തോണിയിൽ ചാലിയാറിലൂടെ കോഴിക്കോട്ടേക്ക്, അവിടെനിന്ന് വയലയിൽ ( ചരക്ക് കൊണ്ടുപോകുന്ന പായ്കപ്പൽ ) ബോംബെയിലേക്ക്. 11 രൂപയായിരുന്നു കോഴിക്കോട്ടുനിന്ന് മുംബൈയിലേക്കുള്ള യാത്രാ കൂലി. അഞ്ച് ദിവസം ബോംബെയിൽ തങ്ങി. അവിടെനിന്ന് സഹയാത്രികരായ 11 പേരെ കിട്ടി. മമ്മി എന്ന ഹാജിയെ അമീറായി നിശ്ചയിച്ചു. ഒരാൾക്ക് 20 രൂപ വീതം കൂലി നിശ്ചയിച്ച് വീണ്ടും യാത്ര. കര കാണുന്നിടത്ത് ഇറങ്ങാം എന്നതായിരുന്നു കരാർ.

19 ദിവസം കടലിൽ. ഒടുവിൽ ഒരു മലയുടെ തീരത്തെത്തി. ചേരമാൻ പെരുമാൾ മക്കയിൽ പോയി ഇസ്്ലാം മതം സ്വീകരിച്ചു മടങ്ങിവരുമ്പോൾ നിര്യാതനായത് അവിടെ വെച്ചായിരുന്നു. അദ്ദേഹത്തിന്റെ ഖബറും അവിടെയുണ്ട്. ചേരമാൻ പെരുമാൾ മഖാം സിയാറത്ത് ചെയ്തു. അവിടുത്തെ പള്ളിയിൽ അഞ്ച് ദിവസം താമസിച്ചു. അവിടെ വെച്ചാണ് റമസാൻ മാസപ്പിറവി കണ്ടത്. യാത്രയിൽ നോമ്പ് ഉപേക്ഷിക്കാമെങ്കിലും തുടർന്നുള്ള യാത്ര നോമ്പനുഷ്ഠിച്ചുകൊണ്ടായിരുന്നു.

അവിടേക്ക് കാരക്ക കയറ്റിവന്ന വയലക്കാരനുമായി പരിചയപ്പെട്ടു. വ്യാപാരം കഴിഞ്ഞു മടങ്ങുമ്പോൾ കൂടെ കൊണ്ടുപോകാമെന്ന് അവർ വാക്കു നൽകി. പക്ഷേ, വ്യാപാരം വൈകിയപ്പോൾ മറ്റൊരു വയല ഏർപ്പാടാക്കി. വീണ്ടും കടലിലൂടെ പത്ത് ദിവസത്തെ യാത്ര.
ഇടക്ക് വയല ( ചരക്ക് കൊണ്ടുപോകുന്ന പായ്കപ്പൽ ) കടൽക്ഷോഭത്തിൽ പെട്ടു. മരണം മുന്നിൽ കണ്ട നിമിഷങ്ങൾ, നല്ലവണ്ണം ഈമാൻ ഉറപ്പിച്ചോളൂ എന്ന് പരസ്പരം പറഞ്ഞു ധൈര്യം പകർന്നു. ഹജ്ജിനു പോകുന്നവരും കൂടെയുള്ളതിനാൽ അപകടം ഉണ്ടാകില്ല എന്നായിരുന്നു വയലക്കാരുടെ സമാധാനം. കാരുണ്യത്താൽ വയല കടൽക്ഷോഭത്തെ മറികടന്നു. സഊദി തീരത്തിനടുത്തുള്ള മേന്തിയിൽ എത്തി. ഇന്ത്യയിൽ നിന്നെത്തിയ അല്ലാഹുവിന്റെ അതിഥികളെ മേന്തി രാജാവ് സ്വീകരിച്ചു. ഏതാനും ദിവസം അവിടെ തങ്ങി. ഞങ്ങളുടെ കൈവശമുണ്ടായിരുന്ന അൽപ്പക്ക് കുടയും അരപ്പട്ടയും രാജാവിന് കൗതുകമായി. അദ്ദേഹം അത് വിലക്ക് വാങ്ങി. അതിർത്തി വരെ രണ്ട് പട്ടാളക്കാരെ അയച്ചുതന്നാണ് അദ്ദേഹം ഞങ്ങളെ യാത്രയാക്കിയത്.

