Connect with us

Editorial

രാഷ്ട്രീയ കുറ്റവാളികള്‍ക്കും കാലാവധിയില്‍ ഇളവ്?

രാഷ്ട്രീയ കുറ്റവാളികളുടെയും തടവുകാരുടെയും കാര്യത്തില്‍ മറ്റു തടവുകാരെ അപേക്ഷിച്ച് പ്രത്യേക പരിഗണനയും ഇളവുകളും നല്‍കുന്ന പ്രവണത നിലവിലുണ്ട് സംസ്ഥാനത്തും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും. ഇത് നിയമത്തോടുള്ള വെല്ലുവിളിയും നിയമ വ്യവസ്ഥയുടെയും ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിലെ ശിക്ഷാവിധികളുടെയും ഫലപ്രാപ്തിയെ തന്നെ ബാധിക്കുന്നതുമാണ്.

Published

|

Last Updated

സംസ്ഥാനത്തെ ക്രമസമാധാന രംഗം കൂടുതല്‍ വഷളാക്കാന്‍ ഇടയാക്കുന്നതാണ് രാഷ്ട്രീയ കുറ്റവാളികളുടെ ജയില്‍ തടവ് കാലാവധി ഇളവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് ഇറക്കിയ ഉത്തരവ്. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവില്‍ കഴിയുന്ന രാഷ്ട്രീയ കുറ്റവാളികളുടെ ശിക്ഷാ കാലാവധിയില്‍ ഇളവു ചെയ്ത് വിട്ടയക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്നതാണ് ഉത്തരവ്. സ്വാതന്ത്ര്യ ദിനം, റിപബ്ലിക് ദിനം തുടങ്ങിയ വിശേഷ ദിവസങ്ങളോടനുബന്ധിച്ച് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്ന പതിവുണ്ട്. എന്നാല്‍ രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികള്‍ക്ക് ഈ ഇളവ് ബാധകമായിരുന്നില്ല. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ തടവുകാര്‍ ഏറ്റവും ചുരുങ്ങിയത് 14 വര്‍ഷമെങ്കിലും തടവുശിക്ഷ അനുഭവിക്കണമായിരുന്നു. നവംബര്‍ 23ലെ മന്ത്രിസഭാ യോഗം ഇത്തരം തടവുകാരുടെ കാലാവധിയില്‍ കൂടി ഇളവ് നല്‍കി നേരത്തേ വിട്ടയക്കാവുന്നവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതനുസരിച്ച് രാഷ്ട്രീയ കുറ്റവാളികള്‍ക്ക് ഒരു വര്‍ഷം വരെ ശിക്ഷയില്‍ ഇളവ് ലഭിക്കും.

തടവുശിക്ഷ അനുഭവിക്കുന്നവരില്‍ വിവിധ രാഷ്ട്രീയക്കാരുണ്ടെങ്കിലും കൂടുതലും സി പി എം പ്രവര്‍ത്തകരാണ്. ടി പി കേസില്‍ കൊടി സുനി, റഫീഖ്, കിര്‍മാണി മനോജ്, ട്രൗസര്‍ മനോജന്‍, അണ്ണന്‍ സിജിത് തുടങ്ങി പത്ത് പേര്‍ ജീവപര്യന്തം ശിക്ഷ നേരിടുന്നുണ്ട്. ഇത്തരം പാര്‍ട്ടി അനുഭാവികളായ കുറ്റവാളികളുടെ കാലാവധി ഇളവാണ് ഈ നീക്കത്തിലൂടെ മുഖ്യമായും ലക്ഷ്യമാക്കുന്നതെന്ന് ആരോപിക്കപ്പെടുന്നുണ്ട്. മെയ് മാസത്തില്‍ സര്‍ക്കാര്‍ ശിക്ഷാ ഇളവിനായി ഗവര്‍ണര്‍ക്ക് നല്‍കിയ ജയില്‍ തടവുകാരുടെ പട്ടികയില്‍ സി പി എം പ്രവര്‍ത്തകരായ കൊടും കുറ്റവാളികളുടെ പേരുകളും കടന്നുകൂടിയത് വിവാദമായിരുന്നു. വിരമിച്ച ജഡ്ജിമാര്‍ അടങ്ങിയ ജയില്‍ ഉപദേശക സമിതിയുടെ അനുമതി പ്രകാരമാണ് കീഴ്്വഴക്കമനുസരിച്ച് ഈ പട്ടിക തയ്യാറാക്കേണ്ടത്. എന്നാല്‍ ജയില്‍ ഉപദേശക സമിതിയെ മറികടന്ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി, ജയില്‍ ഡി ജി പി എന്നിവരടങ്ങിയ സെക്രട്ടറിതല സമിതിയുണ്ടാക്കിയാണ് വിട്ടയക്കാനുള്ളവരുടെ പട്ടിക തയ്യാറാക്കിയത്. പ്രതിഷേധം ഉയര്‍ന്നതോടെ സര്‍ക്കാര്‍ പട്ടിക തിരുത്തുകയായിരുന്നു.

