Connect with us

International

റഷ്യയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് നൽകി പിന്നീട് പിൻവലിച്ചു

കിഴക്കൻ മേഖലയിലെ കാംചത്ക തീരത്തിന് സമീപമാണ് 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്

Published

|

Last Updated

മോസ്കോ | റഷ്യയുടെ കിഴക്കൻ മേഖലയിലെ കാംചത്ക തീരത്തിന് സമീപം 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. ഇതേ തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു.

ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസിന്റെ (GFZ) കണക്കുകൾ പ്രകാരം, നേരത്തെ ഉണ്ടായ ഒരു ഭൂകമ്പത്തിന് തൊട്ടുപിന്നാലെ 10 കിലോമീറ്റർ ആഴത്തിലാണ് കാംചത്കയുടെ കിഴക്കൻ തീരത്ത് വീണ്ടും ഭൂകമ്പം ഉണ്ടായത്. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (EMSC) റിപ്പോർട്ട് പ്രകാരം ഭൂകമ്പത്തിന് 7.4 തീവ്രത രേഖപ്പെടുത്തി. ആദ്യം 6.7 തീവ്രത രേഖപ്പെടുത്തിയത് പിന്നീട് 7.4 ആയി പുതുക്കുകയായിരുന്നു.

കമാൻഡർ ദ്വീപുകളിലെ ജനവാസം കുറഞ്ഞ അല്യൂട്സ്കി ജില്ലയിൽ 60 സെന്റീമീറ്റർ വരെ ഉയരമുള്ള തിരമാലകൾ എത്താൻ സാധ്യതയുണ്ടെന്ന് റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു. കിഴക്കൻ കാംചത്കയിലെ ഉസ്റ്റ്-കാംചത്സ്കി മേഖലയിൽ 40 സെന്റീമീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാമെന്നും, പെട്രോപാവ്ലോവ്സ്ക്-കാംചത്സ്കി നഗരപ്രദേശത്ത് (ഈ ഉപദ്വീപിന്റെ തെക്കുകിഴക്കൻ ഭാഗത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശം) 15 സെന്റീമീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, യുഎസ് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം ഹവായ് സംസ്ഥാനത്തിന് നൽകിയിരുന്ന സുനാമി മുന്നറിയിപ്പ് റദ്ദാക്കി. നിലവിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Latest