അതിർത്തിയിൽ നിന്ന് മക്കയിലേക്കുള്ള യാത്രയിൽ ചരക്ക് വഹിക്കാൻ ഒട്ടകത്തെ വാടകക്കെടുത്തു. മരുഭൂമിയും മലകളും താണ്ടി കാതങ്ങൾ നീണ്ട നടപ്പ്. നമ്മുടെ കുന്നുകളെ പോലെ ആയിരുന്നില്ല അവ, ഒരടി മുന്നോട്ട് വെക്കുമ്പോൾ മണ്ണ് പൊടിഞ്ഞു താഴേക്ക് വീഴും. വീണ്ടും പറ്റിപ്പിടിച്ചു കയറണം. സാഹസികമായ ഈ കയറ്റത്തെ കുറിച്ച് പറയുമ്പോൾ ഹാജിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അത്രത്തോളം പ്രയാസമുള്ളതായിരുന്നു മരുഭൂമിയിലെ മണൽത്തരികളും. കയറിയാലും കയറിയാലും നീങ്ങാത്ത അവസ്ഥ. ഇടക്ക് ഒരു മർഹലയിൽ (ഏകദേശം 82 കിലോമീറ്റർ) വെച്ച് ഒട്ടകത്തെ ഒരു വഴിക്കും ഞങ്ങളെ മറ്റൊരു വഴിക്കും വിട്ടു. ഇടക്ക് വഴിതെറ്റി. ഈ യാത്രയിലാണ് ഞങ്ങൾ പുതപ്പുകൾ കൂട്ടിക്കെട്ടി അതിന്റെ ഒരറ്റത്ത് ജവന (ഒരു തരം കൂജ ) കെട്ടി വെള്ളം കോരിയത്. അമീറിനെ കാണാതെ ഒട്ടേറെ അലഞ്ഞു. ഒടുവിൽ നിസ്‌കരിക്കാനും വിശ്രമിക്കാനും വേണ്ടിയുള്ള സ്ഥലത്ത് എത്തിയപ്പോഴാണ് അദ്ദേഹത്തെ വീണ്ടും കണ്ടുമുട്ടിയത്.

ഒരു മാസം നീണ്ട യാത്രയായിരുന്നു അത്. കത്തുന്ന ചൂടിനെയും മൃഗങ്ങളെയും വകവെക്കാതെയുള്ള യാത്ര, ഒടുവിൽ സഅദിയ്യയിലെത്തി. മുഹമ്മദ് നബി (സ) ക്ക് ഹലീമ ബീവി (റ) മുലയൂട്ടിയത് ഇവിടെ വെച്ചായിരുന്നു. അവിടെയാണ് ഞങ്ങളുടെ യാത്രാസംഘം ചെറിയപെരുന്നാൾ ആഘോഷിച്ചത്.

സഅദിയ്യയിൽ നിന്നും മൂന്ന് ദിവസം യാത്ര ചെയ്ത് പുണ്യഭൂമിയായ മക്കയിൽ പ്രവേശിച്ചു. യാത്രാ മധ്യേ പലർക്കും രോഗങ്ങൾ പിടിപെട്ടു. മമ്മി ഹാജിക്ക് വസൂരി പിടിച്ചത് ഞങ്ങളെ ശരിക്കും പേടിപ്പിച്ചു. അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് അധികം വൈകാതെ രോഗം ഭേദമായി.
മലബാറുകാരായ ഒരുസംഘം കാൽനടയായി ഹജ്ജിന് വരുന്നുണ്ടെന്ന വിവരമറിഞ്ഞ് ഒട്ടേറെ അറബികൾ ഞങ്ങളെ സ്വീകരിക്കാനെത്തി. പൂർണ ഭക്തിയോടെ ഹജ്ജ് നിർവഹിച്ചു. അന്നും തിരക്കിന് യാതൊരു കുറവും ഉണ്ടായിരുന്നില്ല.

