Uae
അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രതികളെ പിടികൂടി
അറബ് പൗരന്മാരായ രണ്ട് വ്യക്തികളുടെ സംശയാസ്പദമായ പ്രവർത്തനങ്ങൾ നിരീക്ഷിച്ച ശേഷമാണ് നടപടി.

അബൂദബി| യു എ ഇയിൽ മയക്കുമരുന്ന് ഗുളികകൾ വിതരണം ചെയ്യാനുള്ള ശ്രമം അധികൃതർ തകർത്തു. അറബ് പൗരന്മാരായ രണ്ട് വ്യക്തികളുടെ സംശയാസ്പദമായ പ്രവർത്തനങ്ങൾ നിരീക്ഷിച്ച ശേഷമാണ് നടപടി. അന്വേഷണത്തിൽ ഈ പ്രതികൾ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയുമായി ബന്ധമുള്ളവരാണെന്ന് കണ്ടെത്തി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ വിഭാഗം രണ്ട് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. ഒരു സ്ഥലം മയക്കുമരുന്ന് ഗുളികകൾ സൂക്ഷിക്കാനും പ്രതികൾ രാജ്യത്തിനകത്ത് വിതരണം ചെയ്യാൻ തയ്യാറെടുക്കാനും ഉപയോഗിച്ചിരുന്നതാണ്. രണ്ടാമത്തെ സ്ഥലത്ത് നിന്ന് മയക്കുമരുന്ന് ഒളിപ്പിച്ച ഒരു നിർമാണ യന്ത്രവും പിടിച്ചെടുത്തു.
ഹാംബർഗിൽ നിന്ന് രാജ്യത്തെ ഒരു തുറമുഖത്തേക്ക് മയക്കുമരുന്ന് തയ്യാറാക്കി കടത്തിയത് തങ്ങളുടെ പങ്കാളികളാണെന്ന് പ്രതികൾ സമ്മതിച്ചു. ഈ ദൗത്യത്തിനായി ഒരാൾ പ്രത്യേകമായി വിസിറ്റ് വിസയിൽ യു എ ഇയിൽ എത്തിയതായിരുന്നു. ശൃംഖലയുടെ സൂത്രധാരൻ രാജ്യത്തിന് പുറത്താണ് താമസിക്കുന്നതെന്നും ഇയാളാണ് മുഴുവൻ പ്രവർത്തനത്തിനും ധനസഹായം നൽകുന്നതും നിയന്ത്രിക്കുന്നതെന്നും പ്രതികൾ വെളിപ്പെടുത്തി.
രാജ്യത്തിന് പുറത്തുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള അന്വേഷണം അന്താരാഷ്ട്ര സഹകരണത്തോടെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ക്രിമിനൽ ശൃംഖലകളെ തടയുന്നതിനും ലഹരിവസ്തുക്കൾക്കെതിരായ പോരാട്ടത്തിൽ അന്താരാഷ്ട്ര സഹകരണം പ്രധാനമാണെന്നും ആഭ്യന്തര മന്ത്രാലയത്തിലെ വക്താവ് ഊന്നിപ്പറഞ്ഞു.
---- facebook comment plugin here -----