Connect with us

സാഹിത്യം

നിലയ്ക്കാത്ത വാക്കൊഴുക്ക്

പ്രൊഫ. സുകുമാര്‍ അഴീക്കോടിന്റെ ജന്മശതാബ്ദി വര്‍ഷം

Published

|

Last Updated

കേരളീയ സമൂഹമനഃസാക്ഷിയുടെ കാവൽഭടനായിരുന്ന പ്രൊഫസർ സുകുമാർ അഴീക്കോടിന്റെ ജന്മശതാബ്ദി വർഷമാണിത്. നവോത്ഥാനകാലത്തെ ആചാര്യന്മാർക്കുശേഷം മലയാളിയുടെ ചിന്താമണ്ഡലത്തേയും ആശയലോകത്തേയും ഇത്രമേൽ ജ്വലിപ്പിച്ചു നിർത്തിയവർ അഴീക്കോടിനെപ്പോലെ വേറെയുണ്ടാകില്ല. പൊതുസമൂഹത്തിന്റെ ദൈനംദിന സ്പന്ദനങ്ങളെ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും തെളിഞ്ഞ ഭാഷയിൽ അവതരിപ്പിച്ചുകൊണ്ട് നമ്മുടെ സാംസ്‌കാരിക മണ്ഡലത്തെ അദ്ദേഹം നിരന്തരം ഉത്തേജിപ്പിച്ചു കൊണ്ടിരുന്നു. അഴീക്കോട്‌ പങ്കുവെച്ച ആശയധാരകൾ കേരളത്തിന്റെ ധൈഷണികശാഖയെ പരിപോഷിപ്പിക്കുന്നതിൽ വലിയ പങ്കു വഹിച്ചു എന്നത് നിസ്തർക്കമായ വസ്തുതയാണ്.

സുകുമാർ അഴീക്കോടിന്റെ (1926 – 2012) രചനകൾ അവയുടെ വിഷയവൈവിധ്യം കൊണ്ട് നമ്മെ വിസ്മയിപ്പിക്കും. എഴുത്തുമാത്രം രണ്ടായിരത്തോളം വരുമെന്നാണ് അഴീക്കോട്‌ തന്നെ വെളിപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വായിച്ചു വളർന്ന കഥ എന്ന പുസ്തകത്തിലൂടെ ഒന്നു പോയി നോക്കൂ. ഉന്നതമായ ചിന്തയെ വ്യത്യസ്ത വിഷയങ്ങളിലേക്ക് സംക്രമിപ്പിക്കുന്ന ഉജ്ജ്വലമായ പ്രതിഭയുടെ മിന്നൽപ്പിണരുകൾ അതിലെവിടെയും കാണാം. സാഹിത്യവും തത്വചിന്തയും ശാസ്ത്രവും കൂടാതെ രാഷ്ട്രീയവും സാമൂഹികവുമായ ഒട്ടേറെ സമകാലിക വിഷയങ്ങളുടെ വൈവിധ്യപൂർണമായ സങ്കലനമാണ് ഈ പുസ്തകത്തെ ആകർഷകമാക്കുന്ന പ്രധാന ഘടകം.

ബഹുമുഖ പ്രതിഭയായിരുന്നു സുകുമാർ അഴീക്കോട്‌. പ്രഭാഷകൻ, ഗ്രന്ഥകാരൻ, സാഹിത്യവിമർശകൻ, സാമൂഹികനിരീക്ഷകൻ, പത്രാധിപർ, അക്കാദമിക് വിദഗ്ധൻ, അധ്യാപകൻ തുടങ്ങി ഒട്ടേറെ വേഷങ്ങളിൽ അദ്ദേഹം മലയാളത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ ഏറെക്കാലം നിറഞ്ഞാടുകയുണ്ടായി. സൂര്യനുതാഴെയുള്ള സകലതിനെക്കുറിച്ചും പഠിക്കാനും നിരീക്ഷിക്കാനും ഔത്സുക്യം കാണിച്ച അഴീക്കോട്‌ ധിഷണയുടെ ഒരിക്കലുമൊഴിയാത്ത ആവനാഴിയായിരുന്നു. ഭാരതീയ, വൈദേശിക സാഹിത്യങ്ങളിൽ അപാരമായ അറിവുണ്ടായിരുന്നു അദ്ദേഹത്തിന്.

വിദ്യാഭ്യാസ, പരിസ്ഥിതി വിഷയങ്ങളിലെ അദ്ദേഹത്തിന്റെ സംഭാവനകൾ വളരെ വലുതാണ്. അവയ്‌ക്കൊപ്പം സ്പോർട്സ്, ചലച്ചിത്രം തുടങ്ങി സാധാരണക്കാരായ ആളുകളെ ആകർഷിക്കുന്ന വിഷയങ്ങളെയും ഒരേ ധൈഷണിക തൃഷ്ണയോടെ സമീപിച്ചു എന്നു മാത്രമല്ല അവയെക്കുറിച്ചെല്ലാം ആധികാരികമായ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും അദ്ദേഹം തയ്യാറായി. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ശരാശരി മലയാളി അഴീക്കോടിനെ കണ്ടത് ഉന്നതനായൊരു പ്രഭാഷകനായാണ്. ആ കലയിൽ പണ്ഡിതരേയും സാധാരണക്കാരേയും ഒരുപോലെ ആകർഷിക്കാനും വിസ്മയിപ്പിക്കാനുമുള്ള അസാധാരണ പ്രതിഭ അദ്ദേഹത്തിന്റെ മാത്രം സവിശേഷതയായിരുന്നു.