ജ്ജ് കഴിഞ്ഞു മദീനയിലേക്ക് വീണ്ടും നടത്തം. ബദറും ഖന്തക്കും പോലുള്ള ചരിത്രഭൂമിയിലൂടെ ആയിരുന്നു യാത്ര. യാത്രയിലുടനീളം കുടിക്കാൻ വെള്ളം പോലും കിട്ടാത്ത സമയങ്ങളുണ്ടായിരുന്നു. ഇടക്ക് വഴി തെറ്റി ഒട്ടേറെ അലഞ്ഞു. പന്ത്രണ്ടാം ദിവസം മദീനയിലെത്തി. നബി(സ) അന്ത്യവിശ്രമംകൊള്ളുന്ന റൗള ശരീഫ് സിയാറത്ത് ചെയ്തു.

മടക്കയാത്ര ജിദ്ദ വഴിയായിരുന്നു . പതിനൊന്നാം മാസം ഹജ്ജ് കഴിഞ്ഞ് അബൂബക്കർ ഹാജി സ്വദേശമായ കൊന്നാരിൽ തിരിച്ചെത്തി. സാഹസികമായ ഈ ഹജ്ജ് യാത്ര അദ്ദേഹത്തിന് ജീവിതത്തിലെ ഏറ്റവും വിലയേറിയ അനുഭവമായിരുന്നു.

1927ൽ ഹജ്ജ് നിർവഹിച്ച ഹാജി 2001ൽ ഈ ലോകത്തോട് വിടപറഞ്ഞു. മപ്പുറം പുളിക്കൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. കൊന്നാര് അബൂബക്കർ ഹാജിയുടെ ഭാര്യ: ഇയ്യാത്തുമ്മ ( മരണം : 2004). മക്കൾ : മർഹൂം ഇസ്മാലുട്ടി, മർഹൂം മുഹമ്മദ് അലി , ഖാലിദ് , മറിയക്കുട്ടി , നഫീസ, സുലൈഖ.

മക്കയിലേക്കുള്ള കാൽപാടുകൾ

കമറുദ്ദീൻ എളങ്കൂർ
kamaruelankur@gmail.com

വിശുദ്ധ ഹജ്ജ് കർമം നിർവഹിക്കാൻ പുണ്യമാക്കപ്പെട്ട ഭൂമിയിലെത്താൻ മണിക്കൂറുകൾക്കകം കഴിയുന്ന ആധുനിക കാലത്ത് ത്യാഗമെല്ലാം സഹിച്ച് കാൽനടയായി യാത്ര പുറപ്പെട്ടിരിക്കുകയാണ് മലപ്പുറം ജില്ലയിലെ പുത്തനത്താണി ചോറ്റൂർ സ്വദേശി ശിഹാബുദ്ദീൻ. കാൽനടയായി ഹജ്ജ് കർമം നിർവഹിക്കണമെന്ന ചെറുപ്പ കാലത്തെ നിറമുള്ള സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടിയാണ് ഈ യാത്ര.

ദേശാന്തരങ്ങളിലൂടെ കാൽപ്പാദമേറ്റ് പുണ്യമാക്കപ്പെട്ട ഭൂമികയിലെത്തി പുതുചരിതം കുറിക്കാനുള്ള ഒരുക്കത്തിലാണ് 30 കാരനായ ഈ യുവാവ്. 2023ലെ ഹജ്ജ് കർമം നിർവഹിക്കുക എന്ന ലക്ഷ്യമാണുള്ളത്. പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈത്ത് വഴിയാണ് സഊദിയിലെത്തുക.
ദിനംപ്രതി 25 കിലോ മീറ്റർ നടന്നാണ് ലക്ഷ്യസ്ഥാനത്തേക്ക് എത്തുക. 8,600 കിലോ മീറ്ററാണ് താണ്ടേണ്ടത്. ഇതിന് വേണ്ടി ഏകദേശം 280 ദിവസം വേണം.

