Cover Story
പുഞ്ചിരി കൊണ്ട് പണിത സ്നേഹസാമ്രാജ്യം
വിനയം കൊണ്ട് സ്വയം ചെറുതായി, മനസ്സ് നിറഞ്ഞ് പുഞ്ചിരിച്ച്... അങ്ങനെയാണ് തങ്ങൾ ഹൃദയങ്ങൾ കീഴടക്കിയത്. ജനങ്ങളിലൂടെ അദ്ദേഹം യാത്ര ചെയ്തു. കേരളത്തിലും മലയാളികളോട് ചേർന്നുനിൽക്കുന്നവർ അധിവസിക്കുന്ന ദേശങ്ങളിലും ഒരാൾ ആ സാന്നിധ്യം ആഗ്രഹിക്കുന്നുവെങ്കിൽ തങ്ങൾ അവിടെയെത്തിയിരിക്കും.
സയ്യിദ് അലി ബാഫഖി തങ്ങൾ യാത്രയായിരിക്കുകയാണ്. ഇടപഴകിയവരുടെയെല്ലാം ഓർമകളിൽ തിളങ്ങുന്ന ഒരു പുഞ്ചിരിയായി തങ്ങൾ ഇനിയും ജീവിക്കും. പേരും പെരുമയും അറിവും സമ്പത്തുമെല്ലാമുണ്ടായിരുന്നു സയ്യിദവർകൾക്ക്. എന്നാൽ അദ്ദേഹത്തെ അനുഭവിച്ചവരുടെയെല്ലാം ഓർമകളിൽ തങ്ങളുടെ സ്നേഹവും വിനയവുമാണ് തളിർത്തുനിൽക്കുന്നത്.
യമനിലെ തരീമിൽ നിന്ന് ഏകദേശം ഇരുനൂറ്റി അമ്പത് വർഷങ്ങൾക്ക് മുമ്പ് പന്തലായനിയിൽ കപ്പലിറങ്ങിയ സയ്യിദ് അഹ്മദ് ബാഫഖിയിലേക്കാണ് അലി ബാഫഖി തങ്ങളുടെ പരമ്പര ചെന്നുചേരുന്നത്. കച്ചവടാവശ്യാർഥമാണ് അദ്ദേഹം വന്നതെങ്കിലും മതകാര്യങ്ങളിലും അഹ്മദ് ബാഫഖി സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ മകൻ സയ്യിദ് ഹാശിം ബാഫഖിയുടെ മകൻ സയ്യിദ് അഹ്മദ് ബാഫഖിയുടെ മകൻ സയ്യിദ് അബ്ദുൽ ഖാദിർ ബാഫഖിയുടെ മകനാണ് അലി ബാഫഖി തങ്ങളുടെ പിതാവ് സയ്യിദ് അഹ്മദ് ബാഫഖിയും. പാരമ്പര്യത്തിന്റെ കഥ പറഞ്ഞാൽ വലിയ പെരുമയുണ്ടായിട്ടുണ്ട് പറയാൻ. എന്നാൽ അലി ബാഫഖി തങ്ങളുടെ ആകാരത്തിലും പെരുമാറ്റത്തിലും അതിന്റെ ഒരു അടയാളവുമുണ്ടായിരുന്നില്ല.
