Connect with us

Kerala

എസ് ഐയെ കള്ളക്കേസില്‍ കുടുക്കിയ സി ഐക്ക് സസ്‌പെന്‍ഷന്‍

എഡിജിപി എം ആര്‍ അജിത് കുമാറാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്

Published

|

Last Updated

തൃശ്ശൂര്‍ |  തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്ഐയെ കള്ളക്കേസില്‍ കുടുക്കിയ സിഐക്ക് എതിരെ നടപടി. നെടുപുഴ സിഐ ദിലീപ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എഡിജിപി എം ആര്‍ അജിത് കുമാറാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്. കള്ളക്കേസില്‍ കുടുക്കിയതാണെന്ന് കണ്ടെത്തിയതിന് പിന്നാലെ സസ്‌പെന്‍ഷനിലായിരുന്ന എസ്‌ഐ ആമോദിനെ കഴിഞ്ഞദിവസം സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു.

പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് കാണിച്ചാണ് ദിലീപ് കുമാര്‍ ആമോദിനെ അറസ്റ്റ് ചെയ്തത്. രക്തസാമ്പിള്‍ പരിശോധനയില്‍ ആമോദിന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. ആമോദ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കും പോലീസ് കംപ്ലെയിന്റ് അതോറിട്ടിക്കും നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയും കേസ് വ്യാജമാണെന്നും കണ്ടെത്തുകയായിരുന്നു.

ജൂലൈ 31ന് തൃശൂര്‍ വടൂക്കരയിലായിരുന്നു സംഭവം. വൈകിട്ട് അഞ്ചരയോടെ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോയതായിരുന്നു സിറ്റി ക്രൈംബ്രാഞ്ച് എസ്ഐ ടിആര്‍ ആമോദ്. സഹപ്രവര്‍ത്തകന്റെ ഫോണ്‍ വന്നപ്പോള്‍ വഴിയരികില്‍ സംസാരിച്ചു നില്‍ക്കുമ്പോഴായിരുന്നു നെടുപുഴ സിഐ ദിലീപ് ജീപ്പില്‍ എത്തിയത്. അവധിയിലായിരുന്നു എസ്ഐ ആമോദ്. മദ്യപിക്കാനെത്തിയതാണോയെന്ന് സിഐ ചോദിച്ചു. കടയിലേക്ക് വന്നതാണെന്ന് മറുപടി നല്‍കിയെങ്കിലും വിശ്വസിച്ചില്ല. ജീപ്പില്‍ നിന്ന് പുറത്തിറങ്ങിയ സിഐ നേരെ തൊട്ടടുത്ത മരക്കമ്പനിക്കുള്ളില്‍ പോയി തിരച്ചില്‍ നടത്തി. അവിടെ നിന്ന് പാതി കാലിയായ മദ്യക്കുപ്പി കിട്ടി. ഇത്, എസ്‌ഐ കഴിച്ചതാണെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്തു ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. മദ്യത്തിന്റെ മണമില്ലെന്ന് വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ പറഞ്ഞു. ഉടനെ, രക്ത സാംപിള്‍ എടുപ്പിച്ചു. പിന്നാലെ, അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു.ഇതിന് പിന്നാലെ എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസ് വ്യാജമെന്ന് കണ്ടെത്തയതോടെയാണ് നടപടി പിന്‍വലിച്ചത്.

 

Latest