Connect with us

Kerala

പിങ്ക് പോലീസ് ഉദ്യോഗസ്ഥക്കെതിരെ കര്‍ശന നടപടി വേണം: ജയചന്ദ്രന്റെ മകള്‍ ഹൈക്കോടതിയില്‍

ആറ്റിങ്ങലില്‍ വെച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പോലീസില്‍ നിന്ന് ദുരനുഭവമുണ്ടായത്.

Published

|

Last Updated

കൊച്ചി| മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍ പിങ്ക് പോലീസ് പരസ്യ വിചാരണയ്ക്കിരയാക്കിയ ജയചന്ദ്രന്റെ മകള്‍ ഹൈക്കോടതിയില്‍. പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന ചെയ്യാത്ത തെറ്റിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥ തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചുവെന്നും അച്ഛന്റെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

മൊബൈല്‍ ഫോണ്‍ ഉദ്യോഗസ്ഥയുടെ ഹാന്റ്ബാഗില്‍ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തി. എന്നാല്‍ പോലീസിന്റെ പീഡനത്താല്‍ ഞങ്ങള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും കുറ്റക്കാരിയായ ഉദ്യോഗസ്ഥയെ എന്നിട്ടും പോലീസും സര്‍ക്കാരും സംരക്ഷിക്കുകയാണെന്നുമാണ് ആരോപണം. ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ആരോപണവിധേയയായ രജിതയുടെ താല്‍പര്യ പ്രകാരം സ്ഥലം മാറ്റം നല്‍കുകയാണ് ചെയ്തതെന്നും ഹര്‍ജിയില്‍ പറയുന്നു. ചെയ്യാത്ത തെറ്റിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട തങ്ങള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും പെണ്‍കുട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ആറ്റിങ്ങലില്‍ വെച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പോലീസില്‍ നിന്ന് ദുരനുഭവമുണ്ടായത്. തന്റെ മൊബൈല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് അച്ഛനെയും മകളെയും പോലീസ് ഉദ്യോഗസ്ഥയായ രജിത നടുറോഡില്‍ വെച്ച് ആളുകള്‍ നോക്കിനില്‍ക്കെ ചോദ്യം ചെയ്തത്. പോലീസ് വാഹനത്തിലെ ബാഗില്‍ നിന്നും മൊബൈല്‍ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നില്‍ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്. അന്വേഷണം നടത്തിയ ആറ്റിങ്ങല്‍ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. പിന്നാലെ രജിതയുടെ നടപടി നല്ലനടപ്പ് പരിശീലനത്തില്‍ ഒതുക്കുകയും ചെയ്തു.