കൊയിലാണ്ടിയിലെ മുബാറക് റോഡ് ചെന്നവസാനിക്കുന്നത് പഴമയുടെ സൗന്ദര്യവും പാരമ്പര്യത്തിന്റെ പ്രൗഢിയുമുള്ള മനോഹരമായ വീട്ടിലേക്കാണ്. സയ്യിദ് അബ്ദുൽഖാദിർ ബാഫഖി തങ്ങൾ പണികഴിപ്പിച്ച ആ വീട് അദ്ദേഹത്തിന്റെ മരണ ശേഷം മകൻ അബ്ദുർറഹ്മാൻ ബാഫഖി തങ്ങളുടെ ഉടമസ്ഥതയിലായിരുന്നു. ബാഫഖി തങ്ങൾ മുസ്്ലിംലീഗിന്റെ പ്രസിഡന്റായപ്പോൾ ആ വീടിന്റെ പൂമുഖത്തും സ്വീകരണമുറിയിലും ഒത്തൊരുമിച്ചവരിൽ പ്രമുഖർ ഏറെയുണ്ടായിരുന്നു. അവിടെയിരുന്ന് ചർച്ചചെയ്തെടുത്ത തീരുമാനങ്ങൾക്ക് കേരള മുസ്്ലിം ചരിത്രത്തിന്റെ ഗതി നിർണയിക്കാനുള്ള ശക്തിയുണ്ടായിരുന്നു. അദ്ദേഹത്തിന് ശേഷം ആ വീട്ടിൽ സ്വീകരണമുറിയിൽ പഴയ ചാരുകസേരയിൽ പ്രഭയൊട്ടും മങ്ങാതെ മഹത്വത്തിന്റെ മറ്റൊരു സാന്നിധ്യമായിരുന്നു സയ്യിദ് അലി ബാഫഖി തങ്ങൾ.
അബ്ദുർറഹ്മാൻ ബാഫഖി തങ്ങൾക്കു ശേഷം സയ്യിദ് അലി ബാഫഖി തങ്ങളായിരുന്നു ആ വീട്ടുകാരൻ. പ്രമുഖരുടെ ആഗമനങ്ങളും നീണ്ട ചർച്ചകളും പിന്നെയും ആ വീടിന്റെ അങ്കണത്തിലും അകത്തളത്തിലും നിരന്തരമായി തുടർന്നുകൊണ്ടിരിക്കുന്നു. കേരള മുസ്്ലിം ചരിത്രത്തിലെ യുഗപുരുഷനായ സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങൾ തന്റെ സഹോദര പുത്രന്, മകൾ ശരീഫ ഉമ്മുകുൽസുമിനെ ഇണയാക്കിക്കൊടുത്ത് കൊയിലാണ്ടിയിലെ മുബാറക് മൻസിലിലെ തന്റെ ചാരുകസേരയിൽ “അലി’യെ പിൻഗാമിയാക്കി വാഴിച്ചാണ് യാത്രയായത്. അബ്ദുർറഹ്മാൻ ബാഫഖി തങ്ങൾ വിടപറഞ്ഞപ്പോൾ ഒഴിവുവന്ന വിദ്യാഭ്യാസ ബോർഡിന്റെ ട്രഷറർ സ്ഥാനം ഏൽപ്പിച്ചാണ് സുന്നീ കേരളം ആ പിന്തുടർച്ചയെ അടയാളപ്പെടുത്തിയത്. അങ്ങനെ ബാഫഖി പരമ്പരയുടെ അമരക്കാരനും “പുതിയ’ ബാഫഖി തങ്ങളുമായിട്ടും ആ തല കൂടുതൽ നിവരുകയോ ആ പുഞ്ചിരി മായുകയോ ചെയ്തില്ല.
