Saudi Arabia
സഊദിയില്‍ നാളെ താപനില പൂജ്യത്തിന് താഴെയാകും: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
വടക്ക്, മധ്യ, കിഴക്കന്‍ മേഖലകളില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു താഴെയാകും. ജാഗ്രത പാലിക്കണം. കാലാവസ്ഥാ അപ്ഡേറ്റുകള്‍ നിരീക്ഷിക്കണം.
തബൂക്ക് | സഊദിയില്‍ വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില മൂന്ന് ഡിഗ്രി മുതല്‍ -1 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയുമെന്നും ബുധനാഴ്ച മുതല്‍ ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നല്‍കി. വടക്ക്, മധ്യ, കിഴക്കന്‍ മേഖലകളില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു താഴെയാകും. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ അപ്ഡേറ്റുകള്‍ നിരീക്ഷിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ അന്തരീക്ഷം തണുത്ത വായു തരംഗവും താപനിലയില്‍ ഗണ്യമായ കുറവും സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇതിന്റെ ഫലമായി താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ ശനിയാഴ്ച വരെ തുടരും. ഇത് രാജ്യത്തെ എട്ട് പ്രധാന പ്രദേശങ്ങളെയാണ് ബാധിക്കുക.
തബൂക്ക്, അല്‍-ജൗഫ്, വടക്കന്‍ അതിര്‍ത്തികള്‍, ഹായില്‍, മദീന മേഖലയുടെ വടക്കന്‍ ഭാഗം എന്നിവയാണ് ഏറ്റവും തണുപ്പ് അനുഭവപ്പെട്ടേക്കുന്ന പ്രദേശങ്ങളെന്നും കാലാവസ്ഥാ വ്യതിയാനങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി ഔദ്യോഗിക വക്താവ് ഹുസൈന്‍ അല്‍-ഖഹ്താനി പറഞ്ഞു.




