Kerala
സ്വകാര്യ ബസുകള്‍ വാതില്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്നതിനെതിരെ കര്‍ശന നടപടി വേണം: മനുഷ്യാവകാശ കമ്മീഷന്‍
ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ കാരണം മനുഷ്യ ജീവന്‍ നഷ്ടമാകാതിരിക്കാന്‍ തക്ക നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ഗതാഗത കമ്മീഷണര്‍ക്ക് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നിര്‍ദേശം നല്‍കി.

പത്തനംതിട്ട | സ്വകാര്യ ബസുകള്‍ വാതില്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്നതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ കാരണം മനുഷ്യ ജീവന്‍ നഷ്ടമാകാതിരിക്കാന്‍ തക്ക നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ഗതാഗത കമ്മീഷണര്‍ക്ക് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നിര്‍ദേശം നല്‍കി. വാതില്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്നതു കാരണം യാത്രക്കാര്‍ റോഡിലേക്ക് തെറിച്ചുവീണ് അപകടം പതിവാകുന്നതായി പരാതിപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ അക്ബര്‍ അലി സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
ഇത്തരം അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ആല്‍ഫ എന്ന പേരില്‍ ഒരു സ്പെഷ്യല്‍ ഡ്രൈവ് മേയ്, ജൂണ്‍ മാസങ്ങളില്‍ നടത്തിയിട്ടുള്ളതായി ഗതാഗത കമ്മീഷണര്‍ കമ്മീഷനെ അറിയിച്ചു. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ക്കെതിരെ തുടര്‍ന്നും കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവിനു ശേഷവും വാതില്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ വീഡിയോ തെളിവ് പരാതിക്കാരന്‍ ഹാജരാക്കി. തുടര്‍ന്നാണ് കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.