രാഷ്ട്രീയ കുറ്റവാളികളുടെയും തടവുകാരുടെയും കാര്യത്തില്‍ മറ്റു തടവുകാരെ അപേക്ഷിച്ച് പ്രത്യേക പരിഗണനയും ഇളവുകളും നല്‍കുന്ന പ്രവണത നിലവിലുണ്ട് സംസ്ഥാനത്തും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും. ഇത് നിയമത്തോടുള്ള വെല്ലുവിളിയും നിയമ വ്യവസ്ഥയുടെയും ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിലെ ശിക്ഷാവിധികളുടെയും ഫലപ്രാപ്തിയെ തന്നെ ബാധിക്കുന്നതുമാണ്. കുറ്റവാളികള്‍ക്ക് തടവുശിക്ഷ നല്‍കുന്നത് നാട്ടില്‍ ക്രമസമാധാനം ഉറപ്പ് വരുത്താനാണ്. ജയില്‍ശിക്ഷ അനുഭവിക്കുന്നതിലൂടെ പ്രതികള്‍ക്ക് മാനസാന്തരമുണ്ടായി അവര്‍ നല്ല നടപ്പുകാരായി തീരാന്‍ സാധ്യതയുണ്ട്. കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ ലഭിക്കുമെന്ന ബോധം സമൂഹത്തെ അത്തരം പ്രവൃത്തിയില്‍ നിന്ന് പിന്തിരിപ്പിക്കാനുമിടയാക്കും. കുറ്റവാളികള്‍ ശിക്ഷ യഥാവിധി അനുഭവിക്കുന്ന സാഹചര്യമുണ്ടായാലേ ഇത് സാധ്യമാകുകയുള്ളൂ. ഒരാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാല്‍ അവര്‍ ചെയ്ത ക്രിമിനല്‍ കുറ്റത്തിന്റെ തീവ്രതയെ അടിസ്ഥാനമാക്കിയാണ് അവര്‍ക്കുള്ള ശിക്ഷ വിധിക്കുന്നത്. കുറ്റകൃത്യം കഠിനമാകുമ്പോഴാണ് പ്രതിക്ക് വധശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ വിധിക്കുന്നത്. നിയമം അനുശാസിക്കുന്ന അത്രയും കാലം അവരെ ശിക്ഷ അനുഭവിപ്പിക്കുകയാണ് വേണ്ടത്. ക്വട്ടേഷന്‍ സംഘങ്ങളും നിരവധി അരുംകൊലകള്‍ നടത്തി കൈയറപ്പ് തീര്‍ന്നവരുമാണ് നിലവില്‍ കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ കഴിയുന്ന ജീവപര്യന്തം തടവുകാരില്‍ പലരും. ശിക്ഷായിളവിന്റെ ആനുകൂല്യം നേടി ഇവര്‍ പുറത്തിറങ്ങുമ്പോള്‍ സംസ്ഥാനം, വിശേഷിച്ചും കണ്ണൂര്‍ ജില്ല കൂടുതല്‍ സംഘര്‍ഷഭരിതമാകാന്‍ സാധ്യതയുണ്ട്.

