National
ചുമയ്ക്കുള്ള കോള്‍ഡ്രിഫ് സിറപ്പ് നിരോധിച്ച് തമിഴ്നാട് സര്‍ക്കാര്‍
വിപണിയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു.

ചെന്നൈ| മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ 11 കുട്ടികള്‍ ചുമ മരുന്ന് കഴിച്ചതിനെത്തുടര്‍ന്ന് മരിച്ച സാഹചര്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പന നിരോധിച്ചു. ഈ സിറപ്പ് വിപണിയില്‍ നിന്ന് നീക്കം ചെയ്യാനും ഉത്തരവിട്ടു. ചെന്നൈ നഗരം ആസ്ഥാനമായിട്ടുള്ള കമ്പനി നിര്‍മിക്കുന്ന കഫ് സിറപ്പിന്റെ വില്‍പ്പന തമിഴ്നാട്ടിലുടനീളം നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ, മരുന്ന് വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി കാഞ്ചീപുരം ജില്ലയിലെ സുങ്കുവര്‍ഛത്രത്തിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ നിര്‍മ്മാണ കേന്ദ്രത്തില്‍ പരിശോധനകള്‍ നടത്തി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാന്‍, മധ്യപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് കമ്പനി മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്. ‘ഡൈത്തിലീന്‍ ഗ്ലൈക്കോള്‍’ എന്ന രാസവസ്തുവിന്റെ സാന്നിധ്യം പരിശോധിക്കുന്നതിനായി സാമ്പിളുകള്‍ സര്‍ക്കാര്‍ നടത്തുന്ന ലബോറട്ടറികളിലേക്ക് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശിശുമരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച തന്നെ രണ്ടുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ, ജലദോഷം എന്നിവയ്ക്കുള്ള മരുന്നുകള്‍ നല്‍കരുതെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.