അറിവനുഭവങ്ങളുടെ ആഴവും ആവോളമുണ്ടായിരുന്നു സയ്യിദവർകൾക്ക്. പ്രമുഖരായ ഗുരുനാഥൻമാരിൽ നിന്ന് പേരുകേട്ട ദർസുകളിൽ ചെന്ന് ഓതിപ്പഠിച്ചിട്ടുണ്ട്. തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്്ലാം, പരപ്പനങ്ങാടിയിലെ പനയത്തിൽ പള്ളി, പട്ടിക്കാട് ജാമിഅ… എല്ലാം അക്കാലത്തെ പ്രമുഖ സ്ഥാപനങ്ങൾ. ശംസുൽ ഉലമയും കോട്ടുമല ഉസ്താദും താഴക്കോട് കുഞ്ഞലവി മുസ്്ലിയാരുമെല്ലാം ഹൃദയത്തോട് ചേർത്ത ശിഷ്യൻ. മറ്റു പലർക്കും പറയാനില്ലാത്ത ഗുരുശിഷ്യബന്ധത്തിന്റെ കെട്ടുറപ്പുണ്ട് അവരോടെല്ലാം. ജാമിഅയിൽ നിന്ന് മുതവ്വൽ കഴിഞ്ഞ സമയത്ത് അവിടെ തഖസ്സുസ് ഇല്ലാഞ്ഞിട്ടും ശംസുൽ ഉലമ പറഞ്ഞു: “തങ്ങൾ ഒരു കൊല്ലം കൂടി ഇവിടെത്തന്നെ നിന്നോളി, നമുക്ക് തുഹ്ഫയുടെ ബാക്കി ഓതാം’. അധികം ആർക്കും പിടികൊടുക്കാത്ത ഇ കെ ഉസ്താദ് ഇങ്ങനെ പരിഗണിച്ച് കൂടെ നിർത്തണമെങ്കിൽ അവരുടെ ബന്ധം എത്ര ഊഷ്മളമായിരിക്കണം.
ശംസുൽ ഉലമയെ പട്ടിക്കാട് നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങൾ ഊർജിതമായപ്പോൾ അവരെ പ്രതിരോധിക്കാൻ അദ്ദേഹം ശിഷ്യൻമാരുടെ ഒരു സംഘടനയുണ്ടാക്കി “ഫൈസീസ്’. അതിന്റെ പ്രസിഡന്റാക്കാൻ തങ്ങളെക്കാൾ അനുയോജ്യനായ മറ്റൊരാളെ അദ്ദേഹം കണ്ടെത്തിയിരുന്നില്ല. ഇങ്ങനെ ആഴമുള്ള അറിവും പെരുമയുള്ള ഗുരുനാഥൻമാരും ഉണ്ടായിരുന്നിട്ടും അതിന്റെ ഒരു ഭാവവുമില്ലാതെ “ഞാനാരുമല്ലേ’ എന്ന മട്ടിൽ ഒതുങ്ങിക്കൂടാനാണ് അദ്ദേഹം ശ്രമിച്ചത്.
അലി ബാഫഖി തങ്ങളുടെ പിതാവ് അഹ്മദ് ബാഫഖി വലിയ സമ്പന്നനായിരുന്നില്ല എന്നത് ശരിയാണ്. എന്നാൽ അബ്ദുർറഹ്മാൻ ബാഫഖി തങ്ങൾ സമ്മാനിച്ചതും കൊയിലാണ്ടിയിലെ മുബാറക് ടെക്സ്റ്റയിൽസിന്റെ തണലിൽ അധ്വാനിച്ച് സമ്പാദിച്ചതുമായി ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നു അലി ബാഫഖി തങ്ങൾക്ക്. എന്നാൽ പണത്തിന്റെ പ്രൗഢിയിൽ നില മറക്കാനും പാവപ്പെട്ടവർക്ക് പ്രാപ്യമല്ലാത്ത നില കയറാനും അദ്ദേഹം തുനിഞ്ഞില്ല.
ആദ്യ ഘട്ടത്തിൽ പൊതുപ്രവർത്തനമേഖലയിലേക്ക് വരാനും സയ്യിദ് അലി ബാഫഖി തങ്ങൾ മടി കാണിച്ചിരുന്നു. പട്ടിക്കാട് നിന്ന് പഠനം കഴിഞ്ഞ് കൊയിലാണ്ടിയിലെ മുബാറക് ടെക്സ്റ്റെയിൽസിൽ ഒതുങ്ങിക്കൂടുന്ന കാലം.

കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാരും സയ്യിദ് അലി ബാഫഖി തങ്ങളും (ഫയൽ ചിത്രം)
വലിയകം പള്ളിയിലും പാറപ്പള്ളിയിലും മറ്റും സിയാറത്തിന് വരാറുള്ള കാന്തപുരം ഉസ്താദ് കൊയിലാണ്ടിയിലെ നിത്യ സന്ദർശകനായിരുന്നു. കേരളത്തിലെ നാനാദിക്കിലും പ്രഭാഷണത്തിന് പോകുമ്പോൾ പൂനൂരിനോട് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ കൊയിലാണ്ടിയിലാണ് എന്നതും ഉസ്താദ് ഇടക്കിടെ ഇവിടെ എത്താനുള്ള കാരണമായി. ചുരുങ്ങിയ കാലം കൊണ്ട് സയ്യിദ് അലി ബാഫഖി എന്ന വിസ്മയത്തെ കാന്തപുരം ഉസ്താദ് മനസ്സിലാക്കി. അറിവിന്റെ ആഴവും യമനിലേക്ക് നീളുന്ന പാരമ്പര്യത്തിന്റെ അടിവേരുകളും മറച്ചുവെച്ചുള്ള ഈ ഇരുത്തം അവിടുത്തെ മഹത്വത്തോട് ഒട്ടും ചേർന്നതല്ല എന്നത് ഒരു കുറ്റബോധമായി ഉസ്താദിന്റെ ഉള്ളിൽ പൊള്ളാൻ തുടങ്ങി. നിരന്തര സൗഹൃദം കൊണ്ട് ഉണ്ടാക്കിയെടുത്ത സ്വാതന്ത്ര്യമുപയോഗിച്ച് ശക്തമായ സമ്മർദമായി പിന്നീട്.
തങ്ങൾ ഇവിടെ ഇരുന്നാൽ പോര എന്ന നിരന്തരമായ സമ്മർദം പതുക്കെ ഫലം കണ്ടുതുടങ്ങി. സമസ്തയും കീഴ്ഘടകങ്ങളും സംഘടിപ്പിച്ച പരിപാടികളിൽ പതുക്കെപ്പതുക്കെ തങ്ങളുടെ മുഖം പ്രത്യക്ഷപ്പെട്ടു തുടങ്ങി. കാലക്രമേണ പദവികൾ പലതും തേടി വന്നു. സമസ്തയുടെ ട്രഷററും ഉപാധ്യക്ഷനുമായി. വിദ്യാഭ്യാസ ബോർഡിന്റെയും മർകസിന്റെയും പ്രസിഡന്റായി. പല സദസ്സുകളിലും അധ്യക്ഷ സ്ഥാനത്തിരുന്നു. മഹാസമ്മേളനങ്ങൾ ആരംഭിക്കണമെങ്കിൽ തങ്ങൾ വന്ന് ദുആ ചെയ്ത് തുടങ്ങണമെന്ന് സുന്നീ കേരളം തീരുമാനിക്കുന്ന സ്ഥിതി വരെ ഉണ്ടായി. അപ്പോഴും ആ മുഖത്ത് വിനയത്തിന്റെ ചേലുള്ള ചിരി മാത്രം വിടർന്നു.
തന്റെ ഇടം അടയാളപ്പെടുത്താൻ സയ്യിദവർകൾക്ക് ഇങ്ങനെ വഴികൾ പലതുമുണ്ടായിരുന്നു. എന്നാൽ വിനയത്തിന്റെ കനം അതിനെല്ലാം തടസ്സമായി. ശംസുൽ ഉലമയുടെ പ്രിയപ്പെട്ട ശിഷ്യൻ മുദർരിസാകാൻ പോകാത്തത് അറിവില്ലാത്തതിനാലല്ല എന്ന് എല്ലാവർക്കുമറിയാം. കേൾക്കാൻ പതിനായിരങ്ങൾ കാത്തിരിക്കാൻ തയ്യാറായിരുന്നിട്ടും പതിഞ്ഞ വാക്കുകളിൽ പോലും ഒന്ന് പ്രസംഗിച്ചുനോക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല.