പുത്തനത്താണിയിൽ നിന്ന് തുടങ്ങി വൈലത്തൂർ, താനൂർ, പരപ്പനങ്ങാടി, കടലുണ്ടി, കോഴിക്കോട്, മാഹി, കണ്ണൂർ, കാസർകോട് വഴിയാണ് കേരളത്തിലൂടെ യാത്ര ചെയ്യുന്നത്. തുടർന്ന് കർണാടക, മഹാരാഷ്ട്ര, മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെത്തി പഞ്ചാബ് വാഗ അതിർത്തി കടന്നാണ് പാകിസ്ഥാനിലെത്തുക.

പ്രവാസിയായിരുന്ന ശിഹാബുദ്ദീൻ ഇപ്പോൾ കഞ്ഞിപ്പുരയിൽ സൂപ്പർ മാർക്കറ്റ് കച്ചവടം നടത്തുകയാണ്.ചോറ്റൂർ ചേലന്പാടൻ സൈതലവി സൈനബ ദന്പതികളുടെ മകനാണ്. ഭാര്യ : ശബ്‌ന. മകൾ : മുഹ്മിന സൈനബ

ഉമ്മയുടെ പ്രാർഥന

ഉമ്മയുടെ പ്രാർഥനയാണ് യാത്രക്കുള്ള കരുത്ത്. ചെറുപ്പത്തിലെ ആഗ്രഹമായിരുന്ന കാൽനടയായി ഹജ്ജ് കർമം നിർവഹിക്കണമെന്നത്. ബാല്യത്തിൽ കാൽനടയായി ഹജ്ജ് ചെയ്തവരെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്.

പ്രവാസ ജീവിതത്തിൽ പുണ്യമാക്കപ്പെട്ട ഭൂമിയിൽ എത്താനും അവിടെ പ്രാർഥന നിർവഹിക്കാനും സാധിച്ചിരുന്നു. കുടുംബത്തിന്റെയും കൂട്ടുകാരുടെയും പൂർണ പിന്തുണയുണ്ട്. അവരുടെ ഭീതി ഒഴിവാക്കാൻ വേണ്ടി യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ യൂട്യൂബ് ചാനൽ വഴി കൈമാറും. 10 കിലോ തൂക്കമുള്ള ലഗേജാണ് കൈവമുണ്ടാകുക. ഇതിൽ ഉറങ്ങാനുള്ള സ്ലീപിംഗ് ബേഗ്, ടെന്റ്, നാല് വീതം ഡ്രസ്സുകളും കുടയും കരുതും.

എന്തും നേരിടാനുള്ള മനക്കരുത്തുണ്ടെങ്കിൽ യാത്ര ചെയ്യാം. ഒരു കാലത്ത് മലബാറിൽ നിന്ന് ധാരാളം പേർ കാൽനടയായും കപ്പലുകളിലുമെല്ലാം യാത്ര ചെയ്ത് ഹജ്ജ് നിർവഹിച്ചിട്ടുണ്ട്. അവർ അനുഭവിച്ച യാതനകളും പ്രയാസങ്ങളുമെല്ലാം എന്തെന്ന് മനസ്സിലാക്കാൻ ഇതിലൂടെ കഴിയും.
ഈ യാത്രയുടെ ഒരുക്കത്തിന് വേണ്ടി എട്ട് മാസത്തോളം തയ്യാറെടുപ്പുകളുണ്ടായി. വിവിധ രാജ്യങ്ങളിലുള്ള വിസ ശരിയാക്കുന്നതിന് വേണ്ടി ഡൽഹിയിൽ 45 ദിവസത്തോളം ക്യാന്പ് ചെയ്ത് പ്രവർത്തിച്ചു. പാക്കിസ്ഥാന്റെ വിസ കിട്ടാനായിരുന്നു ബുദ്ധിമുട്ടുണ്ടായിരുന്നത്. ബാക്കിയുള്ളതെല്ലാം ഓൺലൈൻ വഴി അപേക്ഷിക്കാമെങ്കിലും പാക്കിസ്ഥാൻ വിസക്ക് വേണ്ടി അവിടെ പൗരത്വമുള്ള സ്‌പോൺസർഷിപ്പ് കിട്ടേണ്ടിയിരുന്നു.