അഴീക്കോടിന്റെ ധൈഷണിക ജീവിതത്തിന്റെ വളർച്ചക്ക് ഇന്ധനം നൽകിയ മൂന്ന് പ്രഭാവങ്ങളെക്കുറിച്ച് അദ്ദേഹം തന്റെ മാസ്റ്റർപീസെന്നു വിശേഷിപ്പിക്കാവുന്ന തത്വമസിയുടെ ആമുഖത്തിൽ പരാമർശിക്കുന്നുണ്ട്. സാഹിത്യം, ഗാന്ധിജി, ഉപനിഷത്ത് എന്നിവയത്രെ ആ പ്രഭാവങ്ങൾ. സാഹിത്യം വൈകാരികാനുഭൂതിയേയും ഗാന്ധിജി കർമാനുഭൂതിയെയും ഉപനിഷത്ത് ആത്മീയാനുഭൂതിയേയും പ്രദാനം ചെയ്തു എന്ന് അദ്ദേഹം പറയുന്നു. ഇവയിൽ ഉപനിഷത്തിനെക്കുറിച്ച് താൻ വളരെ കുറച്ചു മാത്രമേ എഴുതിയിട്ടുള്ളൂവെന്നും എന്നാൽ അതാണ് തന്റെയുള്ളിലെ ഏറ്റവും പ്രബലമായ പ്രഭാവമെന്നും അഴീക്കോട് വെളിപ്പെടുത്തുന്നുണ്ട്.

വാഗ്ഭടാനന്ദന്റെ ആത്മവിദ്യ എന്ന ഗ്രന്ഥമാണ് ഉപനിഷത്ത് ദർശനങ്ങളിലേക്കും ഭാരതീയചിന്തയിലേക്കും അഴീക്കോടിനെ കൂട്ടിക്കൊണ്ടുപോയത്. തന്റെ ജീവിതത്തെ ഏറ്റവുമധികം പ്രചോദിപ്പിച്ച ഗ്രന്ഥമാണ് ആത്മവിദ്യ എന്ന് അദ്ദേഹം പറയുന്നു. “ശുദ്ധവും അസകലിതവുമായ അദ്വൈതം പഠിക്കാൻ മലയാള ഭാഷയിലുള്ള ഉത്തമമായൊരു പ്രവേശികയാണ് ആത്മവിദ്യ.’ തത്വമസി അഴീക്കോട് സമർപ്പിച്ചിരിക്കുന്നതുതന്നെ വാഗ്ഭടാനന്ദനാണല്ലോ.

പരന്നതും അഗാധവുമായ വായനയിലൂടെ സ്വാംശീകരിച്ചെടുത്ത അറിവും ആഴമുള്ള ചിന്തയും കൊണ്ട് സാഹിത്യ വിമർശത്തിനും സാമൂഹിക വിമർശത്തിനും ഉന്നതമായൊരു ധൈഷണികമാനം നൽകിയ സുകുമാർ അഴീക്കോട് ജീവിതത്തിന്റെ പടിയിറങ്ങിയിട്ട് പതിനാല് വർഷം പൂർത്തിയാകുന്നു. ഈ കാലഘട്ടത്തിനിടയിൽ അദ്ദേഹത്തിന്റെ അഭാവം നമ്മുടെ സാമൂഹികസാംസ്‌കാരിക രംഗത്ത് ആഴമേറിയ വിള്ളലുകൾ സൃഷ്ടിച്ചു എന്നത് സത്യമാണ്. സാഹിത്യവിമർശവും സാമൂഹിക വിമർശവും ഈ കാലം കൊണ്ട് വരണ്ടുണങ്ങിപ്പോയിട്ടുണ്ട് എന്ന വസ്തുതയും വിസ്മരിക്കാവുന്നതല്ല. അപ്പോഴും രേഖപ്പെടുത്തിവെച്ച തന്റെ നിരവധി പ്രഭാഷണങ്ങളിലൂടെ, വരിഷ്ഠമായ ഒട്ടേറെ ഗ്രന്ഥങ്ങളിലൂടെ അഴീക്കോടിന്റെ ശബ്ദം, വൈക്കം മുഹമ്മദ്‌ ബഷീർ വിശേഷിപ്പിച്ച ആ സാഗരഗർജനം നമ്മുടെ സാമൂഹികാന്തരീക്ഷത്തിൽ ഇനിയും ഏറെക്കാലം മുഴങ്ങിക്കൊണ്ടിരിക്കുമെന്നതിൽ സംശയമില്ല.

Content Highlights:
The cultural and intellectual spheres of Kerala celebrate the birth centenary of Professor Sukumar Azhikode. Known for his monumental work Tathvamasi and unparalleled social criticism, he profoundly shaped the modern Malayalam mindset. His timeless speeches and writings continue to inspire generations across the state.

 

Latest