Connect with us

Kerala

പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു; സിപിഎമ്മിനെ പോലെ കേഡര്‍ സംവിധാനത്തിലേക്ക് പാര്‍ട്ടിയെ കൊണ്ടുപോകാന്‍ യൂത്ത് കോണ്‍ഗ്രസിനാകുന്നില്ല: പി ജെ കുര്യന്‍

തന്നെ സാറെ എന്ന് വിളിക്കാന്‍ ആരോടും പറഞ്ഞിട്ടില്ല. കുര്യന്‍ എന്ന് വിളിച്ചാല്‍ മതി. അല്ലെങ്കില്‍ എങ്ങനെ വേണമെങ്കിലും വിളിക്കാം. ഇനി എടോ എന്നുവേണമെങ്കിലും വിളിക്കാം

Published

|

Last Updated

പത്തനംതിട്ട |  യൂത്ത് കോണ്‍ഗ്രസിനെതിരായ വിമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നവെന്ന് കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. തന്റെ പ്രസ്താവന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലെണെന്നും അതില്‍ ദുരുദ്ദേശ്യമായി ഒന്നുമില്ലെന്നും പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും പിജെ കുര്യന്‍ പ്രതികരിച്ചു.

യോഗത്തില്‍ പറഞ്ഞത് സദുദ്ദേശ്യപരമായ നിര്‍ദേശമാണ്. ബഹൂഭൂരിപക്ഷം പഞ്ചായത്തുകളിലും യൂത്ത് കോണ്‍ഗ്രസിന് മണ്ഡലം പ്രസിഡന്റുമാരില്ല. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയിക്കണമെങ്കില്‍ ഓരോ പഞ്ചായത്തിലും കമ്മിറ്റികള്‍ വേണം. സമരത്തില്‍ പങ്കെടുത്താല്‍ ടിവിയില്‍ വരും. അതില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ജില്ലാ നേതൃത്വം പഞ്ചായത്തുകളിലേക്ക് പോകണമെന്നാണ് താന്‍ പറഞ്ഞത്.അത് പാര്‍ട്ടിക്കുവേണ്ടി പറഞ്ഞ അഭിപ്രായമാണെന്നും കുര്യന്‍ പറഞ്ഞു. അതില്‍ എവിടെയാണ് ദോഷമെന്ന് അറിയില്ല. ആരെയും വിമര്‍ശിച്ചിട്ടില്ല. പാര്‍ട്ടിയുടെ താത്പര്യം നോക്കി ഉത്തമബോധ്യമുള്ള കാര്യമാണ് പറഞ്ഞത്. ഇപ്പോഴും തന്റെ അഭിപ്രായം ഇതാണ്. ടിവിക്കും സോഷ്യല്‍മീഡിയക്കും പുറത്തുമുള്ള നാല്‍പ്പത് ശതമാനം പേരെ ആര് അഡ്രസ് ചെയ്യുമെന്നും കുര്യന്‍ ചോദിച്ചു.

ചിലയിടങ്ങളില്‍ ഒരു ബൂത്തില്‍ ഒരാള്‍ പോലുമില്ല. അത് പരിഹരിക്കേണ്ടത് യൂത്ത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമാണ്. സിപിഎമ്മം ശക്തമായ കേഡര്‍ പാര്‍ട്ടിയാണ്, ആ നിലയിലേക്ക് കോണ്‍ഗ്രസിനെ കൊണ്ടുപോകേണ്ടത് യൂത്ത് കോണ്‍ഗ്രസ് ആണ്. മുന്‍പ് അങ്ങനെയായിരുന്നു. .കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്റെ ജില്ലയില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ മത്സരിച്ചപ്പോള്‍ ആരെങ്കിലും ജയിച്ചോയെന്നും കുര്യന്‍ ചോദിച്ചു

സീനിയര്‍ നേതാവെന്ന നിലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സഹായിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. തന്നെ സാറെ എന്ന് വിളിക്കാന്‍ ആരോടും പറഞ്ഞിട്ടില്ല. തന്നെ കുര്യന്‍ എന്ന് വിളിച്ചാല്‍ മതി. അല്ലെങ്കില്‍ എങ്ങനെ വേണമെങ്കിലും വിളിക്കാം. ഇനി എടോ എന്നുവേണമെങ്കിലും വിളിക്കാം. ചിലര്‍ കുര്യന്‍ സാറെ എന്നുവിളിക്കുന്നത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണെന്നും പിജെ കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

Latest