ആദ്യ തവണ പാക്കിസ്ഥാൻ വിസക്ക് അപേക്ഷ നൽകിയപ്പോൾ അത് വിസമ്മതിച്ചു. എന്നാൽ നിരന്തരം പരിശ്രമിച്ചപ്പോഴാണ് പാക്കിസ്ഥാൻ വിസ കിട്ടിയത്. കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരന്റെ സഹായം ലഭിച്ചിരുന്നു. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരെല്ലാം ഈ യാത്രക്ക് നല്ല പ്രോത്സാഹനമാണ് നൽകിയിരുന്നത്.

ഇവിടെ നിന്ന് ഇറങ്ങുന്നത് മുതൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നത് വരെ റോഡുണ്ട്. ആദ്യം ചെയ്തത് യാത്രയെക്കുറിച്ച് പഠിച്ചു മനസ്സിലാക്കുകയായിരുന്നു. യാത്ര ചെയ്യുന്നവരുമായി നിരന്തരം അഭിമുഖം നടത്തി അവരിൽ നിന്ന് ഒരുപാട് വിവരങ്ങൾ ശേഖരിച്ചു.

ഒരോ രാജ്യത്തുള്ള ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാലാവസ്ഥയുമെല്ലാം മനസ്സിലാക്കി. നിരന്തരം നടത്തിയ പരിശ്രമത്തിലൂടെ ഇപ്പോൾ ഒരു ദിവസം ഏഴ് മണിക്കൂർ നടക്കാൻ സാധിക്കുന്നുണ്ട്. ഒരു മാസം യാത്ര പിന്നിട്ട് കഴിഞ്ഞാൽ മനസ്സും ശരീരവുമെല്ലാം വഴങ്ങും.

പ്രയത്‌നിച്ചാൽ സ്വന്തമാക്കാം

പ്രയത്‌നിച്ചാൽ നേടാൻ കഴിയാത്ത ഒന്നുമില്ല. പല സമയത്തും ഈ യാത്രക്ക് നിരുത്സാഹപ്പെടുത്താൻ പലരും ശ്രമിച്ചിരുന്നു. ഇതിനെയെല്ലാം അതിജീവിച്ചാണ് ഇപ്പോൾ യാത്രക്കൊരുങ്ങുന്നത്. സാമൂഹിക മാധ്യമങ്ങളിൽ നല്ല പിന്തുണ ലഭിക്കുന്നുണ്ട്. ഇത് യാത്രക്ക് വളരെയധികം സഹായകരമാകും.

താമസത്തിന് ആരാധനാലയങ്ങൾ, പള്ളികൾ, അന്പലങ്ങൾ, ഗുരുദ്വാരകൾ എന്നിവയാണ് ആശ്രയിക്കുന്നത്. താമസ സൗകര്യങ്ങളെല്ലാം ഒരുക്കാൻ തയ്യാറാണെന്ന് അറിയിച്ച് കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് ഒരുപാട് പേർ വിളിച്ചിരുന്നു.

പിന്നെ ഒരോ രാജ്യത്ത് എത്തുന്പോൾ യാത്ര പോകുന്ന കാര്യം എംബസി മുഖേനെ അറിയിക്കും. പരിശുദ്ധ ഹജ്ജ് കർമം നിർവഹിച്ചു തിരിച്ചുവരാൻ വേണ്ടി എല്ലാവരുടെയും മനം നിറഞ്ഞ പ്രാർഥനയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
.

 

 

Latest