National
കെജ് രിവാളിന്റെ ഹരജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി ; ഹരജിയില്‍ ഇ ഡി ക്ക് നോട്ടീസയച്ചു
ജുഡീഷ്യല്‍ കസ്റ്റഡി ഏപ്രില്‍ 23 വരെ നീട്ടി

ന്യൂഡല്‍ഹി | അറസ്റ്റ് ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ സമര്‍പ്പിച്ച ഹരജിയില്‍ ഇ ഡി ക്ക് നോട്ടീസയച്ച് സുപ്രീം കോടതി. ഏപ്രില്‍ 24നകം കെജ് രിവാളിന്റെ ഹരജിയില്‍ മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചു. കെജ്രിവാളിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്‌വി വാദിച്ചെങ്കിലും ഇ.ഡിയുടെ മറുപടി വരുന്നത് വരെ കാത്തിരിക്കാന്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഹരജി നേരത്തെ പരിഗണിക്കാന്‍ സിങ് വി അഭ്യര്‍ഥിച്ചെങ്കിലും കോടതി നിരസിക്കുകയും ഹരജിയില്‍ വാദം കേള്‍ക്കുന്നത് ഏപ്രില്‍ 29 ലേക്ക് മാറ്റുകയും ചെയ്തു.
അറസ്റ്റിനെ ചോദ്യം ചെയ്ത് കെജ്രിവാള്‍ സമര്‍പ്പിച്ച ഹരജി ഏപ്രില്‍ ഒമ്പതിന് ഡല്‍ഹി ഹൈകോടതി തള്ളിയിരുന്നു. ഹരജി തള്ളിയ ഹൈക്കോടതി ഡല്‍ഹി മദ്യനയ കേസില്‍ കെജ് രിവാളിന് പങ്കുണ്ടെന്ന ഇ ഡി യുടെ വാദം അംഗീകരിച്ചിരുന്നു. തുടര്‍ന്നാണ് ഹൈകോടതി വിധിക്കെതിരെ അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.
കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി തിങ്കളാഴ്ച അവസാനിച്ചിരുന്നു. ഇതോടെ റോസ് അവന്യൂ കോടതി കെജ് രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. ഈ മാസം 23 വരെയാണ് ഡല്‍ഹി റൗസ് അവന്യൂ കോടതി കസ്റ്റഡി നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കെജ്രിവാളിനെ കോടതിയില്‍ ഹാജരാക്കിയത്. ബിആര്‍എസ് നേതാവ് കെ കവിതയുടെയും കസ്റ്റഡി കാലാവധി ഏപ്രില്‍ 23 വരെ നീട്ടിയതായും കോടതി ചൂണ്ടിക്കാട്ടി. മദ്യനയക്കേസില്‍ മാര്‍ച്ച് 21നാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.