Connect with us

K Muraleedharan

രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്താം: മുരളീധരന്റെ പ്രസ്താവന ഹൃദയ വേദനയോടെ

പാര്‍ട്ടി പദവികളില്‍ ആരുമല്ലാതാവുന്നു

Published

|

Last Updated

കോഴിക്കോട് | സേവനം വേണ്ടെന്ന് പറഞ്ഞാല്‍ മതി, രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്താം എന്ന കെ മുരളീധരന്റെ പ്രതികരണം മുതിര്‍ന്ന നേതാവിന്റെ ആഴത്തിലുള്ള ഹൃദയ വേദനയില്‍ നിന്ന്.

കെ സുധാകരന്റെ നേതൃത്വത്തെ വിമര്‍ശിച്ച എം കെ രാഘവന്‍ എം പിയെ പിന്‍തുണച്ചതിന്റെ പേരില്‍, പാര്‍ട്ടി കത്തുനല്‍കി എന്ന വാര്‍ത്തയോടു പ്രതികരിച്ചുകൊണ്ടാണു കെ മുരളീധരന്‍ ഇങ്ങനെ പറഞ്ഞത്.

അത്യന്തം നിരാശനായ ഒരു രാഷ്ട്രീയ നേതാവില്‍ നിന്നു പുറത്തുവരുന്ന വാക്കുകളാണ് മുരളീധരന്‍ പറഞ്ഞത്. പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ ഇല്ലെന്നും പാര്‍ട്ടിയെ അര്‍ധ കേഡര്‍ പാര്‍ട്ടിയാക്കുകയാണെന്നു പ്രഖ്യാപിച്ച കെ സുധാകരനും വി ഡി സതീശനും സ്വന്തം താല്‍പര്യങ്ങള്‍ പാര്‍ട്ടിയില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നുമുള്ള എം കെ രാഘവന്റെ ആരോപണമാണു കെ മുരളീധരന്‍ ശരിവച്ചത്. അതിന്റെ പേരിലാണ് രാഘവനേയും മുരളീധരനേയും ശിക്ഷിക്കാന്‍ നീക്കം നടക്കുന്നത്.

മുന്‍ കെ പി സി സി പ്രസിഡന്റ് എന്ന പദവിയുള്ളതിനാല്‍ ഉന്നതതല യോഗങ്ങളിലെല്ലാം പങ്കെടുക്കാന്‍ അര്‍ഹനായ നേതാവാണു കെ മുരളീധരന്‍. എന്നാല്‍ അദ്ദേഹത്തിനു തന്റെ എം പി പദവിയില്‍ ഒതുങ്ങി കഴിയേണ്ട അവസ്ഥയാണ് ഏറെക്കാലമായി പാര്‍ട്ടിയില്‍ ഉള്ളത്.

പാര്‍ട്ടി പദവികളില്‍ നിന്നു മുതിര്‍ന്ന നേതാക്കള്‍ക്കളുടെ വേരറുക്കുന്ന കെ സുധാകരന്‍- സതീശന്‍ നീക്കങ്ങളാണ് മുതിര്‍ന്ന നേതാക്കളെ അങ്കലാപ്പിലാക്കുന്നത്. എം പി സ്ഥാനം ഇല്ലാതായാല്‍ പാര്‍ട്ടിയില്‍ ആരുമല്ലാതാകുന്നതോടെ രാഷ്ട്രീയത്തില്‍ നിന്നു വിരമിക്കേണ്ട അവസ്ഥ വന്നേക്കുമോ എന്നു മുതിര്‍ന്ന നേതാക്കളെല്ലാം ഭയപ്പെടുന്നു.

സി പി എം, നേതാക്കള്‍ക്കു പ്രായ പരിധി നിശ്ചയിച്ചതു പോലെ അര്‍ധ കേഡര്‍ പാര്‍ട്ടിയായ കേരളത്തിലെ കോണ്‍ഗ്രസ്സും പ്രായ പരിധി കൊണ്ടുവന്നു തങ്ങളെ തഴയുമോ എന്ന ആശങ്ക മുതിര്‍
ന്ന നേതാക്കളില്‍ ശക്തമാണ്. പാര്‍ട്ടിയില്‍ ഗ്രൂപ്പില്ലാതാക്കാനുള്ള നീക്കം അച്ചടക്കത്തിന്റെ വാള്‍ ഉപയോഗിച്ചു നടപ്പാക്കിയെങ്കിലും തങ്ങള്‍ക്കു താല്‍പര്യമുള്ളവരെ സ്ഥാനങ്ങളില്‍ എത്തിക്കുന്നതില്‍ സുധാകരനും സതീശനും ചരടുവലിക്കുന്നതും നേതാക്കള്‍ കണ്ടുനില്‍ക്കുകയാണ്. ഇതാണ് ഇപ്പോള്‍ വിവിധ നേതാക്കളില്‍ നിന്നു രോഷമായി പുറത്തുവരുന്നത്.

പാര്‍ട്ടിയില്‍ അഭിപ്രായം പറയാന്‍ വേദി വേണമെന്ന ആവശ്യം കെ മുരളീധരന്‍ ആവര്‍ത്തിക്കുകയാണ്. പാര്‍ട്ടിക്കുള്ളില്‍ ശരിയായ ചര്‍ച്ച നടക്കുന്നില്ല. അത് കോണ്‍ഗ്രസ് നേതാക്കളുടെ പൊതുവികാരമാണെന്നും കെ മുരളീധരന്‍ ആവര്‍ത്തിക്കുന്നു.

