Kerala
കത്തിയുടെ പേരില്‍ വഴക്ക്; പാറശ്ശാല പൊഴിയൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
വ്ളാത്താങ്കര സ്വദേശി കുളത്തൂര്‍ അരുവല്ലൂര്‍ ഊടുപോക്കിരി കുന്നന്‍വിള വീട്ടില്‍ മനോജ് (40) ആണ് കൊല്ലപ്പെട്ടത്. പനകയറ്റ തൊഴിലാളിയായ പ്രതി ശശിധരനായി അന്വേഷണം.
തിരുവനന്തപുരം | പാറശ്ശാല പൊഴിയൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. വ്ളാത്താങ്കര സ്വദേശി കുളത്തൂര്‍ അരുവല്ലൂര്‍ ഊടുപോക്കിരി കുന്നന്‍വിള വീട്ടില്‍ മനോജ് (40) ആണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിനിടെയാണ് കൊലപാതകം. സംഭവത്തില്‍ പനകയറ്റ തൊഴിലാളിയായ പ്രതി ശശിധരനായി പോലീസ് അന്വേഷണം നടത്തിവരികയാണ്.
ഇന്ന് വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. തന്റെ കൈവശമുണ്ടായിരുന്ന കത്തി ശശിധരന്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മനോജ് വഴക്കിട്ടു. തുടര്‍ന്ന് ശശിധരന്റെ മുഖത്ത് ഇടിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ശശിധരന്‍ പനചെത്തു കത്തി ഉപയോഗിച്ച് മനോജിന്റെ കൈയിലും കാലിലും വെട്ടുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊഴിയൂര്‍ പോലീസ് സ്ഥലത്തെത്തി. ഗുരുതരമായി പരുക്കേറ്റ മനോജിനെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മനോജ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പാറശ്ശാല പോലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.



