Connect with us

kr narayanan visual institute

സയീദ് അഖ്‌തർ മിർസ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൻ്റെ പുതിയ ചെയർമാൻ

പുണെ എഫ് ടി ഐ ഐ മുൻ ചെയർമാൻ ആണ് മിർസ.

Published

|

Last Updated

തിരുവനന്തപുരം | വിഖ്യാത ഇന്ത്യൻ ചലച്ചിത്രകാരൻ സയീദ് അഖ്‌തർ മിർസയെ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനായി നിയമിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചന വിവാദങ്ങളെ തുടർന്ന് അടൂർ ഗോപാലകൃഷ്ണൻ രാജിവെച്ചതിനാലാണ് പുതിയ ചെയർമാനെ നിയമിച്ചത്. ജാതിവിവേചനത്തിൽ ദിവസങ്ങളോളം വിദ്യാർഥികൾ സമരം നടത്തിയിരുന്നു.

പുണെ എഫ് ടി ഐ ഐ മുൻ ചെയർമാൻ ആണ് മിർസ. നിരവധി ദേശീയ പുരസ്കാരങ്ങൾ നേടിയ അദ്ദേഹം, 2021ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയ ജൂറി ചെയർമാനുമായിരുന്നു. നിത്യജീവിതത്തിലെ ഏറ്റവും സാധാരണക്കാരന്റെ പ്രതിഫലനങ്ങളായ ഒട്ടേറെ ചലച്ചിത്രങ്ങളുടെ സ്രഷ്ടാവെന്ന നിലക്ക് എന്നും പ്രിയങ്കരനാണ് മിർസയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. ഇന്ത്യൻ സമാന്തര സിനിമയുടെ ഏറ്റവും ശക്തമായ പ്രതിനിധാനവുമാണ്. ഇന്ത്യൻ ജീവിതത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ അവസ്ഥകളാണ് തന്റെ ചലച്ചിത്രങ്ങളിലൂടെ മിർസ അവതരിപ്പിച്ചിട്ടുള്ളത്.

ബാബരി മസ്ജിദ് തകർത്തതിന്റെ പശ്ചാത്തലത്തിലാണ് നസീം എന്ന ചിത്രം മിർസ എടുത്തത്. അതോടെ ഇനി തനിക്ക് സിനിമയിലൂടെ ലോകത്തോട് ഒന്നും പറയാനില്ലെന്നും പ്രഖ്യാപിച്ച് സിനിമയിൽ നിന്ന് പിൻവാങ്ങിയ സാമൂഹ്യപ്രതിബദ്ധതയുടെ ആൾരൂപമായ മിർസ, നോവലുകളും ഓർമക്കുറിപ്പുകളും പുസ്തകങ്ങളുമായി നമുക്കൊപ്പം സക്രിയമായി തുടരുന്നുണ്ടായിരുന്നു. ബോംബെയിലെ തെരുവുകളിലെ മനുഷ്യരുടെ ജീവിതം ആവിഷ്കരിച്ച, അവരുടെ പട്ടിണിക്കും തൊഴിലില്ലായ്മക്കും വേട്ടയാടലുകൾക്കും കാരണം തേടിയ, സ്വന്തം സിനിമ പൂർണമാകണമെങ്കിൽ തെരുവുകളിലെ ജനങ്ങളുടെ വിശ്വാസം ആർജിക്കണമെന്ന് കരുതിയ ചലച്ചിത്രപ്രതിഭയുടെ സാന്നിധ്യം കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് പോലൊരു സ്ഥാപനത്തിലെ പഠിതാക്കൾക്ക് ഏറ്റവും മികച്ചൊരു വഴിവിളക്കാവുമെന്നും മന്ത്രി പറഞ്ഞു.

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ ദേശീയ തലത്തിലെ മികവിന്റെ കേന്ദ്രമാക്കി മാറ്റും എന്നു സർക്കാർ കരുതുന്നു. കേരളത്തെ എന്നും സാകൂതം വീക്ഷിക്കുന്ന, കേരളത്തിന്റെ ചലച്ചിത്രാവിഷ്കാരങ്ങളെ, അതിൽത്തന്നെ പുതുതലമുറ ചലച്ചിത്രകാരന്മാരെ ഏറ്റവും സ്നേഹത്തോടെ വീക്ഷിക്കുന്ന ഈ മാനവപക്ഷ ചലച്ചിത്രകാരനെ നവകാല ചലച്ചിത്ര പ്രതിഭകളെ വാർത്തെടുക്കാൻ നാം ഉയർത്തിക്കൊണ്ടുവരുന്ന മഹാസ്ഥാപനത്തിന്റെ മേധാവിയായി ലഭിച്ചതിൽ ഏറ്റവും അഭിമാനിക്കുന്നു. മനുഷ്യരെ അന്യവത്കരിക്കുന്ന നീചമായ പ്രത്യയശാസ്ത്രമാണ് ഫാസിസമെന്നു കരുതുന്ന, മനുഷ്യസ്നേഹിയും അടിമുടി ജനാധിപത്യ നിലപാടുകാരനുമായ കലാകാരൻ, കേരളത്തിന് തന്റെ പ്രതിഭയും അനുഭവവും സമ്മാനിക്കാൻ സമ്മതിച്ചിരിക്കുന്നതിന് കേരളത്തിന്റെയാകെ കടപ്പാടും സ്നേഹവും. ഹൃദയത്തോട് എത്രയും ചേർത്തുപിടിച്ച് സുസ്വാഗതമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.