യു ഡി എഫ് കണ്‍വീനര്‍, പ്രതിപക്ഷ നേതാവ്, എം എല്‍ എ എന്നീ മൂന്നു പദവികള്‍ വി ഡി സതീശന്‍ കൈയ്യില്‍ വച്ചിരിക്കുന്നതില്‍ മുരളീധരന് അതൃപ്തിയുണ്ട്. യു ഡി എഫ് കണ്‍വീനര്‍ ചര്‍ച്ച നടന്നപ്പോള്‍ മുരളീധരന്റെ പേര് ഉയര്‍ന്നു വന്നിരുന്നു. മുരളീധരന് ആ പദവി ഏറ്റെടുക്കാന്‍ താല്‍പര്യവും ഉണ്ടായിരുന്നു. ആസൂത്രിത നീക്കത്തിലൂടെ മുരളീധരനെ മാറ്റി നിര്‍ത്തുകയായിരുന്നു. പിന്നീട് അച്ചടക്കത്തിന്റെ പേരില്‍ വായ മൂടിക്കെട്ടുകയും ചെയ്തു. തന്റെ പിതാവ് കെ കരുണാകരന്‍ രൂപം നല്‍കിയ യു ഡി എഫ് സംവിധാനത്തെ നയിക്കാന്‍ താന്‍ എന്തുകൊണ്ടും അര്‍ഹനാണെന്നു മുരളീധരന്‍ കരുതുന്നു.

യു ഡി എഫ് ഇത്രത്തോളം ദുര്‍ബലമായ കാലമില്ലെന്നും ഈ അവസ്ഥ തുടര്‍ന്നാല്‍ കേരള ഭരണത്തില്‍ തിരിച്ചെത്താന്‍ യു ഡി എഫിനാവില്ലെന്നുമാണു മുരളീധരന്റെ വിലയിരുത്തല്‍.
വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിലും യു ഡി എഫിനു കഴിഞ്ഞ വിജയം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നു മുരളീധരന്‍ വിശ്വസിക്കുന്നു. ഇത്തരം പരാജയ ഭീതി തന്നെയാണ് പാര്‍ട്ടി പദവികളില്‍ ഇടം വേണമെന്ന ആവശ്യങ്ങള്‍ ശക്തമാകാന്‍ കാരണം.
പാര്‍ട്ടി പദവികള്‍ ഇല്ലെങ്കില്‍ തങ്ങളെ വിശ്വസിച്ചു കൂടെ നില്‍ക്കുന്ന അണികളെ സംരക്ഷിക്കാന്‍ കഴിയില്ല. സ്വന്തമായി അണികളുടെ സഞ്ചയം ഇല്ലാത്ത നേതാക്കള്‍ക്ക് കോണ്‍ഗ്രസ്സില്‍ വിലപേശല്‍ ശക്തി ഇല്ലാതാവും.

താന്‍ ലോകസഭയിലേക്കു തന്നെ വീണ്ടും മത്സരിക്കുമെന്ന ആഗ്രഹം കെ മുരളീധരന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. നിയമ സഭയിലേക്ക് ഇനിയില്ലെന്ന പ്രഖ്യാപനമായിരുന്നു അത്. ലോകസഭാ തിരഞ്ഞെടുപ്പിന് 2024 വരെ സമയമുള്ളപ്പോഴായിരുന്നു മുരളീധരന്‍ സ്വയം തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.

നേരത്തെ പിതാവിനൊപ്പം കൊണ്‍ഗ്രസ് വിടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്ത ശേഷം പാര്‍ട്ടി പദവികളില്‍ പ്രബലമായൊരു സ്ഥാനം ലഭിക്കാത്തതില്‍ മുരളീധരനു വിഷമമുണ്ട്. ഹൈക്കമാന്‍ഡില്‍ ഓപ്പറേഷന്‍ നടത്താനുള്ള സാധ്യതകളില്ലാത്തതാണ് മുരളീധരനു തിരിച്ചടിയാവുന്നത്.

ഈ പ്രതിസന്ധിക്കിടയിലും പാര്‍ട്ടിയിലെ ജനാധിപത്യ സംവിധാനം ഉപയോഗിച്ചുകൊണ്ട് ആവുംവിധം തന്റെ വികാരം പ്രകടിപ്പിക്കാനാണു മുരളീധരന്‍ ശ്രമിക്കുന്നത്.

പാര്‍ട്ടിയില്‍ ‘ക്രൗഡ് പുള്ളര്‍’ എന്ന പഴയ പദവി ഇപ്പോഴും ഉള്ള തന്നെ പാര്‍ട്ടി ഉപയോഗപ്പെടുത്തുന്നില്ല എന്ന വികാരം തന്നെയാണ് ഇപ്പോള്‍ മുരളീധരന്റെ വാക്കുകളിലൂടെ പുറത്തുവരുന്നത്. തന്റെ സേവനം ആവശ്യമില്ലെങ്കില്‍ അതുപറഞ്ഞാല്‍ മതിയെന്ന് അത്യന്തം വേദനയോടെ മുരളീധരന്‍ പ്രതികരിക്കുന്നതും ഈ സാഹചര്യത്തിലാണ്.

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest