National
മനുഷ്യന് ഭീഷണിയാകുന്ന തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ അനുമതി നൽകി സുപ്രീം കോടതി
തെരുവ് നായക്കളുടെ കടി ഏൽക്കാതെയും ഭയമില്ലാതെയും ജീവിക്കുക എന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് കോടതി പ്രഖ്യാപിച്ചു.
ന്യൂഡൽഹി | മനുഷ്യജീവനും പൊതുജനസുരക്ഷയ്ക്കും ഭീഷണിയാകുന്ന, പേപ്പട്ടി ലക്ഷണങ്ങളുള്ളതോ സുഖപ്പെടുത്താനാവാത്തവിധം രോഗബാധിതരായതോ ആയ തെരുവ് നായ്ക്കളെ ദയാവധത്തിന് ഇരയാക്കാൻ സുപ്രീം കോടതി അനുമതി നൽകി. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു അനുമതി കോടതി നൽകുന്നത്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് രാജ്യത്തുടനീളം വർദ്ധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി നിർണായക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
തെരുവ് നായ്ക്കളുടെ എണ്ണം ആശങ്കാജനകമായ രീതിയിൽ വർദ്ധിക്കുകയും, നിരന്തരമായ നായകടികളും ആക്രമണങ്ങളും പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാകുകയും ചെയ്യുന്ന പ്രദേശങ്ങളിൽ മുനിസിപ്പൽ കോർപ്പറേഷനുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ദയാവധം നടപ്പാക്കാമെന്ന് കോടതി വ്യക്തമാക്കി. ദേശീയ തലസ്ഥാനത്ത് കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് തെരുവ് നായകളുടെ കടിയേൽക്കുന്നതും പേവിഷബാധ ഏൽക്കുന്നതും സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ജൂലൈ 28 ന് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ ഉത്തരവ്.
തെരുവ് നായക്കളുടെ കടി ഏൽക്കാതെയും ഭയമില്ലാതെയും ജീവിക്കുക എന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് കോടതി പ്രഖ്യാപിച്ചു. തെരുവുനായ്ക്കളുടെ നിരന്തരമായ ആക്രമണം പൗരന്മാരുടെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെയാണ് ഇല്ലാതാക്കുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഓരോ പൗരനും തെരുവ് നായക്കളുടെ ആക്രമണമോ പേവിഷബാധയോ ഉണ്ടാകുമെന്ന ഭയമില്ലാതെ പൊതുവഴികളിലൂടെ സഞ്ചരിക്കാൻ അവകാശമുണ്ട്. സ്റ്റാറ്റ്യൂട്ടറി സംവിധാനങ്ങൾ ഉണ്ടായിട്ടും ജനങ്ങളുടെ ജീവന് ഭീഷണിയുയരുന്ന സാഹചര്യത്തിൽ അധികാരികൾക്ക് നിഷ്ക്രിയരായി നോക്കിനിൽക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് മേത്ത തന്റെ വിധിന്യായത്തിൽ വ്യക്തമാക്കി.
അതേസമയം, തെരുവ് നായകളെ മാറ്റിപ്പാർപ്പിക്കുന്നതും വന്ധ്യംകരിക്കുന്നതുമായി ബന്ധപ്പെട്ട മുൻ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരമോന്നത കോടതി തള്ളി. ഉത്തരവുകൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യത്തെ എല്ലാ ഹൈക്കോടതികളും സ്വമേധയാ കേസ് എടുക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഉത്തരവ് ലംഘിക്കുന്ന സംസ്ഥാനങ്ങൾക്കെതിരെ കോടതിയലക്ഷ്യ നടപടികളും അച്ചടക്ക നടപടികളും സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ അക്രമകാരികളായ നായ്ക്കളെ തെരുവിൽ നിലനിർത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.
Summary
The Supreme Court of India has for the first time permitted the euthanasia of rabid, incurably ill, or demonstrably dangerous stray dogs to ensure public safety. A three-judge bench issued these directives in a suo motu case initiated following a surge in dog bite incidents and rabies cases. The apex court emphasized that the right to live with dignity includes the right to move freely without the fear of stray dog attacks, while dismissing pleas to recall its earlier orders on sterilization and relocation.