ജീവപര്യന്തം തടവുശിക്ഷ എന്നാല്‍ 14 വര്‍ഷത്തെ, അല്ലെങ്കില്‍ 20 വര്‍ഷത്തെ തടവാണെന്ന ധാരണയുണ്ട്. ഇത് അബദ്ധമാണ്. ഒരു ക്രിമിനല്‍ കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷിക്കപ്പെട്ട പ്രതിയെ ജീവിതകാലം മുഴുവന്‍ അഥവാ മരണം വരെ ജയിലില്‍ ഇടുക എന്നതാണ് നിയമപ്രകാരം ജീവപര്യന്തം ശിക്ഷ എന്നതിനര്‍ഥം. 2012ല്‍ ജസ്റ്റിസ് കെ എസ് രാധാകൃഷ്ണനും ജസ്റ്റിസ് മദന്‍ ബി ലോകൂറും അടങ്ങിയ ബഞ്ച് ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ജീവപര്യന്തം തടവുകാര്‍ക്ക് 14 വര്‍ഷത്തെ തടവ് കഴിഞ്ഞാലും പുറത്തിറങ്ങാന്‍ നിയമപരമായി യാതൊരു അവകാശവുമില്ല. ജീവപര്യന്തം 14 വര്‍ഷത്തെ ജയില്‍ തടവാണെന്ന് ക്രിമിനല്‍ നടപടി ചട്ടത്തില്‍ എവിടെയും പറയുന്നില്ല. എന്നാല്‍ ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിലെ 432 വകുപ്പ് പ്രകാരം തടവുപുള്ളികളെ അതാത് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് ശിക്ഷാ ഇളവുകള്‍ നല്‍കി മോചിപ്പിക്കാനുള്ള അധികാരമുണ്ട്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഒരു പ്രതിയെ അപ്രകാരം മോചിപ്പിക്കണമെങ്കില്‍ സി ആര്‍ പി സി 433 എ പ്രകാരം അയാള്‍ ചുരുങ്ങിയത് 14 വര്‍ഷമെങ്കിലും ജയില്‍ശിക്ഷ അനുഭവിച്ചിരിക്കണം. ഈ 14 വര്‍ഷത്തെയാണ് ജീവപര്യന്തം കാലയളവായി പലരും തെറ്റിദ്ധരിക്കുന്നത്.

അഥവാ, 14 വര്‍ഷത്തെ തടവുശിക്ഷക്കു ശേഷം കുറ്റവാളിക്ക് ശിക്ഷാ ഇളവ് നല്‍കുകയാണെങ്കില്‍ തന്നെ, ജയിലിലെ പ്രതിയുടെ പെരുമാറ്റം, ജയില്‍ നിയമങ്ങളോടുള്ള സഹകരണം, രോഗാവസ്ഥ, കുടുംബാംഗങ്ങളുടെ അവസ്ഥ, സംസ്ഥാന സര്‍ക്കാറിന് ശരിയാണെന്നും ആവശ്യമാണെന്നും തോന്നുന്ന മറ്റു സാഹചര്യങ്ങള്‍ എന്നിവ കണക്കിലെടുത്തായിരിക്കണം തീരുമാനമെടുക്കേണ്ടത്. മേല്‍ പരിഗണനകളുടെ അടിസ്ഥാനത്തില്‍ എത്ര പേരുണ്ട് രാഷ്ട്രീയ തടവുപുള്ളികളില്‍ തടവുശിക്ഷാ ഇളവിന് അര്‍ഹതയുള്ളവര്‍? ജയിലിനകത്തും നിയമത്തെ വെല്ലുവിളിച്ച് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് ഇത്തരം കുറ്റവാളികളില്‍ മിക്ക പേരും. ലഹരി ഉപയോഗം, വിലക്കപ്പെട്ട മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണല്ലോ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ കൊടി സുനിയെയും മുഹമ്മദ് ശാഫിയെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. ഇവരെയൊക്കെ കാലാവധിയില്‍ ഇളവ് നല്‍കി വിട്ടയക്കുന്നത് സമൂഹത്തിന് കടുത്ത ഭീഷണിയും ഒരു തരത്തിലും നീതീകരിക്കാനാകാത്തതുമാണ്.

---- facebook comment plugin here -----

Latest