പിന്നെ എങ്ങനെയാണ് തങ്ങൾ സുന്നീ കേരളത്തിന് പ്രിയപ്പെട്ടവരായത്. വിനയം കൊണ്ട് സ്വയം ചെറുതായി, മനസ്സ് നിറഞ്ഞ് പുഞ്ചിരിച്ച് അങ്ങനെയാണ് തങ്ങൾ ഹൃദയങ്ങൾ കീഴടക്കിയത്. അദ്ദേഹം ജനങ്ങളിലൂടെ യാത്ര ചെയ്തു.
കേരളത്തിലും മലയാളികളോട് ചേർന്നുനിൽക്കുന്നവർ അധിവസിക്കുന്ന ദേശങ്ങളിലും ഒരാൾ ആ സാന്നിധ്യം ആഗ്രഹിക്കുന്നുവെങ്കിൽ തങ്ങൾ അവിടെയെത്തിയിരിക്കും. ചിലർക്ക് മരണപ്പെട്ട മാതാവിന്റെ പാരത്രിക ജീവിതം സന്തോഷകരമാകാൻ തങ്ങൾ പ്രാർഥിക്കലാണ് ലക്ഷ്യം. മറ്റു ചിലർക്ക് പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ ആ അനുഗൃഹീത കരങ്ങൾ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കണം. ചിലർക്ക് കടയുദ്ഘാടനം, മറ്റു ചിലർക്ക് നിക്കാഹ്… ആവശ്യങ്ങൾ എന്തുമാകട്ടെ, അവരുടെ സങ്കടങ്ങളിലേക്ക് സന്തോഷങ്ങളിലേക്ക് ആ വീൽചെയർ ഉരുണ്ടെത്തുക തന്നെ ചെയ്യും. സമ്പന്നരുടെ എ സി റൂമിനും പാവങ്ങളുടെ കോലായയിലും അദ്ദേഹം വ്യത്യാസം കണ്ടില്ല. പറഞ്ഞതിനും നേരത്തെ ചെന്നു. അവർ ആഗ്രഹിച്ചതിലും അധികം സമയം അവർക്കൊപ്പം ചെലവഴിച്ചു.
അവരുടെ വേദനകൾക്ക് കാതോർത്തു. സന്തോഷങ്ങൾ സ്വന്തം സന്തോഷമായി അനുഭവിച്ചു. ആർക്കും ഒരു പരാതിയും പറയാൻ ഇടകൊടുത്തില്ല. എല്ലാവരും തങ്ങൾ നൽകിയ സ്നേഹത്തിന്റെ നിർവൃതിയിൽ സന്തോഷക്കണ്ണീരണഞ്ഞു. തങ്ങൾ വൈകിയത് കൊണ്ട് പ്രയാസമായി എന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. വെളുത്ത് സുന്ദരമായ ആ മുഖകമലത്തിൽ വിരിയുന്ന പുഞ്ചിരിയിൽ മനസ്സ് നിറഞ്ഞ കഥയല്ലാതെ കയർത്തു പറഞ്ഞെന്നോ മുഖം ചുവന്നെന്നോ ആരും പരാതിപ്പെട്ടിട്ടില്ല. അങ്ങനെ അദ്ദേഹം എല്ലാവരുടെയും തങ്ങളായി. അതുകൊണ്ട് തന്നെ അദ്ദേഹം ഒഴിച്ചിട്ടുപോകുന്ന ശൂന്യത നികത്താതെ അവിടെ ബാക്കിയാകും. അപ്പോഴും അവരുടെ ഓർമകളിൽ ആ സുകൃതം യാത്ര തുടരും.
Content Highlights: Syed Ali Bafaqi Thangal has passed away, leaving behind a rich legacy of humility, deep Islamic knowledge, and selfless community service. He served in prominent leadership roles, including Treasurer and Vice President of Samastha, and President of the Samastha Kerala Education Board and Markaz. His life dedicated to the people and his gentle smile will remain etched in the hearts of thousands.




